ലോകത്തിലെ ദരിദ്രരാജ്യങ്ങളില്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്തു വന്‍ വിപ്ലവം തന്നെ സൃഷിക്കാന്‍ രൂപപ്പെടുത്തിയ പദ്ധതിയായിരുന്നു വണ്‍ ലാപ്ടോപ് പെര്‍ ചൈല്‍ഡ് (ഒഎല്‍പിസി). എന്നാല്‍ അടുത്തിടെയുണ്ടായ ചില കാര്യങ്ങള്‍ പദ്ധതിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പദ്ധതിക്കായി കാത്തിരിക്കുന്ന രാജ്യങ്ങള്‍.
2005 ജനുവരിയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ നടന്ന് ലോക സാമ്പത്തിക ഫോറത്തിലാണ് ഈ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. നിക്കോളാസ് നെഗ്രോപോണ്ടെയാണ് പദ്ധതിയുടെ അധ്യക്ഷന്‍.
പ്രമുഖ ഐടി കമ്പനികളായ എഎംഡി, ബ്രൈറ്റ്സ്റ്റാര്‍ കോര്‍പ്പറേഷന്‍, ഇബേ, ഗൂഗിള്‍, മാര്‍വെല്‍, ന്യൂസ് കോര്‍പ്പറേഷന്‍, എസ്‌ഇഎസ്, നോര്‍ട്ടല്‍ നെറ്റ്വര്‍ക്‍സ്, റെഡ് ഹാറ്റ് എന്നിവ ഒഎല്‍പിസി പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. ലക്ഷക്കണക്കിനു ഡോളറാണ് ഓരോ കമ്പനിയും പദ്ധതിക്കായി നല്‍കിയത്.
വിലകുറഞ്ഞ ലാപ്ടോപുകള്‍ ഇതിനായി നിര്‍മ്മിക്കുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ കൊളംബിയ പോലെയുള്ള രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികള്‍ക്ക് ലാപ്ടോപ് നല്‍കി. അര്‍ജന്‍റീന, ബ്രസീല്‍, കംബോഡിയ, ഈജിപ്ത്, ലിബിയ നൈജീരിയ, ഗ്രീസ്, പെറു, പാകിസ്ഥാന്‍, ടുണീഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ ഒഎല്‍പിസി യുടെ ആവശ്യക്കാരായി മാറി.
ചില രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ ലാപ്ടോപ് നല്‍കിവരുന്നുണ്ട്.പദ്ധതി ഇത്തരത്തില്‍ മുന്നേറുമ്പോഴും ചില വിമര്‍ശനങ്ങളും കൊഴിഞ്ഞു പോവലുകളും പദ്ധതിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ലാപ്ടോപിന്‍റെ മോഡലിനെ സംബന്ധിച്ചും അതിന്‍റെ വിതരണത്തെ കുറിച്ചുമാണ് പ്രധാനമായും വിമര്‍ശമുയര്‍ന്നിരിക്കുന്നത്.
ലാപ്ടോപില്‍ ഉപയോഗിച്ചിരിക്കുന്ന ചില വസ്തുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രകൃതിക്കിണങ്ങുന്ന തരത്തിലാന് ലാപ്ടോപുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് പദ്ധതി നടത്തിപ്പുകാരുടെ പക്ഷം.
പദ്ധതിക്ക് ഏറ്റവും വലിയ ആഘാതാമായിരിക്കുന്നത് ഇന്‍റലിന്‍റെ ഒഴിഞ്ഞു പോക്കാണ്. നിക്കോളാസ് നെഗ്രോപോണ്ടെയുമായുള്ള അഭിപ്രായഭിന്നതയാണ് ഇന്‍റലിന്‍റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ഇന്‍റല്‍ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയത്.
ഒഎല്‍പിസിക്കായി നിര്‍മ്മിക്കുന്ന ലാപ്ടോപുകള്‍ക്ക് ഇണങ്ങുന്ന ചിപ്പുകള്‍ ഇന്‍റല്‍ രൂപകല്പന ചെയ്യും എന്നു കരുതിയിരുന്നു. നൈജീരിയയില്‍ ഇന്‍റല്‍ നിര്‍മ്മിച്ച ക്ലാസ്മേറ്റ് ലാപ്ടോപുകളാണ് ഒഎല്‍പിസി വിതരണം ചെയ്തത്. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാല്ലും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.