അടിമുടി മാറ്റങ്ങളും സ്പോർട്ടി ലുക്കുമായി മാരുതി സുസുക്കിയുടെ ചെറു ഹാച്ച് വാഗൺ ആർ !
മാറ്റങ്ങളുമായി പുതിയ വാഗൺ ആർ
അടിമുടി മാറ്റങ്ങളുമായി മാരുതി സുസുക്കി വാഗൺ ആർ എത്തുന്നു. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനോടെയാണ് പുതിയ വാഗൺ ആര്‍ എത്തുക. എന്നിരുന്നാലും കമ്പനി ഇതുവരെ പുതിയ വാഗൺ ആറിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുതിയ വാഗൺ ആറിന്റെയും സ്റ്റിങ് റേയുടേയും സ്പൈ ചിത്രങ്ങൾ ജാപ്പനിലെ സോഷ്യൽ മിഡിയകള്‍ വഴി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് ഇതിലും കമ്പനി തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ടെന്നതാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. പുതിയ ഗ്രില്‍, പുതിയ മോഡല്‍ ഹെഡ്‌ലൈറ്റ് എന്നിങ്ങനെയുള്ള ഓട്ടേറെ മാറ്റങ്ങളാണ് വാഹനത്തിന്റെ മുൻവശത്ത് വരുത്തിയിട്ടുണ്ട്.
മുന്നിലുള്ളപോലെ തന്നെ അടിമുടി മാറ്റങ്ങളാണ് പിന്‍വശത്തും വരുത്തിയിട്ടുള്ളത്. പിന്നിലെ ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പ് ക്രമീകരിച്ചിട്ടുള്ളത്. ഇന്റീരിയറിലെ മാറ്റങ്ങളെകുറിച്ച് വിവരമൊന്നുമില്ല.
ജപ്പാനിൽ അടുത്ത മാസം തന്നെ വാഹനം പുറത്തിറങ്ങിയേക്കുമെങ്കിലും പുതിയ വാഗൺ ആർ എന്നായിരിക്കും ഇന്ത്യയിലേയ്ക്ക് എത്തുകയെന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.