അറുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ ആദ്യമത്സരം ഇന്ന് നടക്കും. ചണ്ഡിഗഡിനെയാണ് കേരളം എതിരിടുക. എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ് കേരളം യോഗ്യതാറൗണ്‌ട് കളിക്കുന്നത്. നേരത്തെ നാഗാലാന്‍ഡിനെതിരെ മേയ് 24നായിരുന്നു കേരളത്തിന്‍റെ ആദ്യമത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍, നാഗാലാന്‍ഡ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ സെമികാണാതെ പുറത്തായതോടെയാണ് കേരളത്തിന് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നത്. ചണ്ഡിഗഡിനു പുറമേ ഛത്തിസ്ഗഡാണ് കേരളത്തിനൊപ്പം ക്ലസ്റ്റര്‍ ഒന്നിലുള്ളത്. ക്ലസ്റ്ററിലെ ആദ്യ പോരാട്ടത്തില്‍ ഛത്തിസ്ഗഡും ചണ്ഡിഗഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആറു പുതുമുഖങ്ങളടക്കം ശക്തമായ ടീമിനെയാണ് കേരളമിന്ന് കളത്തിലിറക്കുന്നത്. എന്‍ പി പ്രദീപാണ് കേരള ടീം ക്യാപ്റ്റന്‍. കേരളം അഞ്ചു തവണ സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്‍മാര്‍ പഞ്ചാബ്, കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ സര്‍വീസസ്, ബംഗാള്‍, കര്‍ണാടക ടീമുകള്‍ നേരത്തേ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചിരുന്നു. ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെയാണു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ജൂണ്‍ 10 നും 11 നുമായി സെമിയും 14 നു ഫൈനലും നടക്കും.