കേരളത്തിലെ റീട്ടെയ്ല്‍ വാഹനവിപണിയില്‍ കടുത്ത മാന്ദ്യമെന്ന സൂചന നല്‍കി ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍. എല്ലാ വിഭാഗം ശ്രേണികളിലുമായി 54,753 വാഹനങ്ങളാണ് കഴിഞ്ഞ മാസത്തില്‍ നിരത്തിലെത്തിയതെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ജൂണില്‍ ഇത് 57,599 പുതിയ വാഹനങ്ങളായിരുന്നു.
ടൂവീലര്‍ വില്പന 38,054ല്‍ നിന്നും 34,791ലേക്കും കാര്‍ വില്പന 14,344ല്‍ നിന്നും 13,839ലേക്കും ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിന് ശേഷമാണ് വാഹനവിപണി ഇത്തരത്തില്‍ മാന്ദ്യത്തിന് കീഴിലായത്. മാര്‍ച്ചില്‍ 50,610 ടൂ വീലറുകളും 24,346 കാറുകളും വിറ്റഴിഞ്ഞിരുന്നു. ഉത്പാദനചെലവ് വര്‍ധിച്ചത് ചൂണ്ടികാണിച്ച് കമ്പനികള്‍ വില ഉയര്‍ത്തിയത് വില്പനയെ ബാധിച്ചിട്ടുണ്ട്. വൈദ്യുത വാഹന വിപണിയിലും ഇടിവ് പ്രകടമാണ്. മേയില്‍ കേരളത്തില്‍ ഏഥര്‍ എനര്‍ജി 2,170 വൈദ്യുത സ്‌കൂട്ടറുകള്‍ വിറ്റഴിച്ചത് ജൂലൈ എത്തുമ്പോള്‍ 790 എണ്ണത്തിലേക്ക് താഴ്ന്നു. ഓലയുടെ വില്പന മെയില്‍ 2,619ല്‍ നിന്നും ജൂലൈ എത്തുമ്പോള്‍ 1,800 ആയി കുറഞ്ഞു.