കാത്തിരിപ്പിന് വിരാമം; എസ് യു വി ശ്രേണിയില്‍ നിറഞ്ഞാടാന്‍ ജീപ് കോംപസ് !
ഇത് ഇന്ത്യക്കായുള്ള ജീപ്പ് കോംപസ്
ഇന്ത്യയിലെ ജീപ്പ് ആരാധകരെ ആവേശത്തിലാഴ്ത്തി പുത്തൻ കോംപാക്ട് എസ് യു വിയായ ജീപ് കോംപസ് പുനെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ വാഹനത്തിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ വർഷം അവസാനം വാഹനം വിപണിയിലെത്തുമ്പോൾ മാത്രമേ വില പ്രഖ്യാപിക്കൂയെന്നാണ് ലഭ്യമാകുന്ന വിവരം. റൈറ്റ് ഹാൻഡ് ഡ്രൈവുള്ള വിപണികളിലേക്കും കോംപസ് കയറ്റുമതി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
158 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എൻജിനും 167 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്ത്യൻ കോംപസിനു കരുത്തേകുന്നത്. 4398 എംഎം നീളവും, 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീൽബെയ്സുമാണ് ഇന്ത്യന്‍ കോംപസിനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജീപ്പിന്റെ ചെറു എസ് യു വി റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ജീപ്പ് കോംപസിന്റെ നിര്‍മാണം. രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ‘സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ് എഫ്‌സിഎ വാഗ്ദാനം ചെയ്യുന്നത്.
ഹ്യുണ്ടേയ് ‘ട്യൂസോൺ’, ബിഎംഡബ്ല്യു ‘എക്സ് വൺ’, ഹോണ്ട ‘സിആർ-വി’, ഔഡി ക്യൂ 3 എന്നീ വാഹനങ്ങളോടാകും ജീപ്പ് കോംപസ് പ്രധാനമായും ഏറ്റുമുട്ടുക. അതേസമയം ഈ എസ്‌യുവിയുടെ വില 20 ലക്ഷത്തിൽ താഴെയാണെങ്കില്‍ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, മഹിന്ദ്ര എക്സ്‌യുവി 500 എന്നിങ്ങനെയുള്ള ഇന്ത്യൻ വിപണിയിലെ പല ജനപ്രിയ ബജറ്റ് എസ്‌യുവികള്‍ക്കുമാകും കോംപസ് ഭീഷണി സൃഷ്ടിക്കുക.