Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരാലംബരി

ഡോ രാജ് കുമാറിണ്ടെ കഥ

നിരാലംബരി
അപസ്വരങ്ങളുറഞ്ഞ പാഴ്വഴികള്‍ മറന്ന്, ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ സുഖമുതിര്‍ത്ത്, ആ വലിയ കൊട്ടാരത്തിലെ ഇരുണ്ട ഇടനാഴിയില്‍ ഊഴം കാത്ത് ഞാനും നിന്നു. നിരപരാധിയായിരുന്നെങ്കിലും എന്‍റെ മഞ്ഞിച്ചു മങ്ങിയ വെള്ളവസ്ത്രം അവിടവിടെ ചോരക്കറവീണു ചുവന്നിരുന്നു. എനിയ്ക്കു മുന്നില്‍ സ്വര്‍ണവര്‍ണമുള്ള കുപ്പായമണിഞ്ഞ കോമളനായ ഒരു യുവാവ്.

നെറ്റിയിലൂടെ ഊര്‍ന്നു വീണ നീണ്ട ചുരുണ്ട മുടി അയാളെ അതിസുന്ദരനാക്കി. മുടി മാടിയൊതുക്കിക്കൊണ്ട് അയാളെന്നെ അടിമുടി വീക്ഷിച്ചു. അയാളുടെ നെറ്റി ചുളിയുന്നതും കണ്ണുകളില്‍ വെറുപ്പു നിറയുന്നതും ഞാന്‍ കണ്ടു. മൂക്കുപൊത്തി, മുഖം വെട്ടിച്ച് ആവുന്നതും മുന്നിലേയ്ക്ക് അയാള്‍ നീങ്ങിനിന്നു.

അയാളുടെ കയ്യിലെ അതിമനോഹരമായ ചിത്രപ്പണികളുള്ള മണിവീണ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഗായകനായിരിക്കും. സമ്പത്തും സംഗീതവും സൗന്ദര്യവും ഒത്തിണങ്ങിയ ഭാഗ്യവാന്‍. ഇടയ്ക്കിടെ അയാള്‍ തന്ത്രികളെ തലോടുന്നുണ്ടായിരുന്നു. എന്നാല്‍ എനിയ്ക്ക് ആ നാദം കേള്‍ക്കാനാവുമായിരുന്നില്ല. ആ തന്ത്രികളില്‍ ഒന്നു വിരലോടിയ്ക്കാന്‍ അതിയായ മോഹം തോന്നി. പക്ഷെ...

ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോഴേയ്ക്കും ചന്ദനത്തില്‍ തീര്‍ത്ത, കൊത്തുപണികള്‍ കൊണ്ടു മനോഹരമാക്കിയ വലിയ വാതില്‍ തുറന്ന് അവന്‍ ഉള്ളിലേയ്ക്ക് കടന്നിരുന്നു. ആ സമയം ഒരു അലൗകിക സംഗീതത്തിന്‍റെ സുഗന്ധം പുറത്തേയ്ക്കൊഴുകിയിറങ്ങി.

അടുത്തത് എന്‍റെ ഊഴമാണ്. എന്താണ് സംഭവിക്കുകയെന്നറിയില്ല. ഒരുപക്ഷേ കണ്ടുടനെ ആട്ടി പുറത്താക്കിയേക്കാം. എന്നാലും പരിഭവമില്ല. ഒരു പ്രാവശ്യമെങ്കിലും കണ്‍നിറയെ ഒന്നു കാണാമല്ലൊ. ഒരു മൊഴിയെങ്കിലും കേള്‍ക്കാമല്ലൊ.അതുമതി. ഓര്‍മ്മവച്ച നാള്‍മുതല്‍ കൊണ്ടു നടന്ന മോഹം.

എന്‍റെ ഹൃദയതാളം എന്നെ അലസോരപ്പെടുത്താന്‍ തുടങ്ങി. ഒന്നും ശരിയ്ക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല. ഇതൊന്നു നിന്നെങ്കില്‍ ആത്മാവിന്‍റെദാഹം ശരീരത്തിന്നറിയില്ലല്ലോ.

പെട്ടെന്നു ഒരു നീലിച്ച വിഷാദം എങ്ങും പരന്നു. ഒരു നേര്‍ത്ത തേങ്ങല്‍. താനേ തുറന്ന വാതിലിലൂടെ അത്യാംകാംഷയോടെ ഞാന്‍ ഉള്ളില്‍ക്കടന്നു. ക്ഷണിക്കപ്പെടാന്‍ കാത്തു നില്‍ക്കാതെ.

പുര്‍ണ്ണപ്രകാശംപോലെ ശുഭ്രവസ്ത്രം ധരിച്ച് മഹാതേജസ്വിയായ ദേവി സ്വര്‍ണ്ണസിംഹാസനത്തില്‍ ഉപവിഷ്ടയായിരിക്കുന്നു. മടിയില്‍ വീണയുമായി മുന്നില്‍ സ്വര്‍ണ്ണക്കമ്പോളത്തില്‍ ആ യുവാവ്. അവന്‍റെകണ്ണില്‍ ഈറന്‍ പടര്‍ന്നിരിക്കുന്നു. നിസ്സഹായതയും.

""അവിടെ ഇരിയ്ക്കുക''.

ഇന്നും തന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്തതുതന്നെ നടന്നിരിക്കുന്നു. ശുഭമെന്നൊരു വ്യത്യാസം മാത്രം. ഭയാശങ്കകളൊക്കെ അസ്ഥാനത്ത്.

