സിനിമാ സാങ്കേതിക വിദ്യയിലെ ഏറ്റവും വലിയ നൂതനമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ സിനിമ അഥവാ ഇലക്ട്രോണിക് സിനിമ (ഇ-സിനിമ) ചെലവ് വളരെ കുറഞ്ഞ സിനിമാ സങ്കല്‍പമാണിത്.
ഹോളിവുഡിലും മറ്റും ഇങ്ങനെ ചെലവ് കുറഞ്ഞ ഡിജിറ്റല്‍ സിനിമകള്‍ ഇപ്പോള്‍ തന്നെ നിര്‍മ്മിച്ച് തുടങ്ങിയിട്ടുണ്ട്. കോടികള്‍ മുടക്കി എടുക്കുന്ന സിനിമകള്‍ നമ്മുടെ സിനിമാ വ്യവസായത്തിന്‍റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമ്പോഴാണ് ചെലവ് കുറഞ്ഞ ഡിജിറ്റല്‍ സിനിമയ്ക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നത്.
ഡിജിറ്റല്‍ സിനിമയെന്ന ചെലവ് കുറഞ്ഞ എന്നാല്‍ മികവാര്‍ന്ന സിനിമാ സാങ്കേതിക വിദ്യയിലേക്ക് നമ്മുടെ സിനിമാ ലോകവും എത്തിത്തുടങ്ങുകയാണ് പതുക്കെ പതുക്കെ.
വളരെ വേഗം ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കുന്നത് കൊണ്ട് ഡിജിറ്റല്‍ സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിക്കാക്കാന്‍ കഴിയുന്നു. 45 മിനിറ്റ് വരുന്ന ഡിജിറ്റല്‍ ടേപ്പിന് 5000 രൂപയാണ് വില. എന്നാല്‍ അത്രയും സമയത്തേക്കുള്ള 85 എം.എം ഫിലിമിന് 1.06 ലക്ഷം രൂപ വേണം.
സാധാരണയായി ഒരു ലക്ഷം അടി ഫിലിം ഷൂട്ടുചെയ്യാന്‍ ഫിലിമിന്‍റെ വിലയും പ്രോസസ്സിംഗ് ചാര്‍ജ്ജും ചേര്‍ത്ത് 30 ലക്ഷം രൂപ വേണം. ഇത് ഡിജിറ്റല്‍ ടേപ്പിലാണെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപയേ വരുന്നുള്ളു.
പക്ഷെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി ഡിജിറ്റലില്‍ നിന്ന് 35 എം.എം. ഫിലിമിലേക്ക് പകര്‍ത്താന്‍ വേണ്ടി 9 ലക്ഷം രൂപ കൂടി ആവശ്യമായി വരും. എന്നാല്‍ പോലും ആകെ 10 ലക്ഷം രൂപയേ ഒരു ഡിജിറ്റല്‍ സിനിമ എടുക്കുന്നതിന് സങ്കേതിക ചെലവ് വരുന്നുള്ളു.
ഡിജിറ്റല്‍ സിനിമ ആദ്യ പ്രദര്‍ശനത്തിലെന്നപോലെ എല്ലാ പ്രദര്‍ശനത്തിലും വ്യക്തമായ കാഴ്ച പ്രദാനം ചെയ്യുന്നു. സെല്ലുലോയിഡിലെ പോലെ ഇവയ്ക്ക് പോറലോ മങ്ങലോ സംഭവിക്കുന്നില്ല.
ഡിജിറ്റല്‍ സിനിമയുടെ ശബ്ദത്തിനുമുണ്ട് പ്രത്യേകതകള്‍. ഇവയില്‍ ഫിലിമിനോടൊപ്പമല്ല ശബ്ദം പകര്‍ത്തുന്നത്. അതിന് പ്രത്യേകം ഡി.സി.റോം ഡിസ്ക് ഉണ്ടായിരിക്കും.
ഈ ഡിസ്കില്‍ ആറ് ഡിജിറ്റല്‍ സൗണ്ട് ട്രാക്കുള്ള ഡിജിറ്റല്‍ സിസ്റ്റമാണുപയോഗിച്ചിരിക്കുന്നത്. അതായത് ഒരു മൊട്ടുസൂചി നിലത്തു വീഴുന്ന ശബ്ദം പോലും വളരെ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നു. ലഗാന്‍, ആളവന്താന്‍, കമ്പനി തുടങ്ങിയ സിനിമകളില്‍ ഈ. സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സിനിമയുടെ മറ്റൊരു ആനുകൂല്യം ഇവയില്‍ നിന്നും വ്യാജ-കോപ്പികള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ല എന്നതാണ്. തിയേറ്ററില്‍ സിനിമ എത്തിയതിനു ശേഷമിറങ്ങുന്ന തിയേറ്റര്‍ പ്രിന്‍റുകള്‍ ഡിജിറ്റലാകുന്നതു മൂലം തടയാം എന്നല്ല; തിയേറ്ററില്‍ എത്തുന്നതിന് മുന്‍പ് വ്യാജ-കോപ്പികള്‍ ഇറങ്ങുന്നത് തടയാം എന്നാണ് അര്‍ത്ഥമാക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് വളരെ ആശ്വാസകരമായ വാര്‍ത്തയാണിത്.