Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോര്‍പ്പറേറ്റ് ഇന്ത്യയുടെ അപ്രിയ ‘സത്യം’

കോര്‍പ്പറേറ്റ് ഇന്ത്യയുടെ അപ്രിയ ‘സത്യം’
, വ്യാഴം, 8 ജനുവരി 2009 (14:08 IST)
ആഗോള സാമ്പത്തിക മാന്ദ്യത്തെ ഒരളവുവരെ പ്രതിരോധിച്ച ഇന്ത്യാ ഇന്‍‌കിന്‍റെ നെഞ്ചില്‍ കത്തിയിറക്കിക്കൊണ്ടാണ് സത്യം കമ്പ്യൂട്ടര്‍ ചെയര്‍മാന്‍ വ്യാഴാഴ്ച രാജിവച്ചൊഴിഞ്ഞത്. സത്യം കമ്പ്യൂട്ടര്‍ സര്‍‌വീസസ് എന്ന കമ്പനി കോര്‍പ്പറേറ്റിന്ത്യക്ക് ഇന്നലെ സമ്മാനിച്ചത് മറക്കാനാവാത്ത കറുത്ത ബുധനാഴ്ചയാണ്. കമ്പനിയെ പെരുപ്പിച്ചുകാണിക്കാന്‍ ലാഭക്കണക്കുകള്‍ കൃത്രിമമായി നിരത്തിയ സത്യം കമ്പനിയില്‍ നിന്ന് പുറത്തുവന്ന അപ്രിയ സത്യങ്ങള്‍ സെന്‍‌സെക്സില്‍ നിന്ന് ചോര്‍ത്തിയത് 749 പോയിന്‍റുകള്‍.

സാമ്പത്തിക മാന്ദ്യ സമയത്തും ഇന്ത്യയിലേക്ക് അല്‍‌പ്പാല്‍‌പ്പമായിട്ടാണെങ്കിലും ഒഴുകിക്കൊണ്ടിരുന്ന വിദേശ മൂലധനത്തിന്‍റെ ഒഴുക്കാണ് സത്യം മണ്ണിട്ട് മൂടിയിരിക്കുന്നത്. മികച്ച ഇന്ത്യന്‍ കമ്പനികളില്‍ ഒന്നായ സത്യത്തില്‍ ഇങ്ങനെയൊക്കയാണ് അവസ്ഥയെങ്കില്‍ മറ്റുള്ള ഇന്ത്യന്‍ കമ്പനികളെ വിശ്വസിച്ച് നിക്ഷേപിക്കുന്നതെങ്ങനെ എന്ന് വിദേശ കമ്പനികള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ബുധനാഴ്ച ഒരവസരത്തില്‍ 188.70 രൂപയ്ക്ക് വിറ്റ സത്യത്തിന്‍റെ ഓഹരി മറ്റൊരവസരത്തില്‍ 30.70 രൂപയിലേക്ക് കൂപ്പുകുത്തിയ കാഴ്ച ഇന്ത്യന്‍ വിപണിയെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. വിപണി അവസാനിക്കുമ്പോള്‍ ഓഹരിയൊന്നിന് 40.25 രൂപയായിരുന്നു.

സെപ്തംബര്‍ മാസം കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കമ്പനിയുടെ നീക്കിയിരുപ്പ് 5,361 കോടി രൂപയായിരുന്നു. എന്നാല്‍ 5,040 കോടി രൂപ എന്ന യഥാര്‍ത്ഥ കണക്കില്‍ മായം കലര്‍ത്തിയാണ് ഈ നീക്കിയിരുപ്പ് കാണിച്ചതെന്ന് രാമലിംഗ രാജു വെളിപ്പെടുത്തി. മക്കളുടെ കമ്പനികളായ മെയ്റ്റാസ് ഇന്‍‌ഫ്രയും മെയ്റ്റാസ് പ്രോപ്പര്‍ട്ടീസും ഈ കടലാസില്‍ മാത്രമുള്ള പണം കൊണ്ട് വാങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനും പിന്നീട് സത്യത്തിലെ പ്രതിസന്ധി പരിഹരിക്കാനുമാണ് താന്‍ ശ്രമിച്ചതെന്ന് രാമലിംഗ രാജു പറയുന്നു.

ദൂരവ്യാപകമായ വിപത്തുകള്‍ ഇന്ത്യക്ക് നല്‍‌കിയേക്കാവുന്ന വെളിപ്പെടുത്തലാണ് രാജു നടത്തിയതെന്ന് സെബി ചെയര്‍മാന്‍ സി.ബി. ഭാവെ അഭിപ്രായപ്പെട്ടു. മൂല്യങ്ങള്‍ പിന്തുടരുന്നതിലും കോര്‍പ്പറേറ്റ് സദ്‌ഭരണത്തിലും നല്ല പേരുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ ഉണ്ടായ ഈ ദുരന്തം ദൌര്‍ഭാഗ്യകരമാണെന്ന് നാസ്കോം പ്രസിഡന്‍റ്‌ സോം മിത്തല്‍ പറഞ്ഞു. സത്യത്തിന്‍റെ പതനത്തോടെ ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്നും ഇതിന് ഇന്ത്യാ ഇന്‍‌ക് കനത്ത വില നല്‍‌കേണ്ടിവരുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam