ബന്ധങ്ങള്‍ അങ്ങനെയൊക്കെയാണ്. ആഗ്രഹിക്കാത്തപ്പോള്‍ സംഭവിക്കും. നിനച്ചിരിക്കാതെ അവസാനിക്കുകയും ചെയ്യും. അഞ്ചു വര്‍ഷം മുന്‍പ് ഇതു പോലൊരു ഫെബ്രുവരിയിലാണ് മനസിലൊളിപ്പിച്ച പ്രണയം ഹരി നിരഞ്ജനയോട് വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിനൊടുവില്‍ വേദനയോടെ പിരിയുന്ന ദിനം. ഒരേ ക്ളാസില്‍ ഒന്നിച്ചുണ്ടായിട്ടും കാര്യമായി അടുപ്പമൊന്നും കാട്ടാത്ത ചില പെണ്‍കുട്ടികള്‍ കൂടി ഓട്ടോഗ്രാഫ് എഴുതിക്കാന്‍ വന്നപ്പോള്‍ ഹരിക്ക് ജാള്യത തോന്നി. കനം കുറഞ്ഞ വര്‍ണ്ണക്കടലാസുകളിലെ അക്ഷരങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മനസില്‍ വസന്തം തീര്‍ക്കും.
കഥയും കവിതയും ചിത്രരചനയും മാത്രമല്ല സമരമുഖങ്ങളും ഹരി ആസ്വദിച്ചിരുന്നു. ഇനി ജീവിത സമരമാണ്. ഒറ്റയ്ക്ക് പൊരുതാനുറച്ച ഹരിക്ക് പക്ഷേ, നിരഞ്ജനയുടെ മുന്നില്‍ മനമിടറി. അവള്‍ ഇനിയുമെന്തേ വൈകുന്നു? ഒടുവില്‍ അവള്‍ വരുന്നു; വാകമരം തണല്‍ വീഴ്ത്തിയ പാതയിലൂടെ. മനസ്സൊന്നു പിടച്ചു. ഇനിയും ഇതു പറയാനായില്ലെങ്കില്‍...
ചങ്ങാതിമാര്‍ ചേര്‍ന്ന് വലിയൊരു കേക്ക് മുറിച്ചു. കരഘോഷം. പിരിയുന്നത് ദുഖകരമെങ്കിലും ഈ നിമിഷങ്ങള്‍ ആസ്വദിക്കാതിരിക്കുന്നതെങ്ങനെ? നിരഞ്ജനയെ നോക്കി. കറുത്ത നിറത്തിലുള്ള ചുരിദാര്‍ അവള്‍ക്ക് നന്നായിണങ്ങുന്നു. ഹരി ശ്രദ്ധിക്കുന്നതു കണ്ട് അവള്‍ അടുത്തു ചെന്നു.
''എന്താ ഹരീ, പിരിയുന്നതിന്‍റെ വിഷമത്തിലാണോ?""
'അതെ, നിന്നെ പിരിയുന്നതിന്‍റെ വിഷമം" എന്നു മനസില്‍ പറഞ്ഞു.
''ഹരി എനിക്കൊന്നും കുറിച്ചു തന്നില്ല. ഞാന്‍ ഓട്ടോഗ്രാഫ് എടുത്തുകൊണ്ടു വരാം"".
തിരികെയെത്തിയ നിരഞ്ജന ഓട്ടോഗ്രാഫിനൊപ്പം കേക്കിന്‍റെ കഷണവും ഹരിക്കു നീട്ടി. ഹരി അതു വാങ്ങി.
'' ഇതിന്‍റെ പകുതി നിനക്കു തരട്ടെ നിരഞ്ജനാ?""
അവള്‍ തലയാട്ടി.
