Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ കയറ്റുമതി രംഗം തളര്‍ച്ചയില്‍

വിപണി കയറ്റുമതി ഉത്പന്നങ്ങള്
ന്യൂഡല്‍ഹി , ചൊവ്വ, 6 ജനുവരി 2009 (16:09 IST)
ആഗോള വിപണിയില്‍ ഇന്ത്യന്‍ സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ രാ‍ജ്യത്തെ കയറ്റുമതി മേഖല സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കൂടുതലായെത്തുന്ന യൂറോപ്പും അമേരിക്കയും സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായതോടെയാണ് രാജ്യത്തിന്‍റെ കയറ്റുമതി മേഖല തളര്‍ന്നത്.

സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ഈ രക്ഷാ പദ്ധതിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. മാര്‍ച്ച് മാസത്തോടെ ഈ മേഖലയിലുള്ള പത്ത് ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ഇന്ത്യന്‍ കയറ്റുമതി സംഘടനാ ഫെഡറേഷന്‍റെ പ്രസിഡന്‍റ് ശക്തിവേല്‍ അഭിപ്രായപ്പെടുന്നത്. 1929ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 20 ശതമാനം കയ്യടക്കുന്ന കയറ്റുമതി രംഗം രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലകളില്‍ ഒന്നായിരുന്നു. ഏതാണ്ട് 150 ദശലക്ഷം ആളുകളാണ് ഈ രംഗത്ത് ജോലിയെടുക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ 17 മുതല്‍ 20 ശതമാനം വളര്‍ച്ച നേടിയിരുന്ന കയറ്റുമതി രംഗം ഒക്ടോബര്‍ മാസത്തോട് കൂടി 12.1 ശതമാനമായി കുറയുകയായിരുന്നു. നവംബറിലും ഈ നില തുടര്‍ന്നു. ഡിസംബറിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ വകയില്ല. ഈ വര്‍ഷത്തെ കയറ്റുമതി ലക്‍ഷ്യം 200 ബില്യണ്‍ ഡോളറാണെങ്കിലും അത് കൈവരിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

കയറ്റുമതി രംഗത്തെ തളര്‍ച്ച ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് തുകല്‍ കയറ്റുമതി വ്യവസായ മേഖലയിലാണ്. ഈ മേഖലയില്‍ അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും അടുത്ത മൂന്ന്, നാല് മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമാകും. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം തന്നെ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കയറ്റുമതി ലക്‍ഷ്യമാക്കിയുള്ള ലെതര്‍ വ്യവസായ മേഖലയില്‍ 25 ലക്ഷം ജീവനക്കാരാണുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷം ഓഗസ്റ്റ് വരെ 160 കോടി ഡോളറിന്‍റെ കയറ്റുമതി നടന്ന ഈ മേഖലയില്‍ നവംബറിലും ഡിസംബറിലും വന്‍ കുറവാണ് അനുഭവപ്പെട്ടത്.

Share this Story:

Follow Webdunia malayalam