Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ദിലീപ് ചിത്രം ട്രാന്‍സിനെ മോശമായി കാണിച്ചുവെന്ന് കരുതുന്നില്ല: ഗൌരി പറയുന്നു

രാധാകൃഷ്ണനില്‍ നിന്നും മേരിക്കുട്ടിയിലേക്ക്...

ആ ദിലീപ് ചിത്രം ട്രാന്‍സിനെ മോശമായി കാണിച്ചുവെന്ന് കരുതുന്നില്ല: ഗൌരി പറയുന്നു
, ശനി, 31 മാര്‍ച്ച് 2018 (10:49 IST)
ദിലീപിന്റെ മികച്ച അഭിനയങ്ങളില്‍ ഒന്നായിരുന്നു ചാന്ത്പൊട്ട്. ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറഞ്ഞതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ചാന്ത്പൊട്ട് എന്ന സിനിമ ഒരിക്കലും ട്രാന്‍സിനെ മോശമായി കാണിച്ചുവെന്ന് കരുതുന്നില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ഗൌരി സാവിത്രി പറയുന്നു. 
 
രഞ്ജിത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഞാന്‍ മേരിക്കുട്ടി‘യെ കുറിച്ച് വ്യക്തമാക്കിയ കുറിപ്പിലാണ് ചാന്തുപൊട്ടും ട്രാന്‍സും തമ്മില്‍ എങ്ങനെയാണ് ബന്ധമുള്ളതെന്ന് ഗൌരി പറയുന്നത്. ചാന്തുപൊട്ട് ഒരു ട്രാന്‍സ് വിഷയം കൈകാര്യംചെയ്യുന്ന സിനിമയല്ലെന്ന് ഗൌരി പറയുന്നു.
 
ഗൌരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ഞാന്‍ പ്ലസ്‌-ടൂ കഴിഞ്ഞ സമയമാണ് 'ചാന്തുപൊട്ട്' ഇറങ്ങുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഫസ്റ്റ്ഷോയ്ക്ക്തന്നെ കയറികണ്ട് ആകാംക്ഷ തീര്‍ത്തു. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഞാന്‍ പലവുരു ചിന്തിച്ചത് പെണ്ണത്തമുള്ള ആണുങ്ങളെയെല്ലാം ചാര്‍ത്തിവിളിക്കാന്‍ ഇനി സുന്ദരമായൊരു പേര് കിട്ടിയല്ലോ എന്നാണ്...ചാന്തുപൊട്ട് എന്ന പേരിനുപകരം വേറെയേതെങ്കിലും., ആള്‍ക്കാര്‍ക്ക് പെട്ടന്ന് ഉച്ചരിക്കാന്‍ കഴിയാത്ത കടുകട്ടി പേരുവല്ലതും സംവിധായകന് ഇടാമായിരുന്നില്ലേ എന്നൊക്കെ ഞാന്‍ ചിന്തിച്ചുവശായി. രണ്ടുദിനത്തിനുള്ളില്‍ ഞാനതൊക്കെ പാടെമറന്നു...കാരണം ഞാനൊരു ചാന്തുപൊട്ട് ആയിരുന്നില്ല എന്നത്കൊണ്ടുതന്നെ.

പതിമൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം., ട്രാന്‍സ്-സത്വങ്ങളെക്കുറിച്ച് കാര്യമായ ബോധ്യമോ ഇന്നത്തെപ്പോലെ സജീവമായ സോഷ്യല്‍മീഡിയ സംവേദനങ്ങളോ ഇല്ലാതിരുന്ന ആ കാലത്തും എനിക്കങ്ങനെ തോന്നിയില്ല എന്നുവച്ചാല്‍ എനിക്ക് വ്യെക്തമായി അറിയാമായിരുന്നു ചാന്തുപൊട്ടിലെ രാധാകൃഷ്ണന്‍ ആരാണെന്നും എന്നിലെ സത്വം എന്താണ് എന്നും, രണ്ടും കാറ്റും കടലാടിയും പോലെ അന്തരമുള്ള കാര്യങ്ങള്‍ ആണെന്നും.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പോലും ട്രാന്‍സ്-സത്വങ്ങള്‍ക്ക് വളരെയധികം സുതാര്യതയും പരിഗണനയും (താരതമ്യേനെ) ലെഭിക്കുന്ന ഈ കാലഘട്ടത്തിലും തെറ്റിദ്ധാരണകള്‍ക്ക് യാതൊരു പഞ്ഞവുമില്ലതന്നെ. 'ട്രാന്‍സ്-ജണ്ട്ര്‍' ആയ ഒരു വ്യെക്തിയെ (Male to Female ആണ് ഇവിടെ പ്രദിപാതിക്കുന്നത്. പുരുഷസ്വത്വം ആഗ്രഹിക്കുന്ന Female to Male Transgender വ്യെക്തികളെ സമൂഹം അത്ര കാര്യമാക്കുന്നില്ല എന്ന് തോന്നുന്നു.

ബോള്‍ഡ് ആയ പെണ്ണ് എന്നത് അവര്‍ക്കൊരു അധികയോഗ്യതയായി സമൂഹം കല്‍പ്പിക്കുന്നുണ്ടാകാം, പക്ഷേ സ്ത്രൈണ ഭാവാദികളുള്ള പുരുഷന്‍ എന്നുമൊരു പരിഹാസവസ്തുവാണ്) 'ചാന്തുപൊട്ട്' എന്ന് തെറ്റായി സംബോധന ചെയ്തു അവമതിക്കുന്ന നമ്മുടെ സമൂഹത്തിനു ഇന്നും കാര്യമായ മാറ്റമൊന്നുംവന്നിട്ടില്ല.(അതിനു സമൂഹത്തെ മാത്രം കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല) തെറ്റിദ്ധാരണകള്‍ വളരെയധികമുള്ള ഈ വിഷയത്തില്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന ജസസൂര്യയുടെ ''ഞാന്‍ മേരിക്കുട്ടി'' യുടെ പശ്ചാത്തലത്തില്‍ ഇത് കുറിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത് എഴുതാനുള്ള മികച്ച സമയവും ഒരുപക്ഷേ ഇതായിരിക്കും. 
 