ഓട്ടോഗ്രാഫില്‍ നിറയെ കുറിപ്പുകള്‍. പച്ച നിറത്തിലുള്ള കടലാസ് തനിക്കുവേണ്ടി മാറ്റിയിട്ടിരുന്നതോ? അവള്‍ തന്നൈത്തൈന്നെ നോക്കി നില്‍ക്കുകയാണ്. അവന്‍ ചിരിക്കാനൊരു വിഫലശ്രമം നടത്തി.
''എന്താ എഴുതേണ്ടത്?""
'' മനസിലെന്തോ അത്?""
'' എങ്കില്‍ ഈ താള്‍ മതിയാവില്ല...""
അവള്‍ ഒന്നും മനസിലാവാതെ ഹരിയെ നോക്കി.
അല്‍ പം സേവിച്ചിരുന്ന ചങ്ങാതിമാരില്‍ ചിലര്‍ കൊട്ടും പാട്ടുമായി രംഗം കൊഴുപ്പിക്കുന്നു.
'' ഇപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല. ഞാന്‍ നിനക്കൊരു കത്തയയ്ക്കാം. പോരേ?""
''എന്ന്?"" അവള്‍ക്ക് ആകാക്ഷ.
'' നാളെത്തന്നെ...""
''അതിനെന്‍റെ വിലാസം അറിയുമോ?""
അതൊക്കെ ഹരി എന്നേ അറിഞ്ഞു വച്ചിരിക്കുന്നു. കൂട്ടുകാരുടെ കണ്ണില്‍പ്പെടാതെ ഒഴിവായി.
ഇതാദ്യമായാണ് ഒരാളോട് ഇങ്ങനെയൊരു ഇഷ്ടം തോന്നിയത്. വാക്കുകള്‍ കിട്ടാതെ കുഴറേണ്ടി വരുന്നതും ആദ്യമായിത്തന്നെ. നിരഞ്ജനയെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങള്‍ സുഖമുള്ള ഓര്‍മകളായി മനസില്‍ ഒഴുകിയെത്തി. കോളജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനുള്ള കഥ തിരുത്തി തരണമെന്നു പറഞ്ഞ് സമീപിച്ച് നിരഞ്ജന. കോളജ് ടൂറിനിടെ ഉറക്കം വരാതെ പുറം കാഴ്ചകളില്‍ ഭ്രമിച്ചിരിക്കെ കലപില കൂട്ടിയ നിരഞ്ജന. പിന്നെ, തോളില്‍ ചാരി ഉറങ്ങിയ നിരഞ്ജന. സര്‍വകലാശാല നടത്തിയ ചെറുകഥാ മത്സരത്തില്‍ ജേതാവായപ്പോള്‍ കോളജില്‍ അഭിനന്ദനായോഗം സംഘടിപ്പിച്ചതും ഇതേ നിരഞ്ജന തന്നെ.
എങ്ങനെ കത്തു തുടങ്ങണം എന്നറിയാതെ ഹരി കുഴങ്ങി. അക്ഷരങ്ങള്‍ പേനയുടെ തുമ്പില്‍ നിന്ന് കടലാസിലേയ്ക്കിറങ്ങാന്‍ വിസമ്മതിക്കുന്നു.
പ്രിയപ്പെട്ട നിരഞ്ജനയ്ക്ക്,
മഴ തോര്‍ന്നിട്ടും മാനം തെളിയാഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. പിന്നെ മഴവില്ല് വിരിഞ്ഞപ്പോള്‍ ഞാനുറപ്പിച്ചു, നിരഞ്ജനാ നീ എന്‍റേതാണെന്ന്. എനിക്കുടന്‍ നിന്നെ കാണണം...
സ്നേഹത്തോടെ,
ഹരി
കത്തു പൂര്‍ത്തിയാക്കി. ഒടുവില്‍ തന്‍റെ വിലാസം എഴുതി ചേര്‍ക്കാനും ഹരി മറന്നില്ല.
ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി കിട്ടാഞ്ഞ് ഹരി അസ്വസ്ഥനായി. രണ്ടു ദിവസംകൂടി കാത്തിരിക്കാന്‍ ഹരി തീരുമാനിച്ചു. എന്തായാലും പിറ്റേന്ന് നിരഞ്ജനയുടെ കത്തു വന്നു.
പാര്‍ക്കില്‍ ഒഴിഞ്ഞ മൂലയിലെ പായല്‍ പിടിച്ച ബെഞ്ചില്‍ ഹരി ഇടം പിടിച്ചു. അവള്‍ വന്നു. കൂട്ടിന് അനിയനുമുണ്ട്. അവന്‍ ഊഞ്ഞാലില്‍ കയറി വികൃതിയാരംഭിച്ചു.
''എന്താ ഹരീ...ഹരിക്കെന്തു പറ്റി? ഞാനൊരിക്കലും അങ്ങനെയൊന്നും കരുതിയിട്ടേയില്ല"".
''എനിക്കറിയാം...പക്ഷെ എന്‍റെ മനസ്...? ഇങ്ങനെയൊരു പെണ്ണിനെയാ ഞാന്‍ ആഗ്രഹിക്കുന്നത്. നിരഞ്ജനാ നിനക്കൈന്നെ ഇഷ്ടമല്ലേ?""
അവള്‍ ഒന്നും മിണ്ടാതെ നിന്നു.
'' പപ്പായ്ക്കൊപ്പം ടീ എസ്റ്റേറ്റിലേയ്ക്ക് പോവുന്നു...അവിടെയൊരു അക്കൗണ്ടന്‍റിന്‍റെ ഒഴിവുണ്ടെന്നു പറഞ്ഞ് പപ്പാ നിര്‍ബന്ധിക്കുന്നു.""
'' ഹരിയുടെ കഥയും കവിതയുമൊക്കെ ഇരുട്ടിലായോ?"
'' മറ്റെന്തെങ്കിലും ജോലി കിട്ടുന്നതു വരെ അവിടെ കൂടണം..."
''അപ്പോഴിനി പഠനം തുടരുന്നില്ലേ?""
'' ആര്‍ക്കറിയാം... നീലഗിരിയിലെ മഞ്ഞു മൂടിയ പ്രഭാതങ്ങളില്‍ നീ കൂടെയുണ്ടെങ്കില്‍ പിന്നെ ഞാന്‍ എന്തു നേടാന്‍...?
"ഹരീ, ഞാന്‍...''
"നിനക്കൈന്നെ ഇഷ്ടമല്ലേ?''
കളി മതിയാക്കി നിരഞ്ജനയുടെ അനിയന്‍ ഓടിയെത്തി. പോവാനായി അവന്‍ തിരക്കു കൂട്ടുന്നു.
"ഹരീ, ഞാന്‍ പോട്ടെ''
നിരാശനായി നില്‍ക്കുന്ന ഹരിയോട് ചേര്‍ന്ന് അവള്‍ പറഞ്ഞു: എനിക്ക് ഒത്തിരി ഇഷ്ടമാണ്.
അന്യ സംസ്ഥാനങ്ങളില്‍ വന്‍ ബിസിനസുകളുള്ള നരേന്ദ്രന് മകളുടെ ബന്ധം ഇഷ്ടമായില്ല. വീട്ടുകാരുടെ ഭീഷണികള്‍ അതിജീവിച്ച് അവര്‍ ഒന്നിച്ചു. ഹരിക്കൊപ്പം നിരഞ്ജനയും നീലഗിരിയിലേയ്ക്കു പോയി.
ക്വാര്‍ട്ടേഴ്സിലെ സൗകര്യങ്ങള്‍ പരിമിതമായിരുന്നു. നിരഞ്ജനയുടെ സാമീപ്യത്തില്‍ അതൊന്നു പ്രശ്നമായി ഹരിക്കു തോന്നിയില്ല.
ഒരു രാത്രി നിരഞ്ജന പറഞ്ഞു: '' ഹരീ, എന്തോ ഒരു കുറവു തോന്നുന്നു.
" കൂടുതല്‍ മെച്ചപ്പെട്ട ക്വാര്‍ട്ടേഴ്സ് നോക്കാം''
"അതല്ലാ ഞാന്‍ പറഞ്ഞത്...''
"പിന്നെ?''
"ഒരു താലിയുടെ കുറവുണ്ട് ഹരീ...''
രജിസ്റ്റര്‍ വിവാഹം കഴിഞ്ഞപ്പോഴേ താലി കെട്ടുന്ന കാര്യം അവള്‍ പറഞ്ഞതാണ്. പിന്നീടാവട്ടെ എന്ന് ഹരി പറയുകയും ചെയ്തിരുന്നു.
"താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമൊന്നുമില്ല... പരസ്പരമുള്ള സ്നേഹവും പങ്കു വയ്ക്കലും മനസിലാക്കലുമൊക്കെയാണ് പ്രധാനം...''
"എന്നാലും ഹരീ...എന്‍റൈയൊരാഗ്രഹമാ...''
"എനിക്കു താല്പര്യമില്ല...പിന്നെ നിനക്കുവേണ്ടി...നിനക്കുവേണ്ടി മാത്രം...''
മഞ്ഞച്ചരടില്‍ കോര്‍ത്ത താലി കഴുത്തില്‍ വീണു കഴിഞ്ഞാണ് അവളുടെ മുഖം വിടര്‍ന്നത്.
കഥയും കവിതയുമൊക്കെ പിന്നീട് നിരഞ്ജനയ്ക്ക് അരോചകമായി. പഠന കാലത്ത് എന്തൊരാവേശമായിരുന്നു. ഇതിനിടെ പിണക്കം അവസാനിപ്പിച്ച് മകളെ കാണാന്‍ നരേന്ദ്രന്‍ എത്തുകയും ചെയ്തു. തന്‍റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വരാന്‍ നരേന്ദ്രന്‍ ഹരിയെ ക്ഷണിച്ചു. വീട്ടുകാരില്‍ നിന്ന് തന്നെ അകറ്റാന്‍ നരേന്ദ്രന്‍ ഒരുക്കിയ കെണിയാണതെന്ന് ഹരി വിശ്വസിച്ചു. നരേന്ദ്രന്‍റെ ഓഫര്‍ ഹരി നിരസിച്ചു. അതോടെ നിരഞ്ജനയുടെ സ്വഭാവം മാറി. കാറ്റും കോളും നിറഞ്ഞ ജീവിതം ഹരിയെ ഉലച്ചു. ഒടുവില്‍ നിരഞ്ജന അവളുടെ വീട്ടിലേക്ക് തിരികെപ്പോയി.
വൈകിയാണ് ഹരിയുടെ അച്ഛന്‍ വിവരമൊക്കെയറിഞ്ഞത്. അയാള്‍ ഹരിയുടെ ചില സുഹൃത്തുക്കളെയും കൂട്ടി നിരഞ്ജനയെ കണ്ട് സംസാരിച്ചു. ഹരിയുമൊത്തൊരു ജീവിതം ഇനിയില്ലായെന്ന അവള്‍ തറപ്പിച്ചു പറഞ്ഞു. നിരഞ്ജനയെ നേരില്‍ കണ്ട് കാര്യങ്ങള്‍ രമ്യതയിലാക്കാന്‍ അയാള്‍ ഹരിയെ ഉപദേശിച്ചു. ഹരി ഒന്നിനും ഒരുക്കമായിരുന്നില്ല.
