ആഭ്യന്തര വിപണിയില്‍ കാര്‍ വില വീണ്ടും കൂടിയേക്കുമെന്ന് സൂചന. എങ്കിലും വിലയില്‍ വലിയ വര്‍ദ്ധന ഉണ്ടാവാന്‍ സാധ്യതയില്ല.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വില്‍പ്പന നികുതി 12 ശതമാനത്തില്‍ നിന്ന് 4 ശതമാനം കണ്ട് കുറച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍മ്മാണ കമ്പനികള്‍ വിവിധ മോഡല്‍ കാറുകള്‍ക്ക് വില കുറച്ചിരുന്നു.
ഇതിനൊപ്പം ക്രിസ്മസ്, പുതുവര്‍ഷം എന്നിവയോട് അനുബന്ധിച്ച് സാധാരണ നിലയ്ക്കുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വാഹന വിപണിക്ക്, പ്രത്യേകിച്ച് കാര്‍ വില്‍പ്പനയില്‍ സാമാന്യം വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ തന്നെ ജനറല്‍ മോട്ടേഴ്സ്, ഫോര്‍ഡ്, ടയോട്ട എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇതിനൊപ്പം ഇന്ത്യയിലും വിവിധ കമ്പനികളുടെ വാഹന വില്‍പ്പനയില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്.
എങ്കിലും നിലവിലെ സാഹചര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ അല്ല എന്ന കാരണത്താല്‍ മിക്ക വാഹന നിര്‍മ്മാണ കമ്പനികളും വില നേരിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മാരുതി, ഹ്യുണ്ടായ് എന്നിവയ്ക്കൊപ്പം ടൊയോട്ടയും ജനുവരി ഒന്നോടെ കാര്‍ വില വര്‍ദ്ധിപ്പിക്കും.
ടൊയോട്ടാ കാറുകളില്‍ വിവിധോപയോഗം വാഹനമായ ഇന്നോവയുടെ വില 10,000 രൂപ മുതല്‍ 25,000 രൂപ വരെയും കൊറോള ആള്‍ട്ടിസ് വില 16,000 രൂപ മുതല്‍ 25,000 രൂപ വരെയും വര്‍ദ്ധിക്കുമെന്നാണ് നിലവിലെ സൂചന.
അടുത്തിടെയുണ്ടായ രൂപയുടെ വിനിമയ നിരക്കിലെ തിരിച്ചടി കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നാണെന്ന് കമ്പനികള്‍ പറയുന്നു. എങ്കിലും ടൊയോട്ട കിര്ലോസ്കര് കമ്പനി വില പരമാവധി പിടിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് അവകാശപ്പെടുന്നു.
രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതോടെ വാഹന കയറ്റുമതിക്കുള്ള ചെലവ് ഏറുമെന്നാണ് പറയുന്നത്. കാര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ചില പ്രത്യേകതരം സ്റ്റീല്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുമ്പോള്‍ കനത്ത നഷ്ടമാണുണ്ടാവുന്നത് എന്നതും വില വര്‍ദ്ധിപ്പിക്കാന്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഫോര്‍ഡും കാര്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നു. ഹോണ്ടയുടെ സി.ആര്.-വി മോഡല്‍ കാര്‍ വില ഒരു ലക്ഷം രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം ഡിസംബറിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് നിര്‍മ്മാണ കമ്പനികള്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത് എന്നാണ് ഈ രംഗത്തെ ചില വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകള്‍.
എന്നാല്‍ ടാറ്റാ മോട്ടേഴ്സ്, മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ മോട്ടേഴ്സ് എന്നിവയൊന്നും വില വര്‍ദ്ധന സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.