അവര്‍ക്കിടയില്‍ സൗഹൃദം തടം തല്ലി ഒഴുകാന്‍ തുടങ്ങി. സാറായ്ക്ക് കൂട്ട് കുട്ടിയമ്മ. കുട്ടിയമ്മയ്ക്ക് കൂട്ട് സാറാ. ഉപകാരങ്ങളും പ്രത്യുപകാരങ്ങളുമായി വര്‍ഷങ്ങള്‍ പലതും ചിരി വര്‍ഷിച്ചു കടന്നു പോയി.
കുട്ടിയമ്മയുടെ അനുജത്തിയ്ക്ക് അഡ്മിഷന്‍ സാറാ തരപ്പെടുത്തുന്നു. അപ്പോള്‍ കുട്ടിയമ്മയുടെ നന്ദി മിക്സിയായി സാറായുടെ വീട്ടുനുള്ളിലെത്തുന്നു. പ്രഫസര്‍ ശങ്കര്‍ദാസിന്‍റെ വക പുസ്തകം സാറായുടെ മകന് റഫ്രന്‍സ് വകുപ്പായി കുട്ടിയമ്മ ഏല്പിക്കുമ്പോള്‍ സാറായ്ക്ക് ഇക്കുറി പ്രത്യുപകാരത്തിന്‍റെ നറുക്ക് വീഴുന്നു.
ഉപകാരസ്മരണയില്‍ സാറായുടെ അവശത പമ്പ കടന്നു. മുന്‍ ചൊന്ന അനുജത്തിയ്ക്ക് കെട്ടുപ്രായം തികഞ്ഞ കാലം. പെണ്‍കുട്ടിയെ ഓര്‍ത്തപ്പോള്‍ സാറായുടെ മനസ്സില്‍ തെളിഞ്ഞത് ബാങ്ക് ജീവനക്കാരന്‍ ചന്ദ്രന്‍റെ മുഖം. ചിന്തയില്‍ ആമ്പല്‍ പൂ ചിരിയോടെ കടന്നു വരുന്ന ചന്ദ്രനേയും സാളഗ്രാമം പോലിരിക്കുന്ന ഗോമതിക്കുട്ടിയെയും ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ സാറായുടെ മുഖം പുളിച്ച മാങ്ങാ കടിച്ചപോലെയായി. പക്ഷേ സ്നേഹം സാറായ്ക്കുള്ളില്‍ ഇരുന്ന് പനം കള്ള് പോലെ പതയാന്‍ തുടങ്ങി. ഉച്ചമയക്കം കൊട്ടിക്കളഞ്ഞ് സാറാം ചെംപട്ടു സാരി ചുറ്റി മുടി മിനുക്കി ഒറ്റ നട ബസ്സ്റ്റോപ്പിലേയ്ക്.
അന്തിക്ക് ചെന്നെത്തിയത് റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ഭാനുമതിയമ്മയുടെ പൂമുഖത്ത്. വാതില്‍ തുറന്ന് അവര്‍ അരികിലെത്തിയപ്പോള്‍ സാറാ അടയാള വാക്യങ്ങളുടെ അകമ്പടിയോടെ ചിരി കുടഞ്ഞു. സങ്കോചത്തില്‍ മുറിഞ്ഞു വീഴുന്ന ആശയങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ഭാനുമതിയമ്മ കാതോര്‍ത്തു. വേലക്കാരി കൊണ്ട് വച്ച ജൂസ് വലിച്ച് കുടിച്ച് തൊണ്ട കുളിര്‍ക്കെ സാറാ ചിന്തിച്ചു. എന്ത് നല്ല കുലീനമായ പെരുമാറ്റം. പക്വത ഉരുവം പിടിച്ച വാക്കുകള്‍. ടീച്ചറല്ലേ, ഭാനുമതിയമ്മ അങ്ങനെയായതില്‍ അത്ഭുതമില്ല. അവരുടെ പ്രൗഢതയാര്‍ന്ന പെരുമാറ്റം സാറായ്ക്ക് നന്നെ പിടിച്ചു. ഫോട്ടോയും ജാതകവും നല്‍കി യാത്ര പറയുമ്പോള്‍ സാറായുടെ ഉള്ളില്‍ കൊടുക്കുന്ന കടപ്പാടിന്‍റെ കല്യണമേളം മുഴങ്ങുകയായിരുന്നു.
