Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രഹനില

ആര്‍. രാജേഷ്

ഗ്രഹനില
P.S. AbhayanWD
''ഈ വിവാഹം നടക്കില്ല. നടന്നാല്‍ മൂന്നുരാത്രിക്കപ്പുറം നിങ്ങള്‍ ഒന്നിച്ചുണ്ടാവില്ല. അവള്‍ മരിക്കും."
കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരി പറഞ്ഞതൊന്നും പിഴച്ചിട്ടില്ല.
'' എന്നാലും തിരുമേനീ, മൂന്നു വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന മോഹമാണ്... ഒന്നിച്ചൊരു ജീവിതം... പരിഹാരം എന്തെങ്കിലും ചെയ്താല്‍...?" നരേന്ദ്രനു പ്രതീക്ഷയുണ്ട്.
'' ഇല്ലെടോ... ഞാന്‍ ഒന്നും കാണുന്നില്ല...ഈ ജാതകങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല... താന്‍ അവളെ മറക്ക്...എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടെന്ന് ആശ്വസിച്ചു കൂടെ..."

എന്തു ചെയ്യും? സുനിതയോട് എല്ലാക്കാര്യങ്ങളും പറയണോ. അല്ലെങ്കില്‍ ഇങ്ങനെ നോക്കിയതൊക്കെ പറയാതിരിക്കാം... പക്ഷെ പിന്നീട് അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍... എന്താണു വേണ്ടതെന്ന് നരേന്ദ്രന് എത്തും പിടിയും കിട്ടിയില്ല.
സുനിതയോട് കാര്യങ്ങള്‍ പറഞ്ഞൊപ്പിക്കാന്‍ വല്ലാതെ പാടുപെട്ടു.
'' മൂന്നു രാത്രി വേണ്ടാ. ഒരു ദിവസം ഒന്നിച്ചു കഴിഞ്ഞിട്ട് മരിച്ചാലും സന്തോഷമേയുള്ളൂ..."
നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞപ്പോള്‍ നരേന്ദ്രന്‍ നിശബ്ദനായി നിന്നു.

അവന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി അവള്‍ കരഞ്ഞു. ഹൃദയം ചുട്ടു പൊള്ളുന്നുണ്ടെന്ന് അവനു തോന്നി. പിന്നെ കുറേ സമയം അവര്‍ എന്തോ ഓര്‍ത്തിരുന്നു. പിന്നെ അവള്‍ പറഞ്ഞു: '' നമുക്കിത്രയേ വിധിച്ചിട്ടുണ്ടാവൂ... നീ വൈകാതെ കല്യാണം കഴിക്കണം... അമ്മയും സഹോദരനുമൊക്കെ അത് ആഗ്രഹിക്കുന്നുണ്ട്.''
" നീയല്ലാതെ മറ്റൊരു പെണ്ണിനെ... എനിക്കു വയ്യ...''
"അതൊക്കെ മറക്കണം... എനിക്കു വിഷമം ഒന്നുമില്ല... സത്യം...''
നുണ പറയാന്‍ അവള്‍ക്കറിയില്ല.

അവളെ മറക്കാന്‍ പറ്റില്ലെന്ന് നരേന്ദ്രന് മനസിലായി. നരേന്ദ്രന്‍റെ സങ്കടം കണ്ട് അമ്മ തിരക്കി; ഒടുവില്‍ അമ്മയും പറഞ്ഞു. അതു വേണ്ടായെന്ന്.
"ചേരാത്ത ജാതകം ചേര്‍ത്തിട്ട്...നിനക്ക് അതിലും നല്ല ഒരു പെണ്ണ് എവിടെയോ ഉണ്ട്.''

ദിവസങ്ങള്‍ കടന്നു പോയി. തൊഴാന്‍ പോയി മടങ്ങിയെത്തിയ അമ്മയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം. രാത്രി ഊണു കഴിക്കുന്നതിനിടെ അതിന്‍റെ കാരണം മനസിലായി. കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരിയുടെ മകള്‍ ഭാമ സുന്ദരിയാണ്. മകന്‍റെ ജാതകം തിരുമേനി പണ്ടേ നോക്കിയിട്ടുള്ളതാണ്. ഇരുവരുടേയും ഗ്രഹനിലയില്‍ അപൂര്‍വ യോഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടത്രേ. ഊണു പാതിയാക്കി നരേന്ദ്രന്‍ എഴുന്നേറ്റു.

webdunia
P.S. AbhayanWD
അമ്മയുടെ നിര്‍ബന്ധം ഏറി വന്നു. അങ്ങനെ ഭാമയുമായുള്ള വിവാഹം നടന്നു.

സുനിത കിടക്കേണ്ട മുറിയാണിത്. നരേന്ദ്രന്‍റെ മനസ് പിടഞ്ഞു. പഴയതൊക്കെ മനസില്‍ നിന്ന് പടിയിറക്കി വിടാന്‍ തനിക്ക് ഒരിക്കലും ആവില്ല. ആരെങ്കിലും പറഞ്ഞ് അവള്‍ വിവരമൊക്കെ അറിഞ്ഞിട്ടുണ്ടാവും. എങ്കില്‍ ഈ രാത്രി സുനിത ഉറങ്ങില്ല. വിവാഹം ക്ഷണിക്കാന്‍. .. ഒന്നു വിളിച്ച് അറിയ്ക്കാന്‍ പലവട്ടം ഒരുങ്ങിയതാണ്. പിന്നെ വേണ്ടായെന്നു വച്ചു.

ഭാമ കടന്നു വന്നത് അറിഞ്ഞതേയില്ല. ഷീറ്റ് താഴെ വിരിക്കുന്നതിനിടെ അവള്‍ പറഞ്ഞു: ഞാന്‍ 21 ദിവസത്തെ വ്രതത്തിലാ... ഇവിടെ കിടന്നോളാം.
'' എന്താ ഭാമേ, എന്തു വ്രതം...?""
'' വര്‍ഷങ്ങളായി കാത്തിരുന്ന ദിവസമാണിന്ന്. മനസിലുള്ള മോഹം സഫലമാവാന്‍ ഇനിയു കുറേ ദിവസങ്ങള്‍ കൂടി മതിയല്ലോ... "
മാധവന്‍ നമ്പൂതിരിയുടെ മകളല്ലേ. ഇതൊക്കെ ഇനി സഹിക്കേണ്ടി വരും. കൂടുതലൊന്നും ചോദിക്കാന്‍ നില്‍ക്കാതെ നരേന്ദ്രന്‍ പുതപ്പിനിടയിലേയ്ക്ക് നൂഴ്ന്നു.

ഇടയ്ക്ക് ഭാമയെ നരേന്ദ്രന്‍ ശ്രദ്ധിച്ചു. ഉറക്കത്തിനിടയിലും അവള്‍ പുഞ്ചിരിക്കുനു.

ബന്ധുവീടുകളില്‍ പോവാനൊന്നും ഭാമയ്ക്ക് താല്‍‌പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സമ്മതിച്ചെന്നു മാത്രം. ഒരാഴ്ച കഴിഞ്ഞു. ഭാമയുടെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. അമ്മയോട് അനാവശ്യമായി കയര്‍ത്തു സംസാരിക്കുന്നത് നരേന്ദ്രന്‍ ശ്രദ്ധിച്ചു. കൂടാതെ, തന്‍റെ ചോദ്യങ്ങളൊന്നും കേട്ടില്ലായെന്ന് നടിക്കുന്നു. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും മടി. ഭാമയ്ക്ക് എന്തു പറ്റി?

രാത്രി ഭാമ പൊട്ടിക്കരയുന്നത് കണ്ട് നരേന്ദ്രന്‍ അടുത്തു ചെന്നു.
'' എന്തു പറ്റി ഭാമേ...?""
ചുമലില്‍ സ്പര്‍ശിച്ച നരേന്ദ്രന്‍റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ ചീറി.
'' എന്താ കാര്യം? പറയാതെങ്ങനാ മനസിലാവുന്നത്..."
ബഹളം കേട്ട് അമ്മയും വന്നു.
'' എന്താ മോളേ... നരേന്ദ്രാ നീയിവളെ വഴക്കു പറഞ്ഞോ?"

അവന്‍ മിണ്ടാതെ നിന്നു.

'' ഞാന്‍ എത്ര ദിവസമായി പറയുന്നു...നിങ്ങള്‍ രണ്ടാളും എവിടെയ്ക്കെങ്കിലും യാത്ര പോവാന്‍... നാളെത്തന്നെ പോ. ജയന്‍ മാമന്‍ എത്ര ദിവസമായി വിളിക്കുന്നു... വയനാട്ടിലെയ്ക്ക് ചെല്ലാന്‍ പറഞ്ഞ്...". അമ്മ പറഞ്ഞതു കേട്ട് ഭാമയുടെ ഭാവം മാറി.
'' എനിക്കൊരിടത്തും പോവേണ്ടാ... എന്നെ വീട്ടില്‍ കൊണ്ടു വിട്ടാല്‍ മതി"

'' അതിനിപ്പോ എന്താ മോളെ ഉണ്ടായത്...?"
'' പ്രകാശേട്ടന്‍ എട്ടു ദിവസമായി ഉറങ്ങിയിട്ട്... എന്നെ ആദ്യം കെട്ടുന്നയാള്‍ ആറു ദിവസത്തിനകം മരിക്കുമെന്നാ അച്ഛന്‍ പറഞ്ഞത്... അതു കൊണ്ടാ ഞാന്‍ ഇതിനു സമ്മതിച്ചത്...എന്നിട്ടിപ്പോ... അച്ഛനും എന്നെ ചതിക്കുകയായിരുന്നു...എട്ടു ദിവസം കഴിഞ്ഞില്ലേ...പ്രകാശേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല." ഭാമ തേങ്ങിക്കരഞ്ഞു. നരേന്ദ്രന്‍ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി. പിന്നെ അമ്മയേയും.

Share this Story:

Follow Webdunia malayalam