ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 67,270 കോടി രൂപയെന്ന് കണക്കുകള്‍. 10 വര്‍ഷമായി ഇടപാടുകള്‍ നടക്കാതെയും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. കാലാവധി അവസാനിച്ചും പുതുക്കാത്ത എഫ് ഡി, അക്കൗണ്ടുടമ മരണപ്പെട്ടശേഷം അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങള്‍,ഡിവിഡന്റുകള്‍,ഇന്‍ഷുറന്‍സുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.
ഇത്തരം അക്കൗണ്ടുകളിലെ തുക അവകാശപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന പ്രത്യേക ക്യാമ്പെയ്‌നുകള്‍ റിസര്‍വ് ബാങ്ക് സംഘടിപ്പിക്കും. ഗ്രാമീണ, അര്‍ധനഗര മേഖലകളെ കേന്ദ്രീകരിച്ച് അക്കൗണ്ട് ഉടമകളെയും ഇടപാടുകാരന്‍ മരണപ്പെട്ടെങ്കില്‍ ബന്ധുക്കളെയും തേടിപിടിക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
അക്കൗണ്ടുകള്‍ സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാന്‍ അണ്‍ക്ലെയ്മ്ഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ് വേ ടു ആക്‌സസ്(ഉദ്ഗം) എന്ന അംഗീകൃത പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 8.6 ലക്ഷം പേര്‍ ഉദ്ഗം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.