വിവര്‍ണ്ണനായിരിക്കുന്ന യുവാവിന്‍റെ പിന്നില്‍ ഒരു പഴയവീണ. വീണയുടെ അരികില്‍ തടിച്ചൊരു പുസ്തകം. അവിടേയ്ക്കാണ് കൈ ചൂണ്ടിയത്. ഭയഭക്തിബഹുമാനങ്ങളോടെ അനുസരിച്ചു.

""ചേര്‍ന്നു വായിക്കൂ.''

ഞാനറിയാതെ എന്‍റെ കൈവിരലുകള്‍ചലിച്ചു. സായൂജ്യമായി. സ്വരങ്ങള്‍ ഇഴതീര്‍ത്ത ആ നാദബ്രഹ്മത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു. കാലവും ദേശവുമില്ലാതായി. എനിയ്ക്കൈന്‍റെ ശരീരം നഷ്ടപ്പെട്ടതുപോലെ.സ്വര്‍ഗ്ഗീയ സുഖം! സുഖം മാത്രം! അതീന്ദ്രീയ സുഖം.!

പിന്നൈപ്പൊഴോ എനിയ്ക്ക് ശരീരമുണ്ടായി. ബോധമുണ്ടായി. കാലവും ദേശവുമുണ്ടായി.പക്ഷെ കണ്ണു തുറന്നപ്പോള്‍ ചുറ്റും ശൂന്യതമാത്രം. ദേവിയില്ല. സിംഹാസനമില്ല. യുവാവില്ല. അയാളുടെ കയ്യിലെ അതിമനോഹരമായ ചിത്രപ്പണികളുള്ള മണിവീണയില്ല. സ്വര്‍ണ്ണക്കമ്പളമില്ല.

ഞാനുണര്‍ന്ന ആ മുറി എനിക്കു തീരെ അപരിചിതമായിരുന്നു. ഇടുങ്ങിയ ഇരുണ്ട ഒരു മുറി. കല്ലുകൊണ്ടുള്ള ചുവരുകള്‍. പൊട്ടിപ്പൊളിഞ്ഞ തറയില്‍ അവിടവിടെ കട്ടപിടിച്ച രക്തം. എന്‍റെ വസ്ത്രങ്ങള്‍ ചോരവീണ് പൂര്‍ണ്ണമായും ചുവന്നു കഴിഞ്ഞിരുന്നു.

ഞാനെവിടെയാണ്? എന്താണ് സംഭവിച്ചത്? ശരീരമാകെ നുറുങ്ങുന്ന വേദന. ഒപ്പം സ്വപ്നസ്വര്‍ഗ്ഗം കൈവിട്ടുപോയ മനസ്സിന്‍റെ തേങ്ങലും. ആനന്ദത്തിന്‍റെ ഗിരിശൃംഗത്തില്‍ നിന്നും അഴലാഴിയുടെ അടിത്തട്ടിലേക്ക് എന്നെ വലിച്ചെറിഞ്ഞതാര്? എന്തിന് ? എന്തിന്?

""ദേവി...''

""ദേവി...''

നിലാവെളിച്ചം മാത്രമവശേഷിച്ച ആ ലോകത്തില്‍ ഒരു ആര്‍ത്തനാദമായി എന്‍റെ രോദനം മാറ്റൊലിക്കൊണ്ടു. ബോധവും, കാലവും, ദേശവും വീണ്ടും ഇരുണ്ടിരുണ്ട് ഇല്ലാതാകുമ്പോള്‍ ആശ്വാസമായി എന്‍റെ മടിയിലപ്പോഴും ആ പഴയ വീണയുണ്ടായിരുന്നു. അരികില്‍ തടിച്ച പുസ്തകവും.


ഡോ. ആര്‍. രാജ് കുമാര്‍

വെങ്ങാനൂര്‍ (തിരുവനന്തപുരം) എന്‍. രാമകൃഷ്ണന്‍ നായരുടെയും പി. വിമലാ ദേവിയുടെയും മകന്‍. ഗവ.വിക്ടോറിയ കോളേജില്‍ സുവോളജി അദ്ധ്യാപകന്‍. ഭാര്യ ഡോ.കെ.കെ. ഹേമലതയും അദ്ധ്യാപികയാണ് (എന്‍എസ്എസ് കോളജ്, ഒറ്റപ്പാലം), മക്കള്‍ അശ്വിന്‍ (16), അര്‍ജ്ജുന്‍ (12).

ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ""തഥാസ്തൂ'' എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരം മള്‍ബറി ഉടന്‍ പുറത്തിറക്കും [ിശശശ.ളേമറധണല.ഡമബ[ി - ല്‍ കഥകളും കവിതകളും എഴുതി ""ഷോ-കേസിംഗ്'' ചെയ്തിട്ടുണ്ട്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ 3-ഡി ക്ളബ് എന്ന പേരില്‍ ഒരു സ്വതന്ത്ര ചിന്താ പ്രസ്ഥാനം രൂപീകരിച്ച് നടത്തിവരുന്നു.

വിലാസം
ഡോ. ആര്‍. രാജ് കുമാര്‍
35/453,
വിജയപുരം കോളനി,
തിരുനെല്ലായി പി.ഒ., പാലക്കാട് - 678020
ഇ- വിലാസം : ഢറഝറടനപഴബടറഃണയടളറട.ഡമബ, റടനദണബഃവലഭഫ.ഡമബ

Share this Story:

Follow Webdunia malayalam