Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാനിക്ക് കൂട്ടായി ബാലുവും പോയി, ഒന്നും അറിയാതെ ലക്ഷ്‌മിയും! സുന്ദരനിമിഷങ്ങളിലെ ചിത്രങ്ങൾ!

ജാനിക്ക് കൂട്ടായി ബാലുവും പോയി, ഒന്നും അറിയാതെ ലക്ഷ്‌മിയും! സുന്ദരനിമിഷങ്ങളിലെ ചിത്രങ്ങൾ!

ബാലഭാസ്‌ക്കർ
, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (10:35 IST)
വയലിനിൽ അത്‌ഭുതങ്ങൾ സൃഷ്‌ടിച്ച് ആരാധകരെ മറ്റൊരു ലോകത്തേക്ക് എത്തിച്ച ബാലഭാസ്‌ക്കറിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും കേരളക്കര ഇതുവരെ കരകയറിയിട്ടില്ല. കാർ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ബാലഭാസ്‌ക്കർ. തൃശൂർ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തലസ്ഥാനനഗരിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. 
 
രണ്ടരവയസ്സുള്ള മകൾ സംഭവസ്ഥലത്തുനിന്നുതന്നെ മരിച്ചിരുന്നു. ഇപ്പോൾ മകൾക്ക് കൂട്ടായി ബാലഭാസ്‌ക്കറും. ഈ രണ്ട് വിയോഗങ്ങളും അറിയാതെ ആശുപത്രിക്കിടക്കയിലാണ് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്‌മി. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രിയപ്പെട്ടവൻ തന്നെ തനിച്ചാക്കി പോയി. പതിനാറ് വർഷം കാത്തിരുന്നു കിട്ടിയ മകളും പോയി. ഈ ഒരു അവസ്ഥ ലക്ഷ്‌മിയോട് എങ്ങനെ പറയും എന്നതിനെക്കുറിച്ച് ആർക്കും അറിയില്ല.
 
ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കർ വിവാഹിതനാകുന്നത്. രണ്ട് വീട്ടുകാരും എതിർത്തെങ്കിലും കോളേജിൽ നിന്നുതന്നെ ലക്ഷ്‌മിയേയും കൂട്ടി പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു ബാലു. മുന്നോട്ടുള്ള ജീവിതം എന്തെന്നതിനെക്കുറിച്ച് യാതൊരു ലക്ഷ്യവും ഇല്ലായിരുന്നെന്ന് ബാലു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കൈയിൽ പണമോ വസ്‌ത്രമോ ഒന്നും ഇല്ലായിരുന്നു. തികച്ചും പുതിയൊരു ജീവിതം. പിന്നീടങ്ങോട്ട് ജീവിതം കെട്ടിപ്പടുക്കാനുള്ള പാടുപെടലായിരുന്നു. ആ സമയത്ത് 500 രൂപയ്‌ക്ക് വരെ പരിപാടികൾ ചെയ്‌തിരുന്നെന്നും ബാലു പറഞ്ഞു.
 
ഒരുപാട് ആലോചിച്ചതിന് ശേഷമായിരുന്നു ലക്ഷ്‌മി ബാലുവിനോടൊപ്പം ഇറങ്ങിച്ചെന്നത്. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ബാലുവിന് പൂർണ്ണ പിന്തുണ നൽകി ലക്ഷ്‌മി കൂടെയുണ്ടായിരുന്നു. തന്റെ സംഗീതത്തിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു, ആ വിശ്വാസത്തിൽ തന്നെയാണ് ലക്ഷ്‌മിയെ കൂടെ വിളിച്ചതെന്നും ബാലു പറഞ്ഞിരുന്നു. പ്രതിസന്ധികളേയും വെല്ലുവിളികളേയും തരണം ചെയ്ത് മുന്നേറുന്ന ഇവരുടെ ജീവിതം കണ്ട് ദൈവത്തിന് പോലും അസൂയ തോന്നിയിരിക്കാം, ബാലുവിന്റേയും മകളുടേയും അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കേട്ടവരെല്ലാം പറഞ്ഞത് ഇതായിരുന്നു.
 
ഈ രണ്ട് മരണങ്ങളും വിശ്വസിക്കാൻ ആർക്കും കഴിയിന്നില്ല എന്നതും വാസ്‌തവമാണ്. മകൾ മരിച്ചത് ബാലഭാസ്‌ക്കറിനെയും ലക്ഷ്‌മിയേയും അറിയിച്ചിരുന്നില്ല. പ്രിയ്യപ്പെട്ടവരുടെ മരണം അറിയാതെയാണ് ലക്ഷ്‌മിയും ഇപ്പോൾ. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നു. ഈ വിവരം എങ്ങനെ പറയുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സ്റ്റേജിലേക്ക് തിരിച്ച് വരണം’- ആശുപത്രിയിൽ വെച്ച് ബാലു സ്റ്റീഫനോട് പറഞ്ഞു!