Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരാതെ തടയാം ഡെങ്കിപ്പനി

വരാതെ തടയാം ഡെങ്കിപ്പനി
തിരുവനന്തപുരം , ശനി, 1 ജൂണ്‍ 2013 (14:00 IST)
PRO
വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 5 മാസത്തിനുള്ളില്‍ 82 കഴിഞ്ഞിരിക്കുകയാണ്. ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി.

4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.

ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം കുറയുകയും ചെയ്യും.

രോഗം വരാതെ തടയാന്‍- അടുത്ത പേജ്

webdunia
PRO
ഡെങ്കി വരാതെ തടയാന്‍

പരിസരം വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്.

ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.

ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു.

കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.

രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക്കടിയില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam