Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്ക തകരുന്നു; ദരിദ്രര്‍ കൂടുന്നു

അമേരിക്ക തകരുന്നു; ദരിദ്രര്‍ കൂടുന്നു
വാഷിങ്ടണ്‍ , വെള്ളി, 17 സെപ്‌റ്റംബര്‍ 2010 (12:37 IST)
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്ക ഓരോ നിമിഷവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖലയുടെ തകര്‍ച്ച തുടരുകയാണ്. വന്‍‌കിട ബാങ്കുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ ഏഴുപേരില്‍ ഒരാള്‍ ദരിദ്രനാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അമേരിക്കന്‍ ജനതയില്‍ ദരിദ്രരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 1960 നു ശേഷം ഇതാദ്യമായാണ് ദരിദ്രരുടെ എണ്ണം ഇത്രയധികം വര്‍ധിച്ചതെന്നാണ് സര്‍വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ 43.6 ദശലക്ഷം ജനങ്ങള്‍ ദരിദ്രരാണെന്നാണ് സെന്‍സസ് ബ്യൂറോ പുറത്തുവിട്ട വാര്‍ഷിക കണക്കില്‍ പറയുന്നത്.

2009 ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ദരിദ്രരുടെ സൂചിക 14.3 ശതമാനമായിട്ട് ഉയര്‍ന്നിരിക്കുകയാണ്. 2008 ലെ സെന്‍സസ് കണക്കനുസരിച്ച് അമേരിക്കയില്‍ 39.8 ദശലക്ഷം ദരിദ്രരാണ് ഉണ്ടായിരുന്നത്. 2008 വര്‍ഷത്തിലെ ദരിദ്രരുടെ സൂചിക ഉയര്‍ച്ച 13.2 ശതമാനമായിരുന്നു.

ബറാക് ഒബാമ അധികാരത്തിലേറിയതിന് ശേഷമുളള ഒരു വര്‍ഷത്തെ കണക്കാണിത്. രാജ്യത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവരുടെ എണ്ണം 15.4 ശതമാനത്തില്‍ നിന്ന് 16.7 ശതമാനമായി ഉയര്‍ന്നു. ഏകദേശം 50.7 ദശലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് ഇല്ല‍. സാമ്പത്തിക മാന്ദ്യത്തില്‍ തൊഴില്‍ നഷ്ടമായവരാണ് ദരിദ്രരില്‍ അധികവും.

മാന്ദ്യത്തെ നേരിടാന്‍ ഒബാമ നിരവധി സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും വേണ്ട രീതിയില്‍ പ്രതിഫലിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അമേരിക്കയില്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ഓഗസ്റ്റ് മാസത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയിലെ വിവിധ കമ്പനികള്‍ പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ കമ്പനികളില്‍ നിന്ന് പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്.

ദിവസേനയെന്നോണം ബാങ്കുകള്‍ തകരുന്നതിന്റെയും കമ്പനികള്‍ പൂട്ടുന്നതിന്റെയും കൂട്ടപിരിച്ചുവിടലിന്റെയും വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മിക്ക സ്വകാര്യ കമ്പനികളും നിലനില്‍പ്പിനായി പോരാടുകയാണ്. തൊഴിലുള്ളവര്‍ പോലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് സെന്റര്‍ഫോര്‍ ഇക്കണോമി ആന്റ് പോളിസി റിസര്‍ച്ച് റിപ്പോട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ നിന്ന് മാത്രം 40,000 തൊഴിലാളികളെ പിരിച്ചുവിട്ടു. നിര്‍മ്മാണ മേഖലയില്‍ നിന്ന് 33,000 പേരെയും മാനുഫാക്ച്വറിംഗ് ഇന്‍ഡസ്ട്രിയില്‍ നിന്ന് 6,000 പേരെയുമാണ് പിരിച്ചുവിട്ടത്. അമേരിക്കയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനായി പുറംകരാര്‍ ജോലി പ്രോത്സാഹിപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ അറിയിച്ചിരുന്നു.

അമേരിക്കയിലെ ഊര്‍ജ മേഖലയിലെ ജോലികള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും കടല്‍കടക്കുന്നത് തടഞ്ഞാല്‍ തൊഴില്‍ മേഖലയിലുണ്ടാവുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam