Select Your Language

Notifications

webdunia
webdunia
webdunia
webdunia

നര്‍മ്മം ബഷീറിന്‍റെ ജീവിത വീക്ഷണം

നര്‍മ്മം ബഷീറിന്‍റെ ജീവിത വീക്ഷണം
WDWD
ആഖ്യയും ആഖ്യാതവും ഇല്ലാതെ മലയാളത്തില്‍ സമാനതകള്‍ ഇല്ലാത്ത സാഹിത്യലോകം രചിച്ച ആളാണ്, വൈക്കത്ത് ജനിച്ച് നാടുചുറ്റി പ്രാന്തിളകി നടന്ന് കൊച്ചിയിലും പിന്നീട് കോഴിക്കോട്ടും താമസിച്ച് ബേപ്പൂര്‍ സുല്‍ത്താനായി മാറീയ വൈക്കം മുഹമ്മദ് ബഷീര്‍.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേരില്‍ തന്നെയില്ലേ നര്‍മ്മ ഭാവനയുടെ ഒരു ഹിമാലയം. കോഴിക്കോട്ടെ ഒരു കൊച്ച് പ്രദേശമായ ബേപ്പൂരിലെ വൈലാലില്‍ വീട് വച്ച് താമസിച്ച ബഷീര്‍ അവിടത്തെ സുല്‍ത്താനായി മാറിയത് ദാര്‍ശനിക തലത്തില്‍ വിലയിരുത്തേണ്ടതാണ്.

ജീവിതത്തെ തന്നെ വലിയൊരു തമാശയായി അദ്ദേഹം കണ്ടു. അലഞ്ഞു തിരിഞ്ഞപ്പോഴും പട്ടിണി കിടന്നപ്പോഴും ജീവിക്കാനായി പലപല പണികള്‍ ചെയ്തപ്പോഴും സ്വന്തം പുസ്തകങ്ങള്‍ കൊണ്ടുപോയി ഇരന്ന് വിറ്റപ്പോഴും കൈനോട്ടക്കാരനും പത്രവില്‍പ്പനക്കാരനുമായി ജീവിച്ചപ്പോഴും സ്വന്തം പുസ്തകങ്ങള്‍ ആട് തിന്നുന്നത് കണ്ടു നില്‍ക്കേണ്ടി വന്നപ്പോഴും ഈ മനുഷ്യന്‍ അതിനെ രസകരമായിട്ടാണ് കാണാന്‍ ശ്രമിച്ചത്.

വൈക്കം ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കുമ്പോഴാണ് ബഷീര്‍ നാടുവിട്ടത്. വെറുതേയിരുന്നില്ല ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു. പിന്നീട് സ്വാതന്ത്ര്യ സമരത്തിനു വേണ്ടി കിടിലന്‍ ലേഖനങ്ങള്‍ ചമച്ചു. പേരു പക്ഷെ പ്രഭ എന്നാണ് നല്‍കിയത്.

പിന്നെ ആദര്‍ശധീരനായ വിപ്ലവകാരിയായി മാറി. പൊലീസ് പിടിച്ച് ജയിലിലിട്ടു. ഏതാണ്ട് 12 കൊല്ലം ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഹിമാലയത്തിന്‍റെ താഴ്വാരങ്ങളില്‍ സൂഫി സന്യാസിയെപ്പോലെ ജീവിച്ചു.


എല്ലാം കഴിഞ്ഞ് എറണാകുളത്ത് എത്തിയപ്പോഴാണ് എഴുത്തുകാരനായതും ചെറിയൊരു പുസ്തകക്കട തുടങ്ങിയതും. അതിനു മുമ്പേ പുസ്തകങ്ങള്‍ പലതും അദ്ദേഹം എക്ഴുതിക്കഴിഞ്ഞിരുന്നു.

1962 ല്‍ ബഷീര്‍ കോഴിക്കോട്ടെത്തി. ബേപ്പൂരില്‍ സ്ഥിര താമസമാക്കി. ഫാബിയാണ് ഭാര്യ. ഷാഹിന, അനീസ് എന്നിവര്‍ മക്കളും. 1994 ജൂലൈ അഞ്ചിന് ഈ അവധൂതന്‍റെ അലച്ചില്‍ അവസാനിച്ചു.

കഥകളില്‍ എല്ലാം സ്വയം കളിയാക്കാന്‍ ബഷീര്‍ ശ്രമിച്ചിട്ടുണ്ട്. ആത്മവിമര്‍ശനമാണല്ലോ ഏറ്റവും വലിയ തിരിച്ചറിവ്. ബഷീറിന്‍റെ രചനകള്‍ നല്ല മലയാളത്തിലുള്ളതല്ല എന്ന് അനുജന്‍ ഹനീഫയാണ് ആദ്യം തുറന്നടിച്ചത്. ഇക്കാക്ക കുറച്ച് വ്യാകരണം പഠിച്ചു വരണമെന്ന് നല്ല ബുദ്ധി പറഞ്ഞുകൊടുക്കുകയും ചെയ്തു. പക്ഷെ, ബഷീര്‍ കേള്‍ക്കണ്ടേ.

വൈക്കത്തെ വീട്ടുമുറ്റത്ത് മുടിചീകി സുന്ദരനായി ഇരിക്കുന്ന ബഷീറിനെ നോക്കി സുന്ദരി പെണ്‍കുട്ടികള്‍ വരുന്നത് മതിലിനു മുകളിലൂടെ ബഷീര്‍ കാണുന്നു. തെല്ലൊരു അഭിമാനവും സന്തോഷവും തോന്നി. ഗേറ്റ് കടന്നുവന്ന സുന്ദരിമാര്‍ പക്ഷെ ബഷീറിനടുത്തേക്കല്ല ചെന്നത്, അപ്പുറത്തുള്ള ചാമ്പമരത്തിലായിരുന്നു അവരുടെ കണ്ണ്.

ബഷീര്‍ ഒരിക്കല്‍ ഹോട്ടലില്‍ കയറി കൈയിലുണ്ടായിരുന്ന വളഞ്ഞ കുട ഉത്തരത്തില്‍ കൊളുത്തിയിട്ടു. ഭക്ഷണത്തിനായി കാത്തിരിക്കുമ്പോള്‍ തന്‍റെ കുടയുമെടുത്ത് മറ്റൊരാള്‍ ധൃതിയില്‍ പുറത്തേക്ക് പോകുന്നത് ബഷീര്‍ ശ്രദ്ധിച്ചു. അയാളെ കൈകൊട്ടി വിളിച്ചു ചോദിച്ചു. താങ്കളാണോ വൈക്കം മുഹമ്മദ് ബഷീര്‍ ?.. ഉടന്‍ ഉത്തരം വന്നു, അല്ല. എങ്കില്‍ ആ കുട അവിടെ വച്ചിട്ടുപോ.. അത് വൈക്കം മുഹമ്മദ് ബഷീറിന്‍റേതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ആളുകളെ ഇരട്ടപ്പേരിട്ടു വിളിക്കുന്നതിനും കളിയാക്കുന്നതിനും ബഷീര്‍ സമര്‍ത്ഥനായിരുന്നു. ഉറ്റചങ്ങാതിയായിരുന്ന എം.ടി.വാസുദേവന്‍ നായരെ അദ്ദേഹം നൂലന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അത്ര മെലിഞ്ഞായിരുന്നു എം.ടി യുടെ പ്രകൃതം.


Share this Story:

Follow Webdunia malayalam