അഞ്ച് തവണ ലോക ചെസ് ചാംപ്യനായ വിശ്വനാഥന്‍ ആനന്ദിനോട് മാപ്പ് ചോദിച്ച് സെരോത കോ-ഫൗണ്ടര്‍ നിഖില്‍ കാമത്ത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ചെസ് മത്സരത്തില്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചത് കംപ്യൂട്ടറിന്റെയും ചെസ് കളിയുമായി അറിവുള്ളവരുടെയും സഹായത്തോടെയാണെന്ന് നിഖില്‍ കാമത്ത് സമ്മതിച്ചു.
അക്ഷയ്പത്ര ഫൗണ്ടേഷനാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെസ് മത്സരം നടത്തിയത്. ഈ മത്സരത്തില്‍ വിശ്വനാഥന്‍ ആനന്ദിനെ നിഖില്‍ പരാജയപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെയാണ് മത്സരത്തില്‍ ജയിക്കാന്‍ താന്‍ 'കുറുക്കുവഴി' പ്രയോഗിച്ചതെന്ന വെളിപ്പെടുത്തലുമായി നിഖില്‍ തന്നെ രംഗത്തെത്തിയത്.
'എന്റെ ഏറെ നാളത്തെ സ്വപ്‌നം പൂവണിഞ്ഞ ദിവസമായിരുന്നു ഇന്നലെ. ഞാന്‍ കുട്ടിയായിരുന്ന കാലത്ത് ചെസ് പഠിക്കുമ്പോള്‍ എപ്പോഴെങ്കിലും വിശ്വനാഥന്‍ ആനന്ദുമായി ബന്ധപ്പെടാന്‍ അവസരം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹവുമായി ചെസ് മത്സരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇങ്ങനെയൊരു പരിപാടി നടത്തിയ അക്ഷയ്പത്ര ഫൗണ്ടേഷന് നന്ദി പറയുന്നു. എന്നാല്‍, പലരും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നത് ഞാന്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയെന്നാണ്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ ഞാന്‍ പരാജയപ്പെടുത്തിയതിനു തുല്യമാണ് ആ ചിന്ത. ചെസ് കളിയെ കുറിച്ച് നല്ല അറിവുള്ളവരുടെ സഹായം ഞാന്‍ തേടിയിരുന്നു. കംപ്യൂട്ടറിന്റെ സഹായവും എനിക്ക് ഉണ്ടായിരുന്നു. ഇത് തമാശയായിട്ടാണ് ഞാന്‍ കണ്ടത്. ഇതു കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു,' നിഖിലിന്റെ ക്ഷമാപണത്തില്‍ പറയുന്നു.
എന്നാല്‍, കാര്യങ്ങളെ അത്ര തമാശയായി എടുക്കാന്‍ വിശ്വനാഥന്‍ ആനന്ദ് തയ്യാറല്ല. ചെസിന്റെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് നിഖില്‍ ചെയ്തതെന്ന് ആനന്ദ് പറയുന്നു. ചാരിറ്റിക്ക് വേണ്ടി ചെയ്ത കാര്യത്തിനു കൂടുതല്‍ ഗൗരവം നല്‍കാമായിരുന്നു എന്നാണ് ആനന്ദിന്റെ അഭിപ്രായം. കളിയുടെ മാന്യത പാലിച്ചാണ് താന്‍ മത്സരത്തില്‍ പങ്കെടുത്തതെന്നും എല്ലാവരില്‍ നിന്നും അതേ മാന്യത താന്‍ പ്രതീക്ഷിച്ചിരുന്നെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. ആള്‍ ഇന്ത്യ ചെസ് ഫെഡറേഷനും നിഖില്‍ കാമത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.