നിസ്സാൻ മോട്ടോർസിന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ ‘ജി ടി - ആർ’ ഇന്ത്യയിലേക്ക്
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന നിസ്സാൻ മോട്ടോർസിന്റെ സ്പോർട്സ് കാര്‍ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് ആരംഭിച്ചു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന നിസ്സാൻ മോട്ടോർസിന്റെ സ്പോർട്സ് കാര്‍ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ന്യൂയോർക്ക് ഇന്റർനാഷനൽ ഓട്ടോ ഷോയിലാണ് ‘ജി ടി - ആർ’ അവതരിപ്പിച്ചത്. യൂറോപ്പിനായി വികസിപ്പിച്ച പ്രീമിയം എഡിഷൻ ‘ജി ടി - ആർ’ ആവും ഡിസംബറോടെ ഇന്ത്യയില്‍ വിൽപ്പനക്കെത്തുക.
2007ലാണ് നിസ്സാന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ ‘ജി ടി - ആർ’ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും സമഗ്രമായ പരിഷ്കാരങ്ങളോടെയാണു പുതിയ ‘ജി ടി - ആർ’ വിപണിയിലെത്തുന്നത്. 2016 മോഡലിന്റെ പുതുവർണമായ കറ്റ്സുര ഓറഞ്ചിനൊപ്പം പേൾ ബ്ലാക്ക്, വൈബ്രന്റ് റെഡ്, ഡേടോണ ബ്ലൂ, സ്റ്റോം വൈറ്റ്, ഗൺ മെറ്റാലിക്, അൾട്ടിമേറ്റ് സിൽവർ എന്നീ നിറങ്ങളിൽ കാർ ലഭ്യമാവും.
നിറത്തോട് കിട പിടിക്കുന്ന ലതറിലാണു കാറിന്റെ അകത്തളവും സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക 3.8 ലീറ്റർ, വി സിക്സ്, 24 വാൽവ്, ഇരട്ട ടർബോചാർജ്ഡ് എൻജിനാണു ‘ജി ടി - ആറി’നു കരുത്തേകുന്നത്. ജപ്പാനിൽ ‘ടകുമി’ എന്ന പേരിലറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ കരവിരുതിൽ പിറക്കുന്ന ഈ എൻജിനൊപ്പം ആറു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണുള്ളത്.
ഈ സങ്കലനത്തിൽ വെറും മൂന്നു സെക്കൻഡുകൊണ്ട് തന്നെ ‘ജി ടി - ആർ’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും. 6,800 ആർ പി എമ്മിൽ 570 പി എസ് വരെ കരുത്തും 637 എൻ എം വരെ ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിന് സാധിക്കും. 25 ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു നിസ്സാൻ ‘ജി ടി - ആറി’നുള്ള പ്രീ ബുക്കിങ് സ്വീകരിക്കുക.