സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും കയറ്റുമതി മേഖലയ്ക്കും ഉണര്‍വേകാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം ഉറ്റുനോക്കുന്നു.
ഉയര്‍ന്ന വിലയും വസ്തുവിന്‍റെ അപര്യാപ്തതയും കാരണം ആവശ്യക്കാരിലുണ്ടായ വന്‍ കുറവ് കനത്ത ആഘാതമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏല്‍പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കയച്ച ഒരു കത്തില്‍ നഗര വികസന മന്ത്രി ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടത് ഭവന വായ്പയ്ക്കുള്ള വാര്‍ഷിക പലിശ 500,000 രൂപയ്ക്ക് വരെ 6.5 ശതമാനമായി നിലനിര്‍ത്തണമെന്നും 30 ലക്ഷം രൂപയ്ക്ക് വരെ 7.5 ശതമാനമാക്കാനുമാണ്.
കഴിഞ്ഞ ഡിസംബറില്‍ 80 ശതമാനത്തിന്‍റെ ഇടിവാണ് വിനിമയത്തില്‍ വന്നത്. ഭവന വായ്പകളുടെ പലിശയുടെ ഇന്‍കം ടാക്സ് റിബേറ്റിനുള്ള നിലവിലുള്ള പരിധി 150,000 രൂപയില്‍ നിന്ന് 300,000 രൂപയാക്കിയുയര്‍ത്താനും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ ഉത്പാദനത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്.
കയറ്റുമതി മേഖലയില്‍ ഏതാണ്ട് 9.9 ശതമാനത്തിന്‍റെ കുറവാണ് കഴിഞ്ഞവര്‍ഷം സംഭവിച്ചിരിക്കുന്നത്. 11.5 മില്യണിന്‍റെ കയറ്റുമതിയാണ് കഴിഞ്ഞവര്‍ഷം നടന്നത്. അതേസമയം, ഇറക്കുമതിയില്‍ 6.1 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടാകുകയും ചെയ്തു.
എണ്ണ ഇറക്കുമതി ഒരു വര്‍ഷം കൊണ്ട് 7.25 ഡോളറില്‍ നിന്ന് 11.9 ഡോളറായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും താഴോട്ടു വരികയായിരുന്നു. 30.9 ശതമാനം വരെ ഉയര്‍ന്ന കയറ്റുമതിയില്‍ പിന്നീട് 12.1 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. അടുത്ത ആറുമാസത്തേയ്ക്ക് കൂടി രാജ്യത്തിന്‍റെ കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.