ടിയാഗോയും ടിഗോറും കുതിച്ചപ്പോള്‍ ഹോണ്ട കിതച്ചു; വില്പനയില്‍ തകര്‍പ്പന്‍ മുന്നേറ്റവുമായി ടാറ്റ !
വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റയുടെ മുന്നേറ്റം
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മ്മാതാക്കളായി ടാറ്റ മോട്ടോര്‍സ്. 2017 മെയ് മാസത്തെ വില്‍പന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഹോണ്ടയെ മറികടന്നുള്ള ടാറ്റയുടെ മുന്നേറ്റം. 8.63 ശതമാനത്തിന്റെ വര്‍ധനവാണ് പാസഞ്ചര്‍ കാറുകളുടെ ആഭ്യന്തര വില്‍പനയില്‍ മെയ് മാസത്തില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. നിരയില്‍ പുതുതായി എത്തിയ ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നീ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതാണ് ടാറ്റയുടെ മുന്നേറ്റത്തിനു കാരണമായത്. 12499 യൂണിറ്റുകളാണ് മെയ് മാസം ടാറ്റ വില്‍പന നടത്തിയത്. അതേസമയം 11278 യൂണിറ്റുകള്‍ മാത്രമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വിറ്റത്.
സിറ്റി ഫെയ്‌സ് ലിഫ്റ്റ്, ഡബ്ല്യുആര്‍-വി ക്രോസോവര്‍ എന്നീ മോഡലുകളെ അവതരിപ്പിച്ചിട്ടും വില്‍പനയില്‍ ഹോണ്ട പിന്നോക്കം പോയി എന്നതാണ് ശ്രദ്ധേയം. അതേസമയം, പാസഞ്ചര്‍ കാറുകളില്‍ നിന്നും പ്രീമിയം ശ്രേണിയിലേക്ക് ശ്രദ്ധ ചെലുത്തുന്നതുകൊണ്ടാണ് ഈ അവസ്ഥയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ സിറ്റിയില്‍ 33000 ബുക്കിംഗും ഡബ്ല്യുആര്‍-വിയില്‍ 18000 ബുക്കിംഗുമാണ് ഹോണ്ടയെ തേടിയെത്തിയത്.