അലറിയെത്തുന്ന മഴ ഇറയത്തുനിന്ന് ആസ്വദിക്കുകയാണ് ലക്ഷ്മിയമ്മ. കൊയ്യാറായ പാടങ്ങളും തൊടിയുമൊക്കെ നനഞ്ഞു തുങ്ങിയിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് തന്നെ ഒറ്റയ്ക്കാക്കി കടന്നു പോയ മാധവേട്ടന്‍റെ ആത്മാവുറങ്ങുന്ന വീട്ടില്‍ ലക്ഷ്മിയമ്മ തനിച്ചാണ്. മക്കളും മരുമക്കളുമൊക്കെ നഗരങ്ങളില്‍ ചേക്കേറിയിരിക്കുന്നു. ഒറ്റപ്പെടലിന്‍റെ വ്യഥയൊക്കെ മനസിന്‍റെ കോണിലൊതുക്കി ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ ലക്ഷ്മിയമ്മ സുഖകരമായ ഒരന്ത്യം സ്വപ്നം കാണുന്നു.
ചെമ്മണ്‍പാത കടന്ന് പാടവരമ്പിലൂടെ ഒരു പെണ്‍കുട്ടി നടന്നു വരുന്നു. മഴ ശക്തി പ്രാപിച്ചു. കാഴ്ച കൂടുതല്‍ അവ്യക്തമായി. വെളുത്ത് കൊലുന്നനെയുള്ള സുന്ദരിപ്പെണ്ണ് ലക്ഷ്മിയമ്മയുടെ അടുത്തെത്തി. പതിനഞ്ചോ പതിനാറോ വയസ് തോന്നിക്കും. പട്ടുപാവാടയും ബ്ലൗസും മഴയില്‍ കുതിര്‍ന്ന് ശരീരത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു. തോളില്‍ തൂക്കിയിരുന്ന ബാഗ് ഇറയത്തുവച്ച ശേഷം പാവാടയുടെ തുമ്പുയര്‍ത്തി നനവുമാറ്റാന്‍ അവള്‍ ശ്രമിച്ചു. സ്വര്‍ണ്ണ പാദസരം കാലുകള്‍ക്ക് കൂടുതല്‍ അഴകു നല്‍കുന്നു.
ലക്ഷ്മിയമ്മ ചോദ്യഭാവത്തില്‍ അവളെ നോക്കി.
" മുത്തശ്ശീ, എന്നെ മനസിലായില്ലേ?"
എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ...
മഴയുടെ തണുപ്പില്‍ പ്പെടാതെ മാറിന്‍റെ ചൂടു പറ്റിക്കിടന്ന മാലയിലെ ലോക്കറ്റ് അവള്‍ ഉയര്‍ത്തിക്കാട്ടി.
" ഇത് സുഭദ്രയുടെ...? "
" അതേ മുത്തശ്ശീ... എന്റമ്മയ്ക്ക് മുത്തശ്ശി കൊടുത്തതാ ഇത്."
ബാങ്കില്‍ കാഷ്യറായ പ്രിന്‍സിനെ സ്നേഹിച്ച്, എല്ലാം ഉപേക്ഷിച്ചു പോയ സുഭദ്രയുടെ മുഖം തന്നെയാണിവള്‍ക്ക്. പേരക്കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ ഒറ്റയ്ക്കല്ലായെന്ന് അവര്‍ തിരിച്ചറിഞ്ഞു. സുഭദ്രയോട് മനസിലുണ്ടായിരുന്ന പിണക്കം എത്രവേഗമാണ് ഇല്ലാതായത്.
" അവളെന്നാ വരാഞ്ഞത്?"
"പപ്പായ്ക്ക് സുഖമില്ല. ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞ് ബാംഗ്ലൂര് തന്നെയാ.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ മുത്തശ്ശീ..."
ഭിത്തിയില്‍ തങ്ങളെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന മാധവേട്ടന്‍റെ മുഖത്ത് സന്തോഷമില്ലേ? അവസാന കാലത്ത് വീണുകിട്ടിയ മഹാഭാഗ്യം പോലെ... സുഭദ്രയുടെ മകള്‍...
" മാളവികാന്നല്ലേ മോള്‍ടെ പേര്?"
"അതെ മുത്തശ്ശീ..."
മുമ്പെപ്പോഴോ ആരോ പറഞ്ഞത് ലക്ഷ്മിയമ്മ മറന്നിട്ടില്ല.
"മുത്തച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്നേം കൂട്ടി വന്നിരുന്നു. ഇങ്ങോട്ട് കയറാന്‍ കൂടി ആരും സമ്മതിച്ചില്ല."
ലക്ഷ്മിയമ്മയ്ക്ക് അത് പുതിയൊരറിവായിരുന്നു.
" മുത്തശ്ശീ, ഞാനീ നനഞ്ഞതൊക്കെയൊന്നു മാറ്റട്ടെ..."
അവര്‍ മാളവികയ്ക്ക് മുറി കാട്ടിക്കൊടുത്തു.
സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍, തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയവള്‍ക്ക് എന്തു കാര്യമെന്ന് മക്കള്‍ മാധവേട്ടനോട് ചോദിച്ചത് അവര്‍ ഓര്‍ത്തു. എന്നിട്ടും, ക്ഷേത്രക്കുളത്തോട് ചേര്‍ന്നുകിടക്കുന്ന ഒരുതുണ്ട് ഭൂമി സുഭദ്രയുടെ പേരില്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം മറന്നില്ല. വേണ്ടതൊക്കെ കിട്ടിയപ്പോള്‍ മക്കളുടെ വിധം മാറി. ഇപ്പോള്‍ ആര്‍ക്കും ഒന്നിനും സമയമില്ല.
നാലുവര്‍ഷം മുമ്പാണ് മക്കള്‍ എല്ലാവരും ഒടുവില്‍ തറവാട്ടില്‍ ഒത്തു ചേര്‍ന്നത്. പരദേവതയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറയില്‍ രത്നമാലകളും മറ്റും കൊത്തു പണികളുള്ള ചന്ദനപ്പെട്ടിയില്‍ സുരക്ഷിതമായി വച്ചിട്ടുണ്ടെന്ന് മക്കള്‍ക്കറിയാം. അതുകൂടി പങ്കു വച്ചാല്‍ പിന്നെ മക്കള്‍ തിരിഞ്ഞു നോക്കില്ലായെന്ന് അവര്‍ പണ്ടേ
മനസിലാക്കിയിരിക്കുന്നു. തന്‍റെ മരണശേഷം മാത്രം അക്കാര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന് അവര്‍ മക്കളോട് പറഞ്ഞു. ലക്ഷ്മിയമ്മെയെ അനുനയിപ്പിക്കാന്‍ മക്കള്‍ കിണഞ്ഞു ശ്രമിച്ചു. അവര്‍ വഴങ്ങിയില്ല. പതിയെപ്പതിയെ മക്കളുടെ വരവും നിലച്ചു.
നാട്ടില്‍ത്തന്നെയുള്ള അകന്ന ബന്ധു രാമനാഥനെ മക്കള്‍ വിളിക്കാറുണ്ട്. മക്കള്‍ തന്‍റെ മരണം വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് ലക്ഷ്മിയമ്മയ്ക്കറിയാം. രാത്രി ഒറ്റയ്ക്ക് കഴിയാനൊന്നും അവര്‍ക്കിപ്പോള്‍ ഭയമില്ല. ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കാന്‍ എത്തുന്ന വത്സല അത്യാവശ്യം വന്നാല്‍കൂട്ടു കിടക്കും. അത്രമാത്രം.
വത്സലയുണ്ടാക്കിയ അത്താഴത്തിന് പതിവിലും രുചിയുണ്ടെന്ന് ലക്ഷ്മിയമ്മയ്ക്ക് തോന്നി. അടുക്കളയില്‍ കാച്ചിവച്ചിരുന്ന പാല്‍ തണുത്തിരിക്കുന്നു. പാല്‍ ചൂടാക്കി അല്‍ പം മധുരവും ചേര്‍ത്ത് മാളവിക മുത്തശ്ശിക്ക് കൊടുത്തു. മുത്തശ്ശിയുടെ കഥകളൊക്കെകേട്ട് ഏറെ വൈകിയാണ് അവള്‍ ഉറങ്ങാന്‍ കിടന്നത്.
സന്തോഷം മാത്രം സമ്മാനിച്ച് മൂന്നാമത്തെ പകലും കടന്നു പോയി. നാളെ മാളവിക മടങ്ങിപ്പോവുകയാണ്. ഇനിയെന്നാണ് ഇങ്ങോട്ട് എന്നു മാത്രം ലക്ഷ്മിയമ്മയ്ക്ക് അറിയില്ല. കഴിഞ്ഞ രാത്രികളിലെന്ന പോലെ ഇന്നും മാളവിക ഇന്നും സെല്‍ ഫോണില്‍ സംസാരിച്ച് പാലമരച്ചുവട്ടില്‍ നില്‍ക്കുന്നുണ്ട്. ആരോടാണിവള്‍ ഇത്രനേരം സംസാരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെയൊന്നും ചോദികുന്നത് ഇഷ്ടമാവില്ലായെന്ന് അവര്‍ മനസില്‍ പറഞ്ഞു.
" അമ്മയായിരുന്നു. മുത്തശ്ശിയുടെ പിണക്കമൊക്കെമാറിയൊയെന്ന് വീണ്ടും
ചോദിച്ചു."
ലക്ഷ്മിയമ്മ ചിരിച്ചു.
" മുത്തശ്ശി എന്റെയൊപ്പം പോര്. ഞാന്‍ നോക്കിക്കൊള്ളാം..."
വന്ന ദിവസവും അവള്‍ ഇതുതന്നെ പറഞ്ഞു.
" ഇവിടെ മുത്തച്ഛന്‍റെ അസ്ഥിത്തറയില്‍ പിന്നാരാ മോളേ വിളക്കു
വയ്ക്കാന്‍...?"
