ആഗോള എണ്ണ വിപണിയിലെ ക്രൂഡോയില്‍ വില കുറഞ്ഞത് ഇന്ത്യയുടെ വ്യാപാര കമ്മി നികത്താന്‍ പര്യാപ്തമാവും എന്നാണ് കരുതുന്നത്. കയറ്റുമതിയും രാജ്യത്തെ വിദേശനാണ്യ ശേഖരം കുറയുകയും ചെയ്താലും എണ്ണ വില കുറഞ്ഞത് വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായകമാവും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലുകള്‍. 2008-09 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 60 ശതമാനത്തോളം വര്‍ദ്ധിച്ച് 73 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ആഗോള എണ്ണ വില ജൂലൈയില്‍ വീപ്പയ്ക്ക് 147 ഡോളറിനു മുകളിലായിരുന്നത് അടുത്തിടെ 40 ഡോളറിലേക്ക് താണിട്ടുണ്ട്. ഇത് ഇനിയുള്ള മാസങ്ങളിലെ ഇന്ത്യയുടെ ഇറക്കുമതിയുടെ മൂല്യം ഗണ്യമായി കുറയ്ക്കും. ഇതാണ് ഫലത്തില്‍ വ്യാപാര കമ്മി കുറയാന്‍ കാരണമാവുന്നത്.
രാജ്യത്തിന്‍റെ മൊത്ത ഇറക്കുമതിയുടെ മൂന്നിലൊന്നിലേറെ വരും എണ്ണ ഇറക്കുമതി മാത്രം. 2008 ഒക്ടോബറില്‍ കയറ്റുമതി 12.1 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2007 ഒക്ടോബറില്‍ കയറ്റുമതി 48.8 ശതമാനം വളര്‍ച്ചയായിരുന്നു കൈവരിച്ചത്.