ഐഡിൽ സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റവുമായി ‘സ്പ്ലെൻഡർ ഐ സ്മാർട്ട്’ വിപണിയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോട്ടോർ സൈക്കിള്‍ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ വിപണിയിലെത്തി
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് സ്വന്തമായി വികസിപ്പിച്ച ആദ്യ മോട്ടോർ സൈക്കിള്‍ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ വിപണിയിലെത്തി. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനക്ഷമതയും ഇന്ധനക്ഷമതയുമാണ് ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ ബൈക്കിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിലാണു ഹീറോ മോട്ടോ കോർപ് ഈ ബൈക്ക് അവതരിപ്പിച്ചത്.
ഹീറോ സ്വയം വികസിപ്പിച്ച ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം സാങ്കേതികവിദ്യയാണു ബൈക്കിന്റെ പ്രധാന സവിശേഷത. ന്യൂട്രൽ ഗീയറിൽ പത്ത് സെക്കൻഡ് തുടർന്നാൽ എൻജിൻ സ്വയം പ്രവർത്തനം അവസാനിപ്പിക്കുകയും തുടർന്നു ക്ലച് അമർത്തുന്നതോടെ എൻജിൻ വീണ്ടും പ്രവർത്തനക്ഷമമാവുകയും ചെയ്യുന്നതാണ് ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം.
ശേഷിയേറിയ 110 സി സി എൻജിനാണ് ബൈക്കിനു കരുത്തേകുന്നത്. നാലു സ്പീഡ് ഗീയർബോക്സോടെ എത്തുന്ന ബൈക്കിന് ലീറ്ററിന് 68 കിലോമീറ്റർ വരെയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. കൂടാതെ 7,500 ആർ പി എമ്മിൽ 8.9 ബി എച്ച് പി വരെ കരുത്തും 5,500 ആർ പി എമ്മിൽ ഒൻപത് എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
പുതിയ രീതിയിലാണ് ടെയിൽ ലാംപ് രൂപകൽപ്പന. പുതിയ ഹെഡ്ലാംപിൽ ‘ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ’ എന്ന സൗകര്യവും ലഭ്യമാണ്. കൂടാതെ പുതിയ അലോയ് വീലും ട്യൂബ് രഹിത ടയറുമായി എത്തുന്ന ബൈക്കിൽ പുതിയ നിറങ്ങളൊന്നും ഹീറോ മോട്ടോ കോർപ് അവതരിപ്പിച്ചിട്ടില്ല. ഈ ബൈക്കിനു ഡൽഹി ഷോറൂമിൽ 53,300 രൂപയാണു വില.