ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദയുടെ കുതിപ്പ്. നെതര്‍ലന്‍ഡ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ നാലാം റൗണ്ടിലാണ് ഇന്ത്യന്‍ കൗമാരതാരം ലോകചാമ്പ്യനെ തോല്‍പ്പിച്ചത്. വിജയത്തോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചെസ് താരമെന്ന നേട്ടവും പ്രഗ്‌നാനന്ദ സ്വന്തമാക്കി. അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്നാണ് പ്രഗ്‌നാനന്ദയുടെ കുതിപ്പ്. 2748.3 ആണ് പ്രഗ്‌നാനന്ദയുടെ ഫിഡേ റേറ്റിംഗ്. ആനന്തിന്റെ ഫിഡേ റേറ്റിംഗ് 2748 ആണ്.
ക്ലാസിക്കല്‍ ചെസിലെ നിലവില്‍ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ത. വിശ്വനാഥന്‍ ആനന്ദാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. അതേസമയം ടാറ്റ സ്റ്റീസ് ചെസിലെ ആദ്യ നാലുറൗണ്ടുകളിലെ പ്രഗ്‌നാനന്ദയുടെ ആദ്യവിജയമാണിത്. ആദ്യ റൗണ്ടുകളില്‍ സമനിലയായിരുന്നു താരം നേടിയത്. അതേസമയം കരുത്തനായ ഒരു താരത്തെ തോല്‍പ്പിക്കുന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യലാണെന്ന് പ്രഗ്‌നാനദ വ്യക്തമാക്കി. ക്ലാസിക്കല്‍ ചെസില്‍ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്നത് മികച്ച നുഭവമാണ്. കഴിഞ്ഞതവണ ടൂര്‍ണമെന്റ് മികച്ചതായി തുടങ്ങി പിന്നീട് കളി മോശമായിരുന്നു. അതിനാല്‍ തന്നെ ടൂര്‍ണമെന്റില്‍ ഉടനീളം ഊര്‍ജം നിലനിര്‍ത്തുക എന്നത് പ്രധാനമാണെന്ന് പ്രഗ്‌നാനന്ദ വ്യക്തമാക്കി.