Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാന്ദ്യം മനസ്സിനെ കീഴ്പ്പെടുത്തുമ്പോള്‍

മാന്ദ്യം മനസ്സിനെ കീഴ്പ്പെടുത്തുമ്പോള്‍
ആഗോള തലത്തില്‍ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കമ്പനികളുടെയും രാജ്യത്തിന്‍റെയും മാത്രം നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ വ്യക്തികളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് ഇതുവരെ ഗൌരവതരമായ ഒരു പഠനം നടന്നിരുന്നില്ല. ഒരു സമൂഹത്തിന്‍റെ മാനസികാവസ്ഥയെ മുഴുവന്‍ താറുമാറാക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യത്തിന്‍റെ സാധ്യതകളിലേക്കാണ് ഈയിടെ നടന്ന ഒരു പഠനം വെളിച്ചം വീശുന്നത്.

മെന്‍റല്‍ ഹെല്‍ത്ത് ചാരിറ്റി ഫണ്ട് നടത്തിയ സര്‍വേയില്‍ കാണാനായത് സാമ്പത്തിക മാന്ദ്യം രൂക്ഷമായി അനുഭവപ്പെട്ടതിന് ശേഷം 40 ശതമാനം ആളുകളും കഠിനമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നാണ്. ജോലി സുരക്ഷ, സമ്പാദ്യം തുടങ്ങിയവയാണ് അവരെ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് തള്ളിവിടുന്നത്. 2000 യുവാക്കളിലാണ് പഠനം നടത്തിയത്.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് മാനസിക സംഘര്‍ഷം അനുഭവിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തുത. അതേസമയം, പുരുഷന്‍മാര്‍ തങ്ങളുടെ പിരിമുറുക്കം പുറത്തുപറയാന്‍ മടിക്കുന്നവരാണ്. 29 ശതമാനം പുരുഷന്മാര്‍ മാത്രമാണ് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുള്ളൂ. എന്നാല്‍ സ്ത്രീകളില്‍ ഇത് 53 ശതമാനമാണ്.

മാനസിക വിദഗ്ദനെ കാണാനും പുരുഷന്മാര്‍ പൊതുവേ തയ്യാറാവുന്നില്ല. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇത് ഒരു നാണക്കേടായി അവര്‍ കണക്കാക്കുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി അഞ്ച് ശതമാനം പുരുഷന്മാര്‍ വെളിപ്പെടുത്തി. എന്നാല്‍ രണ്ട് ശതമാനം സ്ത്രീകള്‍ മാത്രമേ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുള്ളൂ.

മാനസിക പിരിമുറുക്കം സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെയാണെങ്കിലും പുരുഷന്‍മാര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാത്തതിനാല്‍ അവരില്‍ ഇത് മാരകമാകാനുള്ള സാധ്യത കൂടുന്നു. മിക്ക കുടുംബങ്ങളിലും വരുമാനമാര്‍ഗം പുരുഷനായിരിക്കുമെന്നതാണ് മാനസിക പിരിമുറുക്കം പുരുഷന്മാരില്‍ കൂടൂതലാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പോള്‍ ഫാര്‍മര്‍ പറഞ്ഞു. തനിക്ക് മാനസിക സംഘര്‍ഷമുണ്ടെന്ന് അംഗീകരിക്കുന്നത് അഭിമാന പ്രശനമായാണ് യുവാക്കള്‍ കാണുന്നത്. മാത്രമല്ല ഇത് തങ്ങളെ സമൂഹത്തില്‍ കൂടുതല്‍ ദുര്‍ബലരാക്കുമെന്ന തെറ്റായ ധാരണയും അവര്‍ വച്ചുപുലര്‍ത്തുന്നു.

നിലവിലെ സാ‍മ്പത്തിക മാന്ദ്യമാണ് കാര്യങ്ങള്‍ ഇത്രത്തോളം രൂക്ഷമായത്. കഴിഞ്ഞ ആറ് മാസം കൊണ്ട് ഏഴുപേരില്‍ ഒരാള്‍ക്കെന്ന നിലയില്‍ മാനസിക പിരിമുറുക്കം പടര്‍ന്ന് പിടിച്ചതായി പഠനത്തില്‍ തെളിയിക്കുന്നു.

എന്തിനോടുമുള്ള പ്രതിഷേധം, ഏകാഗ്രതയില്ലായ്മ, ആത്മഹത്യ ശ്രമങ്ങള്‍ എന്നിവയാണ് പൊതുവെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. അമേരിക്കയിലും ഓസ്ട്രേലിയയിലുമാണ് കൂടുതല്‍ പെരും ശക്തമായ മാനസിക പിരിമുറുക്കങ്ങള്‍ക്ക് കീഴ്പ്പെട്ടിട്ടുള്ളത്. ഓസ്ട്രേലിയയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തന്നെ മെഡികെയര്‍ ക്ലെയ്മുകളില്‍ 40 ശതമാനത്തോളം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തില്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും നിരവധി മാ‍നസികാരോഗ്യ സ്ഥാപനങ്ങള്‍ പുതുതായി തുറന്നിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഗൌരവമായ ശ്രദ്ധ നല്‍കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാവുന്നുണ്ട് എന്നതാണ് പ്രശ്നം.

ആറ് മാസം മുമ്പ് ഒരു വിദഗ്ദ്ധ പാനല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത് രാജ്യത്ത് സ്വന്തമായ കടങ്ങളുള്ളവരില്‍ പകുതിയോളം പേരും മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കപ്പെടുന്നു എന്നാണ്. അഗോള തലത്തില്‍ അന്ന് ഇത് 16 ശതമാനമായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് മതിയായ പരിഗണന കൊടുക്കാന്‍ അന്ന് സര്‍ക്കാര്‍ തയ്യാറാ‍യില്ല എന്ന് ആരോപണമുണ്ട്.

അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒരു രാജ്യത്തിന്‍റെ മൊത്തം മാനസിക നില തകരാറിലാവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും ഭാവിയില്‍ ഉയര്‍ത്തി വിടുക. കുറേ പേര്‍ ആത്മഹത്യ പോലുള്ള നടപടികളിലേക്ക് തിരിയുമ്പോള്‍ മറ്റ് ചിലര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു. സര്‍ക്കാരിന്‍റെയും സന്നദ്ധ സേവന സംഘടനകളുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.

Share this Story:

Follow Webdunia malayalam