എന്‍റെ നിഗമനങ്ങള്‍ മാത്രമാണ് ഇത്. വിയോജിപ്പുകള്‍ ഉണ്ടാകാം. പക്ഷേ എന്റെതായ ആധികാരികതയും സത്യസന്ധതയും ഈ വിഷയത്തില്‍ ഞാന്‍ പുലര്‍ത്തിയിട്ടുണ്ട് എന്നത് ഉറപ്പു പറയുന്നു.
1:- ചാന്തുപൊട്ട് ഒരു ട്രാന്‍സ് വിഷയം കൈകാര്യംചെയ്യുന്ന സിനിമയല്ല.

2:- അതിലെ രാധാകൃഷ്ണന്‍ ട്രാന്‍സ്ജെണ്ട്ര്‍ അല്ല, അച്ഛന്റെ അസാന്നിധ്യത്തില്‍ അമ്മയുടെയും മുത്ത്ശിയുടേയും ലാളനയില്‍ വളര്‍ന്ന, സാഹചര്യങ്ങളിലെ പ്രത്യേകതമൂലം സ്ത്രൈണത അധികമായി ഉള്ളില്‍ കുടിയേറിയ ഒരു പുരുഷന്‍ മാത്രമാണ്. അവനു തന്‍റെ കളിക്കൂട്ട്കാരിയോട് പ്രണയമുണ്ടായിരുന്നു, ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിരുന്നു...അവസാനം അവന്‍റെ പൌരുഷത്തിലേക്ക് അവന്‍ മടങ്ങിവരവും നടത്തുന്നുണ്ട്.

3:- ഇതുപോലുള്ള മടങ്ങിപ്പോക്ക് ഒരു ട്രാന്‍സിനു സാധ്യമല്ല. 
 
4:-സ്ത്രൈണത പ്രകടിപ്പിക്കുന്ന എല്ലാ പുരുഷന്മാരും ട്രാന്‍സ് അല്ല എന്നത് ആദ്യം മനസിലാക്കുക. പൊതുജനങ്ങള്‍ക്കു ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണകള്‍ വളരെയധികം ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌.

5:- ചാന്തുപൊട്ട് എന്ന സിനിമ നേടിയ വാണിജ്യവിജയം ട്രാന്സിനെ ചാന്തുപൊട്ട് എന്ന് പരിഹസിക്കാന്‍ ഇടം നല്‍കിയെന്നത് ഒരു വാസ്തവമാണ്, അതുവരെയുണ്ടായിരുന്ന ''ദേ കിടക്കുന്നു സബോള വടയും, ഈശ്വരന്മാരെ''..., പരിഹാസപ്രയോഗങ്ങളെയും ആളുകള്‍ വിസ്മരിച്ചു. ഇതല്ലാതെ 'ചാന്തുപൊട്ട്' എന്ന സിനിമ ട്രാന്സിനെ മോശമായി ബാധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.
 
ഇനി, ജയസൂര്യയുടെ സിനിമയിലേക്ക് വരാം...സാമാന്യബുദ്ധിയുള്ള ആര്‍ക്കും ട്രെയിലര്‍ കണ്ടാലും പോസ്റ്റര്‍ കണ്ടാലും മനസ്സിലാകും ഇതൊരു ചാന്തുപൊട്ട് കഥയല്ല എന്ന്, ഞാന്‍ മനസിലാക്കിയത് ഈ സിനിമ ട്രാന്സിനെ പലവിധത്തിലും സഹായിക്കാന്‍പോന്ന ഒരു സൃഷ്ട്ടിയായിത്തീര്‍ന്നേക്കാം എന്നതാണ്.

സിനിമയുടെ കഥയോ വിശദാംശങ്ങളോ കാര്യമായി അറിയില്ലെങ്കിലും ഈ സിനിമയുമായി ബന്ധപ്പെട്ടു എന്‍റെ സുഹൃത്ത്‌ കേന്ദ്രകഥാപാത്രവുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് ട്രാന്‍സ്-വ്യെക്തിവൈവിധ്യങ്ങളെ കൂടുതല്‍ സമൂഹത്തിനു സുതാര്യമാക്കാന്‍പോന്ന ഒരു മികച്ച ചുവടുവയ്പ്പ് ആയിരിക്കും എന്ന്തന്നെയാണ് എന്‍റെ ശുഭപ്രതീക്ഷ.

കാത്തിരിക്കാം, അസമത്വങ്ങളെ തച്ചുടയ്ക്കാന്‍ അവള്‍ക്കാകുമെങ്കില്‍, സ്വന്തം സത്വത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ സ്വാഭിമാനത്തിന്‍റെ ഒരു പാത തെളിക്കാന്‍ അവള്‍ക്കാകുമെങ്കില്‍ 'മേരിക്കുട്ടി'ക്കായി നമുക്ക് കാത്തിരിക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, തെറ്റിയപ്പോള്‍ തലക്കടിച്ച് കൊലപ്പെടുത്തി; ഒരാള്‍ പിടിയില്‍