കാട്ടു തീ കനത്ത നാശമാണ് ഓസ്ട്രേലിയയിൽ വിതച്ചത്. കോടിക്കണക്കിന് വന്യജീവികളാണ് വെന്തുമരിച്ചത്. കാട്ടു തീ നാശം വിതച്ച ഇടങ്ങളിൽ വന്യജീവികളുടെ സംരക്ഷണത്തിനായി പരിശ്രമിക്കുകയാണ് ഇപ്പോൽ ആളുകളും സംഘടനകളും. എന്നാൽ കാട്ടുതീ തിന്നുതീർത്ത ഓസ്ട്രേലിയയിലെ വന പ്രദേശത്തുനിന്നുമുള്ള ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിയ്ക്കുകയാണ്.
കാട്ടുതീയിൽ അമ്മയെ നഷ്ടമായ കോലക്കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്ന അമ്മകുറുക്കന്റെ ദൃശ്യമാണ് തരംഗമാകുന്നത്. കരിഞ്ഞുണങ്ങി നിൽക്കുന്ന വനപ്രദേശത്ത് കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന കുറുക്കനെ വീഡിയോയിൽ കാണാം. കോലക്കുഞ്ഞുങ്ങൾക്ക് പാല് കുടിയ്ക്കുന്നതിനായി അമ്മ കുറുക്കൻ ക്ഷമയോടെ നിന്നുകൊടുക്കുന്നുണ്ട്.
കാട്ടുതീയിൽ ഒറ്റപ്പെട്ട സഹജീവികളെ സംരക്ഷിയ്ക്കാൻ കാട് തന്നെ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമാണ് വീഡിയോ എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.