ഒരു കാലത്ത് അതീവ സമ്പന്നര്‍ക്ക് മാത്രം പ്രാപ്തമായിരുന്ന പ്ലാറ്റിനം ഇന്ന് സാധാരണക്കാരുടെയും ഇഷ്ട ആഭരണമായി മാറുകയാണ്. കാരണം മറ്റൊന്നുമല്ല, വെളുത്ത ലോഹത്തിന്റെ വില കുത്തനെയിടിഞ്ഞതു എന്നത് തന്നെ. അന്താരാഷ്ട്ര വിപണിയില്‍ പ്ലാറ്റിനത്തിന്റെ വില നേര്‍പകുതിയായി കുറഞ്ഞതോടെയാണ് സ്വര്ണ്ണത്തെപ്പോലെത്തന്നെ ആളുകള്‍ കൂടുതലായി പ്ലാറ്റിനത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നത്.
സ്വര്‍ണ്ണവിലയുടെ ഇരട്ടിയെങ്കിലും കൊടുത്താല്‍ മാത്രം ലഭ്യമായിരുന്ന പ്ലാറ്റിനം ആഭരണങ്ങളുടെ വില കുത്തനെയിടിയുകയും സ്വര്‍ണ്ണത്തിന്റെ ഏതാണ്ട് അടുത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 1300 രൂപയോളം വേണ്ടി വരുന്ന സമയത്ത് പ്ലാറ്റിനം ഗ്രാമിന് 1700 രൂപയിലും കുറവ് മാത്രമേ ആകുന്നുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് ഇത് 3200 രൂപയായിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.
പ്ലാറ്റിനത്തിന്റെ വിലയില്‍ ഇപ്പോഴുണ്ടായ കുറവ് ജ്വല്ലറികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കുകയാണ്. ഈ ആഭരണത്തില്‍ കൂടുതല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിയും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത രൂപകല്പനയിലുള്ള ആഭരണങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണവരിപ്പോള്‍. മാത്രമല്ല ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയം പൊതുവെ വിവാഹ സീസണായതിനാല്‍ ഇപ്പോഴത്തെ വിലക്കുറവ് ഉപഭോക്താക്കളെയും ആവേശം കൊള്ളിക്കുന്നുണ്ട്.
പ്ലാറ്റിനത്തിന് വില വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് രണ്ടോ മൂന്നോ മാസത്തിന് ശേഷമുള്ള വിവാഹത്തിന് പോലും ഇപ്പോള്‍ തന്നെ ആഭരണങ്ങള്‍ വാങ്ങുന്നവരും കുറവല്ല. അന്‍പത് ഗ്രാമിന്റെ ഒരു പ്ലാറ്റിനം മാലയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ 1,60,000 രൂപ വേണ്ടിയിരുന്നു എങ്കില്‍ ഇന്ന് കേവലം 85,000 രൂപയ്ക്ക് ലഭ്യമാവും. ഇത്രയും തൂക്കമുള്ള സ്വര്‍ണ്ണത്തിന് 65,000 രൂപയില്‍ കൂടുതല്‍ ചെലവാകും.
കുറഞ്ഞ വില്യ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോഴത്തെ വിലക്കുറവിനെ ഒരു നിക്ഷേപ മാര്‍ഗമായി സ്വീകരിക്കുന്നവരും വിരളമല്ല. ഇപ്പോഴത്തെ വിലക്കുറവ് അധികനാള്‍ നീണ്ട് നില്‍ക്കില്ല എന്ന വിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്.
പ്ലാറ്റിനം ഖനികളുടെ ഈറ്റില്ലമായ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പ്ലാറ്റിനത്തിന്റെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി. എന്നാല്‍ പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യം പ്ലാറ്റിനത്തിന്റെ വില അന്‍പത് ശതമാനത്തോളം കുറച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്ലാറ്റിനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഈ അവസ്ഥ അധികം തുടരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
പ്ലാറ്റിനം എന്നത് നഗരത്തില്‍ മത്രം ഒതുങ്ങിക്കൂടുന്ന ഒരു ആഭരണമാണ്. അതേസമയം ഇന്ത്യന്‍ ജ്വല്ലറി വിപണിയുടെ ഏറിയ പങ്കും ഗ്രാമങ്ങളാണുതാനും. സാമ്പത്തിക മാന്ദ്യം നഗരവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമ്പോള്‍ പ്ലാറ്റിനത്തിന്റെ ഇപ്പോഴത്തെ ജനപ്രീതി പൂര്‍വാധികം ശക്തിയില്‍ ഇടിയുമെന്ന് തന്നെയാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ജനപ്രീതി കുറഞ്ഞാല്‍ വീണ്ടും വില കുറയും.