ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലപരിധി ഇന്നലെ അവസാനിച്ചു. സാങ്കേതിക തകരാർ അടക്കമുള്ള പ്രശ്നങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇത്തവണ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി സർക്കാർ നീട്ടിനൽകിയിട്ടില്ല.
നിശ്ചിത തിയതിക്കകം റിട്ടെൺ സമർപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ നിയമനടപടി ഒഴിവാക്കാൻ എന്തെല്ലാം ചെയ്യാമെന്ന് പരിശോധിക്കാം. ജൂലായ് 31നകം റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്ക് പിഴയോട് കൂടി ഐടിആർ ഫയൽ ചെയ്യാൻ അവസരമുണ്ട്. 243 (എഫ്) വകുപ്പ് പ്രകാരം പിഴയോട് കൂടി വേണം റിട്ടേൺ ഫയൽ ചെയ്യാൻ. നികുതി വരുമാനം അഞ്ച് ലക്ഷത്തിൽ കൂടുതലാണെങ്കിൽ ഡിസംബർ 31ന് മുൻപായി റിട്ടേൺ നൽകാൻ 5,000 രൂപയാണ് പിഴ ഈടാക്കുക.
5 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് ലേറ്റ് ഫീ 1000 രൂപയാണ്. അടിസ്ഥാന നികുതിയിളവ് പരിധി 2.50 ലക്ഷത്തിന് താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല. 60 കഴിഞ്ഞവർക്ക് 3 ലക്ഷവും 80 പിന്നിട്ടവർക്ക് 5 ലക്ഷവുമാണ് ഒഴിവുപരിധിയുള്ളത്.