"മാമാ, ഞാന്‍ സൈനബായെ കൊട്ടാന്പോണ് !'
രണ്ടുശിരന്‍ വെല്ലുവിളികളാണ് ആ പ്രസ്താവനയില്‍ അടങ്ങിയിട്ടുള്ളത്. സാധാരണയായി മാമാ എന്നു വിളിക്കുന്നത് അമ്മയുടെ സഹോദരനെയാണ്; അല്ലെങ്കില്‍ ഭാര്യയുടെ അച്ഛനെ. മണ്ടന്‍ മുത്തപ്പാ, പോക്കരുടെ പെങ്ങളുടെ മകനൊന്നുമല്ല. മകളുടെ ഭര്‍ത്താവുമല്ല. ആ നിലയ്ക്ക് മാമാ എന്ന് വിളിച്ചത്
.... അതും പോകട്ടെ. സൈനബയെ കെട്ടാന്‍ പോണെന്നാണു പറഞ്ഞത്. ദയവായി എനിക്കു കെട്ടിച്ചു തരണമെന്നല്ല; കെട്ടാന്‍ പോകുന്നു.....! ഹച്ച !
"എടാ കള്ള ഹറാമീ, നീ എന്‍െറ അതൃക്കഹത്തിനു ബെളീ എറങ്ങടാ !'
മണ്ടന്‍ മുത്തപാ കൂട്ടാക്കിയില്ല.
"മാമാ', മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാന്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം - ഇനി ഞാന്‍ പോക്കറ്റടിക്കാന്‍ പോകാന്‍ പാടില്ലെന്നാണ് സൈനബാ പറേണത്. ഇഞ്ഞി ആ പണിക്കു ഞമ്മളില്ല'.
"ഇഞ്ഞി നീ തെണ്ടാന്പോകുകേണോ കയിതേ '
മണ്ടന്‍ മുത്തപാ പറഞ്ഞു:
"ഞമ്മളൊരു ശായേന്‍െറ കച്ചവടം തൊടങ്ങാന്പോണ്; അയിന് മാമാ ഒരു പത്തുരൂപാ കാശുകൊണ്ട് ഞങ്ങളെ സഹായിക്കണം'.
ഒറ്റക്കണ്ണന്‍ പോക്കരു പറഞ്ഞു:
"നിന്നെ മൂക്കിക്കൂടെ പൊകവിടാന്‍ പടിപ്പിച്ച വകയിലേ ഞമ്മക്ക് പത്തര അണവരും. അതിഞ്ഞാ തന്നിട്ട് എറങ്ങി പോ !' മണ്ടന്‍ മുത്തപാ അതു കേട്ടതായി ഭാവിച്ചില്ല. മുത്തപാ പറഞ്ഞു. "ഞമ്മക്ക് ഇമ്മാസത്തിത്തന്നെ നിക്കാഹു കഴിക്കണം !'
"ഹറാമി ജൂസാ എറങ്ങ് !' ഒറ്റക്കണ്ണന്‍ പോക്കര്‍ അലറി.
"എന്‍െറ റൂഹൊള്ള കാലത്ത് നീ അയിന് മോഹിക്കണ്ടാ!'
ഒറ്റക്കണ്ണന്‍ പോക്കറുടെ ജീവന്‍ ഉളളിടത്തോളം കാലം സൈനബാ സംബന്ധിയായി യാതൊരു മോഹവും മണ്ടന്‍ മുത്തപാ വെച്ചു പുലര്‍ത്തേണ്ടതായിട്ടില്ല - എങ്കിലും മുത്തപാ പറഞ്ഞു : "മാമാ റൂഹൊള്ളപ്പത്തന്നെ ഞമ്മള് സൈനബാനെ കെട്ടും !'
"എറങ്ങടാ !' എന്ന് ഒറ്റക്കണ്ണന്‍ പോക്കര്‍ അലറി.
അങ്ങനെ മണ്ടന്‍ മുത്തപാ പോന്നു. സൈനബായെ നിക്കാഹു കഴിച്ചു കെട്ടിയോളാക്കും ! എങ്ങനെ ?
അങ്ങനെ സ്ഥലത്തെ പ്രധാന ബഹുജനസമരവും പ്രഖ്യാപനം ചെയ്തു. സന്ധിയില്ലാത്ത സമരം തന്നെ !