കഴിഞ്ഞ ദിവസമാണ് ഫിഡെ ലോക ചെസ് ലോകകപ്പ് സെമിയില്‍ എത്തിയ പ്രഗ്‌നാനന്ദയുടെ അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സെമി ഫൈനല്‍ കടന്ന് ഫൈനലിലേക്ക് താരം മുന്നേറുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചിത്രം വലിയതോതില്‍ ആഘോഷമാക്കിയിരുന്നു. ആ ചിത്രം പകര്‍ത്തി നാളുകള്‍ കഴിയുമ്പോള്‍ ലോകകിരീടനേട്ടത്തിലേക്ക് ഒരു വിജയത്തിന്റെ മാത്രം ദൂരത്തിലാണ് പ്രഗ്‌നാനന്ദ എന്ന 18 വയസ്സുകാരനായ ഇന്ത്യന്‍ വിസ്മയം.
ലോക ചെസ് ഭൂപടത്തില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു പേരുകൂടി ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ പ്രഗ്‌നാനന്ദയോളം അഭിനന്ദനം അദ്ദേഹത്തിന്റെ അമ്മ നാഗലക്ഷ്മിയും അര്‍ഹിക്കുന്നതാണ്. പ്രഗ്‌നാനന്ദയോടൊപ്പം ഏത് മത്സരങ്ങള്‍ക്കും കൂട്ടിന് വരുന്നതും ചെറുപ്പം മുതല്‍ പിന്തുണയുമായി കൂടെ നില്‍ക്കുന്നതും അമ്മ നാഗലക്ഷ്മിയാണ്. പ്രഗ്‌നാനന്ദ പോകുന്ന ഇടങ്ങളിലെല്ലാാം ഒരു ഇന്‍ഡക്ഷന്‍ സ്റ്റൗവും റൈസ് കുക്കറുമായാണ് നാഗലക്ഷ്മിയുടെ യാത്ര. ടൂര്‍ണമെന്റുകളില്‍ ദൂരെയുള്ള രാജ്യങ്ങളില്‍ മത്സരിക്കുമ്പോള്‍ പോലും വീട്ടിലെ ഭക്ഷണം മാത്രമാണ് പ്രഗ്‌നാനന്ദ കഴിക്കാറുള്ളത്. അതിനാല്‍ തന്നെ മകന്റെ വിജയങ്ങളുടെ ക്രെഡിറ്റ് ഭാര്യയ്ക്ക് നല്‍കുന്നുവെന്ന് പ്രഗ്‌നാനന്ദയുടെ അച്ഛനും പറയുന്നു.
പ്രഗ്‌നാനന്ദയെ പോലെ അദ്ദേഹത്തിന്റെ സഹോദരിയും ഗ്രാന്‍ഡ്മാസ്റ്ററാണ്. കുട്ടികള്‍ ചെറുപ്പത്തില്‍ ടിവി കാണുന്ന ശീലം കുറയ്ക്കാനായാണ് ചെസ്സിലേക്ക് വഴി തിരിച്ചതെന്ന് പിതാവ് രമേശ്ബാബു പറയുന്നു. ഇന്നിപ്പോള്‍ രണ്ട് പേരും ചെസ്സ് പാഷനായി സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നിവെന്നും പിതാവ് പറയുന്നു. അതേസമയം പ്രഗ്‌നാനന്ദയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി ചെസ്സ് ലോകത്തെ ഇതിഹാസതാരമായ ഗാരി കാസ്പറോവും രംഗത്തെത്തി. പ്രഗ്‌നാനന്ദയുടെ അമ്മയേയും പ്രത്യേകമായി കാസ്പറോവ് അഭിനന്ദിച്ചു. പ്രഗ്‌നാനന്ദയുടെ അമ്മയുടെ പിന്തുണ സ്‌പെഷ്യലാണെന്ന് കാസ്പറോവ് ട്വിറ്ററില്‍ കുറിച്ചു.