Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎ‌ഇയില്‍ കൂട്ടപ്പിരിച്ചുവിടല്‍

ദുബായ്
ദുബായ് , ചൊവ്വ, 23 ഡിസം‌ബര്‍ 2008 (14:04 IST)
ആഗോള സാമ്പത്തിക മാന്ദ്യം യുഎ‌ഇയില്‍ വന്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്, കഴിഞ്ഞ ഒരുമാസക്കാലമായി എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ വന്‍‌കിട കമ്പനികള്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നടപ്പാക്കിത്തുടങ്ങി.

നല്ലീല്‍ ഡവലപ്പേഴ്സ്, എമ്മാര്‍ ഗ്രൂപ്പ്, ഡെമക്ക് തുടങ്ങിയ വന്‍ കമ്പനികള്‍ പിരിച്ചുവിടല്‍ നടപ്പിലാക്കുന്ന കമ്പനികളുടെ പട്ടികയിലുണ്ട്. അഞ്ഞൂറോളം ജീവനക്കാരെയാണ് നക്കീല്‍ ഡവലപ്പേഴ്സ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതില്‍ നിരവധി മലയാളികള്‍ ഉണ്ടെന്ന് അറിയുന്നു. എമ്മാര്‍ ഗ്രൂപ്പ് മുന്നൂറോളം പേരെയും ഡെമക്ക് ഇരുന്നൂറോളം പേരെയുമാണ് പിരിച്ചുവിട്ടിരിക്കുന്നത്. എല്ലാ കമ്പനികളില്‍ നിന്നും പിരിച്ചുവിട്ടവരുടെ കണക്കെടുത്താല്‍ ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, യുഎ‌ഇയിലെ വന്‍ നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്. കെട്ടിടനിര്‍മ്മാണ കമ്പനികളില്‍ ജോലി ചെയ്യുന്ന കരാര്‍ ജോലിക്കാരും പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്. ബാങ്കിംഗ് മേഖലയെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പേരെ ബാങ്കുകള്‍ ഇതിനകം പിരിച്ച് വിട്ടിട്ടുണ്ടെങ്കിലും ഇനിയും പിരിച്ചുവിടല്‍ ഉണ്ടാകുമെന്നാണ് സൂചന.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍‌ദ്ദേശീയ ഐടി കമ്പനികളും പിരിച്ചുവിടല്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഐടി തൊഴിലാളികളാണ് ഈ കമ്പനികളില്‍ ഏറെയും. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഔട്ട്‌സോഴ്സിംഗ് ജോലികള്‍ നിന്നുപോയതോടെയാണ് ഐടി കമ്പനികള്‍ പ്രതിസന്ധിയെ നേരിടുന്നത്.

ഗള്‍‌ഫ് മേഖലയടക്കം വിവിധ നാടുകളില്‍ നടക്കുന്ന പിരിച്ചുവിടലിന്റെ ഭാഗമായി സംസ്ഥാനത്തെ സാമ്പത്തിക നിലയില്‍ പ്രതിസന്ധിയുണ്ടാവുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് വിദേശത്ത് പോയി ഉപജീവനമാര്‍ഗ്ഗം തേടുന്നവരില്‍ ഏറെയും മലയാളികളാണ്. ഇവരില്‍ അഞ്ചുശതമാനത്തോളം പേരെയെങ്കിലും ഇപ്പോള്‍ നടക്കുന്ന ആഗോള പിരിച്ചുവിടല്‍ ഭീഷണി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam