ലോകത്തിന് അതിവിശാലതയായിരിക്കും. എന്നാല്‍ ആ വിശാലതയുടെ ദൂരത്തെ ഫലത്തില്‍ ഇല്ലാതാകുകയാണ് സാമൂഹിക സൈറ്റുകള്‍.വര്‍ഷങ്ങളായി കാണാതിരിക്കുന്ന കൂട്ടുകാര്‍, ബന്ധുക്കള്‍ ,അങ്ങനെ സാമൂഹിക സൈറ്റുകള്‍ കൂട്ടായ്മയുടെ നിറം പേറി കാലത്തിനും ദേശത്തിനും അതീതമാവുകയാണ്.
സ്വാതന്ത്ര്യം അതിന്‍റെ ഉച്ചാവസ്ഥയില്‍ എത്തുമ്പോള്‍ ചില സൈറ്റുകള്‍ രാജ്യദ്രോഹപരവും വിദ്വേഷം പരത്തുന്നതുമായ വിഷം വമിപ്പിക്കാറുണ്ടെങ്കിലും ലോകത്താകമാനമുള്ള സമാനമനസ്കരുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ സാമൂഹ്യ സൈറ്റുകള്‍ മുന്നേറുകയാണ്.
കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളുമായി ഇത്തരം പുതിയ സൈറ്റുകള്‍ ആരംഭിച്ചതോടെ സ്വന്തമായി വെബ് പേജ് ഉണ്ടാക്കാനും കൂട്ടുകാര്‍ക്ക് വിശേഷങ്ങള്‍ കോറിയിടാന്‍ നോട്ടീസ് ബോര്‍ഡ് ഒരുക്കാനും ഇഷ്ടപ്പെട്ടവയെ കുറിച്ച് കൂട്ടായ്മകളുണ്ടാക്കാനും സഹായിക്കുന്ന സാമൂഹ്യ സൈറ്റുകള്‍ കനത്ത മത്സരമാണ് ഇപ്പോള്‍ നേരിടുന്നത്. പുതിയ സേവനങ്ങളുമായി ഓരോ സൈറ്റും നെറ്റിസണെ സമീപിക്കുന്നു.
സാമൂഹ്യ സൈറ്റുകളുടെ രംഗത്ത് ആദ്യ തുടക്കമിട്ട ബ്രിട്ടണില്‍ മൈ സ്പേസിന്‍റെ കാലം കഴിഞ്ഞു എന്നാണ് സൂചന. ബെബോയും ഫെയിസ് ബുക്കുമാണ് ഇപ്പോള്‍ മുന്നില്‍.
വെബ്സൈറ്റുകള്‍വഴി സാമൂഹ്യജീവിതം ആഗ്രഹിക്കുന്ന യുവതീയുവാക്കളില്‍ മൈ സ്പേസ് വലിയ ചലനമാണ് ഉണ്ടാക്കിയത്. എന്നാല്‍ മെയ് മാസത്തോടെ മൈ സ്പേസിന് ഈരംഗത്തെ മുന്നേറ്റം നഷ്ടമായെന്നാണ് നെയ്‌ല്സെണ്‍ ,നെറ്റ് റേറ്റിംഗ് പഠനങ്ങള്‍ തെളിയിക്കുന്നത്.
അമേരിക്കന്‍ കോളേജുകളില്‍ ഹരമായിരുന്ന ഫേസ്ബുക്ക് ഇപ്പോള്‍ ബ്രിട്ടണിലും പ്രചാരം വര്‍ദ്ധിപ്പിക്കുകയാണ്, കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ഞൂറ് ശതമാനത്തിലധികം വളര്‍ച്ചയാണ് അവര്‍ നേടിയത്.
മത്സരം കടുത്തതോടെ പുതിയ സേവനങ്ങള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ഈ സൈറ്റുകള്‍. മാധ്യമ ഭീമനായ റൂപട്ട് മഡ്രോക്ക് 2005ല്‍ മൈ സ്പേസ് വിലയ്ക്കുവാങ്ങിയിരുന്നു. ഫേസ് ബുക്കിന്‍റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മൈ സ്പേസിനെ കൂടുതല്‍ ആകര്‍ഷണീയമാക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.