ഇന്ത്യന്‍ സ്കൂട്ടർ സെഗ്മെന്റില്‍ തരംഗം സൃഷ്ടിക്കാന്‍ ബജാജ് ചേതക്ക് !
ബജാജ് ചേതക്ക് തിരിച്ചെത്തുന്നു
ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ സൂപ്പർ താരമായിരുന്ന ബജാജ് ചേതക്ക് തിരിച്ചെത്തുന്നു. നീണ്ട 34 വർഷത്തെ സേവനം അവസാനിപ്പിച്ച് 2006 ലായിരുന്നു ചേതക്ക് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായത്. വിപണിയിൽ നിന്ന് പിൻവലിക്കുന്ന ഘട്ടത്തിലും നിരവധി ആരാധകര്‍ ചേതക്കിനുണ്ടായിരുന്നു. പിന്നീട് ബൈക്കുകളിൽ മാത്രമാണ് ബജാജ് ശ്രദ്ധ കേന്ദ്രീകരിച്ചത്. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബജാജ് സ്കൂട്ടർ സെഗ്മെന്റിലേക്ക് പുതിയ ചേതക്കുമായി തിരിച്ചെത്തുന്നത്.
ഇന്ത്യന്‍ വിപണിയിലെ സ്കൂട്ടർ സെഗ്മെന്റിലുള്ള മികച്ച വളർച്ചയാണ് ബജാജിനെ മാറി ചിന്തിക്കാൻ പ്രരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രീമിയം സെഗ്മെന്റില്‍ പഴയകാല സ്റ്റൈലുമായാണ് സ്കൂട്ടർ തിരിച്ചെത്തുകയെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്‍ജിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ കമ്പനി പുറത്തുവിട്ടില്ല. അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഈ സ്കൂട്ടറിന് 70000 രൂപ മുതല്‍ 90000 രൂപ വരെ ആയിരിക്കും.