മാരുതിക്ക് അടിതെറ്റിയോ ? പുതിയ ഡിസൈര്‍ തിരിച്ചുവിളിക്കുന്നു - ഇതാണ് കാരണം !
മാരുതി ഡിസൈര്‍ തിരിച്ചുവിളിക്കുന്നു — കാരണം ഇതാണ്
, ശനി, 9 ഡിസംബര്‍ 2017 (10:21 IST)
നിരത്തിലെ നിറസാന്നിധ്യമായി മാറിയ പുതിയ ഡിസൈറുകളെ മാരുതി തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയില്‍ നിര്‍മ്മിച്ച 21,494 മാരുതി ഡിസൈറുകളെയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് വയെ തിരികെ വിളിക്കുന്നതെന്നാണ് മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.
നിര്‍മ്മാണത്തില്‍ പിഴവു പറ്റിയ ഡിസൈറുകളെ തിരിച്ചുവിളിച്ചു റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, പ്രശ്‌നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വെബ്സൈറ്റ് മുഖേനയും കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്പര്‍) ഉപയോഗിച്ചും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനത്തിന് നിര്‍മ്മാണ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ സാധിക്കും. ഇതാദ്യമായല്ല വിപണിയില്‍ നിന്നിം ഡിസൈര്‍ തിരിച്ചുവിളിക്കുന്നത്. നേരത്തെ സ്റ്റീയറിംഗ് അസംബ്ലിയിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലും ഡിസൈറുകളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.