സാറാ പുതിയ ഒരു അനുഭവത്തിന്‍റെ പടിപ്പുര താണ്ടി പച്ചപ്പിലേയ്ക്കിറങ്ങി. സാറായുടെ ഉപകാരം നീട്ടിയ ഫോട്ടോയിലേയ്ക്ക് ഭാനുമതിയമ്മ നോക്കിയിരിക്കെ സത്യത്തിന്‍റെ തീപ്പൊരി ഊതുന്ന വാക്കുകളുമായി വേലക്കാരി അടുക്കളയില്‍ നിന്നും മുമ്പിലെത്തി.
അവള്‍ കലമ്പിയ അറിവില്‍ സാറാ നിറഞ്ഞു നിന്നു. സാറായുടെ ഭൂതകാലത്തിന്‍റെ കെട്ടഴിച്ചിട്ടതോടെ ഭാനുമതിയമ്മയില്‍ സാറായോടുള്ള വെറുപ്പിന്‍റെ കട പൊട്ടിപൊടിയ്ക്കാന്‍ തുടങ്ങി. പെറ്റ തള്ളയുടെ കഞ്ഞിയില്‍ പാറ്റയിട്ടവള്‍. ഒറ്റ മോനെ തട്ടിയെടുത്ത് നായര്‍ തറവാട് കുലംതോണ്ടിയവള്‍. കുടുംബം കലക്കി, പടികേറ്റാന്‍ കൊള്ളൂല്ല അശ്രീകരം! ജാടക്കാരി.
സാറായുടെ ഉദ്ദേശ്യശുദ്ധിക്കുമേല്‍ കരി വീഴുകയായിരുന്നു. നമുക്ക് പറ്റിയതല്ല ടീച്ചറെ ഈ ബന്ധം. ചെങ്ങാത്തം കൂടാന്‍ പറ്റിയ സാധനമല്ല അവര്. നീരാളിയാ, പിടിച്ചാല്‍ വിടില്ല. സാറായുടെ മന:പായസത്തില്‍ വിഷത്തുള്ളികള്‍ വീണത് അറിയാതെ പാടം താണ്ടുകയാണിപ്പോഴും ആ പാവം.
ചെകിട് അടപ്പിയ്ക്കുന്ന കഥകള്‍ കേട്ട് ഭാനുമതിയമ്മയുടെ ബുദ്ധിയില്‍ സാറാ ദുഷ്ടാകാരമായി വളരാന്‍ തുടങ്ങി. വേലക്കാരിയുടെ താക്കീതുകള്‍ ശരിവയ്ക്കപ്പെട്ടു. ഭാനുമതിയമ്മയുടെ നോട്ടം പാടം താണ്ടി പാതയോരത്ത് എത്തിനിന്നു. കഴിഞ്ഞ കാലത്തിന്‍റെ കരാളഹസ്തം തന്നെ വട്ടം പിടിയ്ക്കുന്നതറിയാതെ സാറാ ബസ് കാത്ത് നില്‍ക്കുന്നു.
അങ്ങകലെ പൊട്ടുപോലെ കാണപ്പെടുന്ന ആ രൂപം മൂട്ടയായി തന്‍റെ ജീവിതത്തിലേയ്ക്ക് അരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പടിപ്പുര കൊട്ടി അടച്ച് തിരിച്ചെത്തി ഭാനുമതിയമ്മ മറ്റു ചില ആലോചനയ്ക്ക് എഴുതിരിയിട്ട് വിളക്ക് കൊളുത്തി വെളിച്ചം പകര്‍ന്നു.