ടോക്കിയോ ഒളിംപിക്‌സില്‍ വനിത വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങാണ് സെമി ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് സെറ്റിനായിരുന്നു തായ് സു യിങ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സിന്ധുവിന് ഇനി ശേഷിക്കുന്നത് വെങ്കല മെഡല്‍ പ്രതീക്ഷ മാത്രം. സെമി ഫൈനലില്‍ തോറ്റവര്‍ തമ്മിലാണ് വെങ്കല മെഡലിനായി പോരാടുക.
സെമി ഫൈനലില്‍ ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒന്നാം സെറ്റിന്റെ ആദ്യ മിനിറ്റുകളിലെല്ലാം സിന്ധു മികച്ച പ്രകടനം നടത്തി. ഒരു സമയത്ത് നാല് പോയിന്റ് വരെ ലീഡ് സിന്ധുവിന് ഉണ്ടായിരുന്നു. എന്നാല്‍, ഒന്നാം ഗെയിമിന്റെ അവസാനത്തോടെ കാര്യങ്ങള്‍ കൈവിട്ടു. 21-18 എന്ന നിലയിലാണ് സിന്ധു ആദ്യ ഗെയ്മില്‍ തോല്‍വി വഴങ്ങിയത്. രണ്ടാം സെറ്റില്‍ സിന്ധുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 21-12 എന്ന നിലയിലാണ് രണ്ടാം സെറ്റ് അവസാനിച്ചത്.