ഡൽഹി: വലിയ തുകകൾ കൈമാറ്റം ചെയ്യുന്നതിന് ഉപയോഗിയ്ക്കുന്ന ആർടിജിഎസ് സേവനം പരിഷ്കരിച്ച് ആർബിഐ. എത്ര വലിയ തുകയും ഇനി 24 മണിക്കൂറും ഇടപാടുകൾ നടത്താം. നാളെ മുതൽ പരിഷ്കരിച്ച സേവനങ്ങൾ ലഭ്യമായി തുടങ്ങും. ആർടിജിഎസ് സേവനം 24 മണിക്കൂർ സേവനമാക്കി പരിഷ്കരിയ്ക്കും എന്ന് നേരത്തെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മുതൽ പരിഷ്കരിച്ച സേവനം ലഭ്യമാകും എന്ന് ആർബിഐ പ്രഖ്യാപിയ്ക്കുകയായിരുന്നു.
നിലവിൽ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി മുതൽ മാത്രമാണ് ആർടിജിഎസിൽ പണമയയ്കാൻ സാധിയ്ക്കു. ഇത് നാളെ മുതൽ 24 മണിക്കൂർ സേവനമായി മാറും. ആർടിജിഎസ് 24 മണിക്കൂർ സേവനമാക്കുന്നതോടെ പണമിടപാടുകൾ കൂടുതൽ സുഖമമാകും എന്ന് ആർബിഐ ഗവർണർ പറഞ്ഞു. വലിയ തുകകൾ 24 മണിക്കൂറിൽ കൈമാറ്റം ചെയ്യുന്നതിനായുള്ള നെഫ്റ്റ് സേവനം നേരത്തെ തന്നെ റിസർവ് ബാങ്ക് 24X7 ആക്കിയിരുന്നു. 2019 നെഫ്റ്റ് 24 മണിക്കൂർ സേവനമാക്കി മാറ്റിയത്.