ക്വാര്‍ട്ടേഴ്സിലേയ്ക്കുള്ള തപാല്‍ ഉരുപ്പടികള്‍ താഴ്വാരത്ത് വര്‍ഗീസിന്‍റെ ചായക്കടയില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. ആ പതിവു തെറ്റിച്ച് പോസ്റ്റുമാന്‍ കടന്നു വന്നത് നിരഞ്ജനയുടെ വിവാഹമോചന ആവശ്യവുമായാണ്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, കണ്ണാടിയിലെ തന്‍റെ പ്രതിബിംബത്തില്‍ നിന്ന് കണ്ണീര്‍ അടര്‍ന്ന് വീഴുന്നുണ്ടെന്ന് ഹരി തിരിച്ചറിഞ്ഞു.
നിരഞ്ജനയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. ഒടുവില്‍ അവസാന ശ്രമമെന്നെ നിലയില്‍ നിരഞ്ജനയെ കാണാന്‍ ഹരി തീരുമാനിച്ചു.
നരേന്ദ്രന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹരിക്കൊപ്പം പോവാന്‍ നിരഞ്ജനയെ അമ്മ ഉപദേശിച്ചു. നിരഞ്ജന വഴങ്ങുന്ന ഭാവമില്ല.
'' ഹരീ, കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല."
'' നിരഞ്ജനാ, ഞാന്‍... നീ വരണം... ഞാന്‍ കെട്ടിയ താലിയല്ലേ നിന്‍റെ കഴുത്തില്‍ കിടക്കുന്നത്...""
'' വേണ്ട, നിര്‍ബന്ധിക്കേണ്ടാ. ഹരി പണ്ട് പറഞ്ഞത് ശരിയാണ്. താലിക്കും താലിച്ചരടിനുമൊന്നും അത്ര മഹത്വമില്ല...''
മാലയോട് പിണഞ്ഞു കിടന്നിരുന്ന മഞ്ഞച്ചരടില്‍ കോര്‍ത്ത താലി അഴിച്ചെടുത്ത് അവള്‍ ഹരിക്കു നേരെ നീട്ടി.
വൈകാതെ ആ ബന്ധം അവസാനിച്ചു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നരേന്ദ്രന്‍ വേണ്ടതു ചെയ്തു.
ക്വാര്‍ട്ടേഴ്സില്‍ നിന്ന് പുറത്തിറങ്ങുന്നതു പോലും ഹരിക്കു മടിയായി. ഇതിനിടെ ആരോ പറഞ്ഞ് ഹരിയറിഞ്ഞു നരേന്ദ്രന്‍റെ ബിസിനസ് സുഹൃത്തിന്‍റെ മകനുമായി നിരഞ്ജനയുടെ വിവാഹം തീരുമാനിച്ചെന്ന്. വെറുതെയാവും. ഇത്ര പെട്ടെന്ന് അതിനൊന്നും അവള്‍ക്കാവില്ല. അവിടെയും ഹരിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത്തവണ നിരഞ്ജനയുടെ വിവാഹക്ഷണപത്രവുമായാണ് പോസ്റ്റുമാന്‍ കടന്നു വന്നത്. 'വരണം, പഴയതൊക്കെ മറക്കണം" എന്ന് വടിവൊത്ത അക്ഷരത്തില്‍ ക്ഷണപത്രത്തിനു പിന്നില്‍ നിരഞ്ജന എഴുതിയിരിക്കുന്നു.
ചുള്ളി പെറുക്കാനെത്തുന്ന സ്ത്രീകളാണത് കണ്ടത്. ഫാനിന്‍റെ കൊളുത്തില്‍ തൂങ്ങി നില്‍ ക്കുന്ന ഹരിയുടെ മരവിച്ച ശരീരം. പാതിയടര്‍ന്ന ജനാല പൊളിച്ചു നീക്കി എസ്റ്റേറ്റിലെ ജോലിക്കാര്‍ അകത്തു കടന്നു. ചുരുട്ടിപ്പിടിച്ച കൈയില്‍ നിരഞ്ജന അഴിച്ചു നല്‍ കിയ താലി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.
Follow Webdunia malayalam