Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം, 2018 ലോകകപ്പിൽ റാണി ‌റാംപാൽ കരഞ്ഞ് പറഞ്ഞു, സിനിമയെ വെല്ലും ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയഗാഥയുടെ കഥ

ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം, 2018 ലോകകപ്പിൽ റാണി ‌റാംപാൽ കരഞ്ഞ് പറഞ്ഞു, സിനിമയെ വെല്ലും ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയഗാഥയുടെ കഥ
, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (12:50 IST)
2018ലെ വനിതാ ലോകകപ്പ് ഹോക്കി മത്സരങ്ങൾ ശരാശരി ഇന്ത്യൻ കായികപ്രേമിക്ക് ഓർമയുണ്ടാകണം എന്നില്ല. ക്രിക്കറ്റ് മത്സരങ്ങളിൽ മാത്രം ആവേശം കൊള്ളുന്ന വലിയവിഭാഗം കായികപ്രേമികളിൽ നിന്ന് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തങ്ങളെ പിന്തുണയ്ക്കണമെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്‌റ്റൻ റാണി ‌റാംപാൽ പരസ്യമായി ആവശ്യപ്പെടുന്നത് അന്നാണ്. ഇന്നിപ്പോൾ ചരിത്രത്തിലാദ്യമായി ഒളി‌മ്പിക്‌സ് മത്സരത്തിൽ സെമി ഫൈനലിലെത്തി നിൽക്കുമ്പോഴും ടീമിന്റെ അമരത്ത് റാണി റാംപാൽ തന്നെയാണ്.
 
എന്നാൽ മുൻപ് കളി കാണാൻ കാണികളോട് അപേക്ഷിക്കേണ്ടതിൽ നിന്ന് മാറി വനിതകളുടെ വിജയം ആഘോഷിക്കുകയാണ് ഇന്ത്യൻ കായികപ്രേമികൾ. ഹോക്കിയിലെ തിരിച്ചുവരവിന്റെ കഥ പറഞ്ഞ ചക്ക് ദേ ഇന്ത്യയെ നാണിപ്പിക്കുന്ന ട്വിസ്റ്റ്.
 
 
ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ഗോള്‍ നേടിയത് മാത്രമല്ല ഓസ്‌ട്രേലിയയെ പ്രതിരോധത്തില്‍ ശരിക്കും പൂട്ടിയാണ് വനിതകളുടെ പോരാട്ടം ഒരുപടി കടന്ന് മുന്നോട്ട് പോയത്.ഇന്ത്യയുടെ പ്രതിരോധക്കോട്ട പൊളിക്കാൻ ഒരിക്കൽ പോലും ഓസീസിനായില്ല.
 
വനിതാ ഹോക്കി ടീമിന്റെ മൂന്നാമത്തെ മാത്രം ഒളിമ്പിക്‌സ് ആണിത്. 1980ലും 2016ലും മാത്രമാണ് വനിതാ ടീം ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. മൂന്നാമത്തെ ഒളിമ്പിക്‌സില്‍ തന്നെ ടീം ചരിത്രമെഴുതി സെമിയില്‍ കടന്നിരിക്കുന്നു എന്നത് ഏതൊരു കായികപ്രേമിയേയും ആവേശത്തിലാഴ്ത്തുന്നതാണ്. ഒരു സിനിമാക്കഥയെ വെല്ലുന്ന ഉയർത്തെഴുന്നേൽപ്പിന്റെ കഥ കൂടി പറയാനുണ്ട് ഇത്തവണത്തെ വനിതാ ടീമിന്.
 
ഗ്രൂപ്പ് ഘട്ടത്തിൽ നെതർലാന്റ്‌സിനെതിരെ (5-1)ന് തോൽവി അടുത്ത മത്സരത്തിൽ ജർമനിയുമായി (2-1)ന്റെ തോൽവി. ഇംഗ്ലണ്ടുമായി (4-1)ന്റെ തോൽവി. തീർത്തും എല്ലാവാരാലും എഴുതിതള്ളിപ്പെട്ട ടീം പിന്നീട് സ്വപ്‌നസമാനമായ തിരിച്ചുവരവായിരുന്നു ഒളിമ്പിക്‌സിൽ നടത്തിയത്. പിന്നീട് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അയർലാന്റിനെ ഒരു ഗോളിനും സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരെ നാലു ഗോളുകൾക്കും പരാജയപ്പെടുത്തി പ്രയാസപ്പെട്ടാണ് ടീം ഗ്രൂപ്പ് മത്സരങ്ങൾ പിന്നിട്ടത്.
 
എന്നാൽ തുടർന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക രണ്ടാം നമ്പര്‍ ടീമായ ഓസീസിനെതിരെ ലോക ഒമ്പതാം നമ്പറായ വനിതകള്‍ എല്ലാ അര്‍ത്ഥത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഓസീസിനെതിരെ പ്രതിരോധക്കോട്ട കെട്ടിയ ഇന്ത്യൻ നിര ഈ ഈ ഒളിമ്പിക്‌സ് ഇന്ത്യ നേടുന്ന ആദ്യത്തെ പെനാള്‍ട്ടി കോര്‍ണറിലൂടെയാണ് തങ്ങളുടെ വിജയഗോൾ നേടിയത്.
 
 അര്‍ജന്റീന, നെതര്‍ലെന്റ്‌സ്, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ബ്രിട്ടന്‍, ഇവയില്‍ ഏതെങ്കിലും ടീമിനെയാവും ഇന്ത്യ സെമിയില്‍ നേരിടുക. ചാരത്തിൽ നിന്നും പറന്നുയർന്ന വനിതാ ടീം ഈ ഒളിമ്പിക്‌സിന്റെ തന്നെ അമരത്തെത്തില്ലെന്ന് ആര് കണ്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി.വി.സിന്ധുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഐസ്‌ക്രീം കഴിക്കും