മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്ന സ്ഥിരനിക്ഷേപ പദ്ധതിയുമായി എസ്‌ബിഐ. തുടർച്ചയായി പലിശ കുറയുന്ന സാഹചര്യത്തിൽ ആദായ നഷ്ടത്തിൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ വികെയര്‍-എന്നപേരില്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിപ്രകാരം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്‌ക്ക് പുറമെ 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബര്‍ 30വരെയാണ് കാലാവധി. അതിന് ശേഷമുള്ള നിക്ഷേപങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടില്ല.
പുതിയ പദ്ധതിപ്രകാരം അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള നിക്ഷേപത്തിനാണ് പലിശ ലഭിക്കുക.മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അരശതമാനം പലിശയ്‌ക്ക് പുറമെ 30 ബേസിസ് പോയന്റ് കൂടിചേരുന്നതോടെ 0.80ശതമാനം പലിശയാണ് നിക്ഷേപങ്ങൾക്ക് ലഭിക്കുക.
അതേസമയം കാലാവധി തികയും മുൻപ് നിക്ഷേപം പിൻവലിച്ചാൽ അധികമായി നല്‍കുന്ന 30 ബേസിസ് പോയന്റിന്റെ വര്‍ധന ലഭിക്കില്ല. ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതല്‍ 6.20ശതമാനം വരെയാണ് എസ്‌ബിഐ പലിശ നൽകുന്നത്.