'കൗതുകം ലേശം കൂടുതലാണ്' എന്ന ഹരീഷ് കണാരന്റെ സിനിമാ ഡയലോഗ് നമുക്കെല്ലാം അറിയാം. അത്തരത്തിൽ കൗതുകം ഒരൽപം കൂടുതലുള്ള ജീവിയാണ് പൂച്ച, അനങ്ങുന്ന എന്ത് ജീവിയെ കണ്ടാലും. ഒന്നു പോയി പരിശോധിച്ചില്ലെങ്കിൽ പൂച്ചകൾക്കൊരു സംതൃപ്തി ഉണ്ടാകില്ല. തിരിച്ച് ആക്രമിക്കാത്ത ജീവികളാണെങ്കിൽപ്പിന്നെ അതിനെ വട്ട് പിടിപ്പിക്കുന്നത് പൂച്ചകൾക്ക് ഒരു രസമാണ്.
ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കുളക്കരയിൽ വിശ്രമിക്കുകയായിരുന്ന ആമയെ നിനക്കെന്താ ഇവിടെ കാര്യം എന്ന മട്ടിൽ പൂച്ച തട്ടി കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആന്റൺ ഫിയോക്കോവിസ്ക്കി എന്ന യുവാവ് ആണ് വീടിനു സമിപത്തെ കുളത്തിൽ നടന്ന ഈ രസകരമായ സംഭവം ഫോണിൽ പകർത്തിയത്.
കരയിലിരുന്ന് വെയിലുകൊള്ളുകയായിരുന്നു പാവം ആമ. ആമയെ പൂച്ച സഹായിച്ചതാണോ അതോ ഉപദ്രവിച്ചതാണോ എന്നത് വ്യക്തമല്ല. ആമയെ തള്ളി കുളത്തിന്റെ അരികിൽ എത്തിച്ച ശേഷം പൂച്ച ഒറ്റ തള്ളിന് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്തായാലും പൂച്ചയുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ്.