മാളവിക പിന്നെയൊന്നും പറഞ്ഞില്ല.
" മുത്തശ്ശീ, നല്ല വിശപ്പ്..."
" ഇന്നെന്താ മാളൂ, നേരത്തെ?"
" നേരത്തെ കിടക്കണം... പുലര്‍ച്ചെ പോവേണ്ടതല്ലേ..."
ലക്ഷ്മിയമ്മയുടെ മുഖം വാടി.
" ഇനിയെന്നാ മോളേ...?
" വരും മുത്തശ്ശീ... ഉറപ്പായും.."
" കൊച്ചുമക്കള്‍ക്കൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്. എന്‍റെ കുഞ്ഞിനു മാത്രം
ഞാനൊന്നും തന്നിട്ടില്ല."
" എനിക്കീ സ്നേഹം മാത്രം മതി മുത്തശ്ശീ..."
മുത്തശ്ശി മാളവികയുടെ കൈ പിടിച്ച് നടന്നു. നിലവറയുടെ പൂട്ട് തുറന്നു. പഴക്കം തോന്നിക്കുന്ന, കൊത്തുപണികളുള്ള രണ്ട് ആഭരണപ്പെട്ടികള്‍...
" ഇത് ഭഗവതീടെ ആഭരണങ്ങളാ. നിത്യപൂജ മുടങ്ങിയതോടെ ഇതൊക്കെ ഇവിടെത്തന്നെയാ..."
രണ്ടാമത്തെ പെട്ടി അവര്‍ തുറന്നു. രത്നമാലകളും മോതിരങ്ങളും സ്വര്‍ണ്ണകാല്‍ത്തളയുമൊക്കെ അടുക്കി വച്ചിരിക്കുന്നു.
" ഇതിനു വേണ്ടിയാ മോളേ, എന്‍റെ മക്കള്‍ അമ്മ മരിച്ചോയെന്ന് വിളിച്ച് അന്വേഷിക്കുന്നത്.
മാളുവിന്‍റെ മുഖം വാടി.
" വാ മുത്തശ്ശീ, നമുക്ക് ചോറുണ്ടിട്ട് കിടക്കാം..."
പെട്ടിയില്‍ നിന്ന് രത്നമാലയെടുത്ത് മുത്തശ്ശി മാളുവിന്റെ കഴുത്തില്‍ അണിയിക്കാനൊരുങ്ങി. അവള്‍ തടഞ്ഞു.
" ഇതൊന്നും വേണ്ട മുത്തശ്ശീ..."
അവര്‍ക്ക് സങ്കടമായി.
" മുത്തശ്ശി വിഷമിക്കേണ്ടാ, എന്റെ കല്യാണത്തിന് മുത്തശ്ശി ഇതു തന്നാല്‍ മതി..."
പേരക്കുട്ടിയുടെ വിവാഹത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ലക്ഷ്മിയമ്മയുടെ മനം കുളിര്‍ത്തു.
മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു..
" മാളു വന്ന ദിവസവും മഴയായിരുന്നു... ദാ ഇപ്പോഴും..."
അവള്‍ ചിരിച്ചു.
" കിടക്കാന്‍ നേരം അല്‍ പം മധുരം ചേര്‍ത്ത് ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍
നല്ല ഉറക്കം കിട്ടും. കഷായമൊക്കെ മുടങ്ങാതെ കഴിക്കണം..."
അവര്‍ തലയാട്ടി.
" പിന്നെ, എന്‍റെയൊപ്പം വരുന്ന കാര്യം മുത്തശ്ശി ആലോചിക്കണം... ഇങ്ങനെ തനിച്ചാക്കി പോവാന്‍... എനിക്കെന്തോ..."
ലക്ഷ്മിയമ്മയുടെ നനവുപടര്‍ന്ന കവിളില്‍ അവള്‍ ചുണ്ടമര്‍ത്തി.
" ഞാനീ ഗ്ലാസ് കഴുകി വച്ചിട്ട് വരാം... മുത്തശ്ശി കിടന്നോളൂ..."
മഴ കുറഞ്ഞിട്ടുണ്ട്. പാടത്തിനപ്പുറം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിരുന്ന കാറിനടുത്തേയ്ക്ക് മാളവിക നടന്നടുത്തു. ഡ്രൈവിംഗ് സീറ്റില്‍ പുകയൂതിയിരിക്കുന്ന ചെമ്പന്‍ തലമുടിക്കാരന്‍ അവള്‍ നീട്ടിയ ആഭരണപ്പെട്ടികള്‍ വാങ്ങി പിന്‍സീറ്റിലേയ്ക്ക് വച്ചു. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു.
" നിധി കാക്കും ഭൂതം എവിടെ?"
മാളവിക ചിരിച്ചു കൊണ്ട് ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി. അവള്‍ പാലില്‍ കലര്‍ത്തിയ വിഷം ആകാശത്ത് നീലനിറമായി പടര്‍ന്നിരുന്നു.
Follow Webdunia malayalam