Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യത്തിന്‍റെ മഴ

പൊന്‍കുന്നം വര്‍ക്കി

ഐശ്വര്യത്തിന്‍റെ  മഴ
വീട്ടുവരാന്തയില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ഞാനിരിക്കുകയാണ്. മുറ്റത്തു വീഴുന്ന മഴത്തുള്ളികളില്‍ ഒന്നും വായിച്ചെടുക്കാന്‍ ഞാന്‍ മെനക്കെടാറില്ല. വാര്‍ധക്യത്തിന്‍റെ പടികള്‍ കയറുമ്പോള്‍ എല്ലാവര്‍ക്കും മഴ ഒരു തണുപ്പേറിയ അനുഭവമായി മാറുകയാണ് പതിവ്. എനിക്ക് അങ്ങിനെയൊരു പ്രശ്നമില്ല.

നന്മകള്‍ മാത്രമേ മഴ സമ്മാനിച്ചിട്ടുള്ളൂ; എനിക്കും എന്‍റെ നാടിനും കേരളത്തെപ്പറ്റി പറയുമ്പോള്‍ എല്ലാവരും സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഹരിതാഭ, കണ്ണിനു കുളിരേകുന്ന പച്ചപ്പ്, മുടക്കമില്ലാതെ പെയ്യുന്ന രണ്ടു മഴക്കാലമാണ് ഇതിനു പിന്നില്‍. ഇടവപ്പാതിയും തുലാവര്‍ഷവും നല്‍കുന്ന തെളിനീരില്‍ നിന്നാണത്രെ കൈരളി ഇത്രയും സുന്ദരിയായത്.

നമ്മുടെ നാടിന്‍റെ സൗന്ദര്യം അറിയണമെങ്കില്‍ ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളില്‍ പോവണം. ആന്ധ്രാപ്രദേശിലോ ഒറീസയിലോ പോയി നോക്കൂ. കേരളത്തിന്‍റെ ഹരിതഭംഗിയുടെ നന്മ അപ്പോള്‍ മനസിലാവും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവനെ സംബന്ധിച്ചു സ്വര്‍ഗമാണ് കേരളം. ഈ ഐശ്വര്യത്തിന്‍റൈയെല്ലാം പിന്നില്‍ മഴയാണ്, രണ്ടു കാലഘട്ടങ്ങളിലായി വിരുന്നിനെത്തുന്ന തകൃതിയായ മഴ.

മഴയെ ഒരിക്കലും പഴിച്ചിട്ടില്ല. മഴമൂലം ദുഃഖിച്ചിട്ടുമില്ല. പെയ്തൊഴിയുന്ന പേമാരി എന്നും സന്തോഷം മാത്രമേ നല്‍കിയിട്ടുള്ളൂ. പക്ഷേ, ഇതൊക്കെയാണെങ്കിലും മഴയെക്കുറിച്ച് ഒരു കഥ പോലും ഞാന്‍ എഴുതിയിട്ടില്ല. അതില്‍ ദുഃഖവുമില്ല. മഴ നല്‍കിയ അനുഭവം കഥയാക്കാന്‍ ഇനിയൊട്ട് ഉദ്ദേശ്യവുമില്ല.




Share this Story:

Follow Webdunia malayalam