വിചാരിച്ചതിലും ആഴമേറിയതാണ് ഇന്ത്യയിലെ സാമ്പത്തികമാന്ദ്യമെന്ന് രാജ്യാന്തര നാണ്യ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗീതാ ഗോപിനാഥ്.
ഫൈനാൻഷ്യൽ സെക്ടർ പുനരുജ്ജീവിപ്പിക്കാതെ ഇന്ത്യയുടെ സാമ്പത്തിക മേഖല മെച്ചപ്പെടില്ല. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതും നിഷ്ക്രിയ ആസ്തികൾ വർധിക്കുന്നതും വലിയ പ്രശ്നങ്ങളാണ്. വളർച്ച മന്ദഗതിയിലാകും എന്നാണ് കരുതിയതെങ്കിലും ഇപ്പോഴത്തെ കണക്കുകൾ അത്ഭുതപ്പെടുത്തുന്നു. നിക്ഷേപത്തിലും ഉപഭോഗ വളർച്ചയിലും കുറവ് വന്നുവെന്നും ഗീതാ ഗോപിനാഥ് പറയുന്നു.
ഇപ്പോൾ സർക്കാർ ചിലവ് വഴി വരുന്ന വളർച്ച മാത്രമേ ഉള്ളുവെന്നും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ വളർച്ചയുടെ പാതയിലേക്ക് കൊണ്ടുവരണമെങ്കിൽ സുപ്രധാനമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ഗീതാ ഗോപിനാഥ് ഓർമിപ്പിച്ചു.