എസ്ബിടി-റിലയന്‍സ് കൂട്ടൂകരാര്‍: ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം മുടങ്ങി
എസ്ബിടി-റിലയന്‍സ് കരാര്‍: സര്‍ക്കാര്‍ സഹായധനം മുടങ്ങി ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍
എസ്ബിടിയില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പകള്‍ റിലയന്‍സ് അസറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് കൈമാറിയത് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പയെടുത്ത് ഇരുപതിനായിരത്തിലേറെ വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവര്‍ക്ക് സഹായധനം നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രണ്ടായിരത്തി പതിനാറുവരെ വായ്പ കുടിശ്ശികയായവര്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 40 ശതമാനം വിദ്യാര്‍ഥികള്‍ അടയ്ക്കണം. ബാക്കി അറുപത് ശതമാനം സര്‍ക്കാര്‍ നല്‍കും. വായ്പ നല്‍കിയ ബാങ്കുകള്‍ പലിശ കുറച്ചു നല്‍കുകയും ചെയ്യും. മറ്റെല്ലാ ബാങ്കുകളും ഈ സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ചാണ് പോകുന്നത്.
എന്നാല്‍ എസ്ബിടിയില്‍ നിന്ന് വായ്പയെടുത്തവര്‍ മാത്രം പ്രതിസന്ധിയിലായി. വായ്പാസംബന്ധമായ ആവശ്യങ്ങള്‍ക്ക് എസ്ബിടി യിലെത്തുമ്പോള്‍ രേഖകള്‍ തങ്ങളുടെ കൈവശമില്ലെന്നും, റിലയന്‍സുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശമാണ് ലഭിക്കുന്നത്. എസ്ബിടി വായ്പ പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ധനസഹായം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുണ്ട്.