നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഒടുവിൽ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ സംഘടനയിൽ നിന്നും ദിലീപ് രാജി വെച്ചിരിക്കുകയാണ്.
എന്നാൽ, ദിലീപിന്റെ രാജി തലവേദനയാക്കിയത് പ്രസിഡന്റ് മോഹൻലാലിനെ ആണ്. മോഹൻലാൽ കുറ്റാരോപിതനൊപ്പമാണെന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്തിനും ഏതിനും മോഹൻലാലിന്റെ നേർക്കായിരുന്നു വിരൽ ചൂണ്ടപ്പെട്ടിരുന്നത്. എന്നാൽ, ഇത് താരത്തിന് ഏറെ മാനസിക സംഘർഷമാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തുകയാണ് ട്രഷററും നടനുമായ ജഗദീഷ്.
‘എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’, എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു’.–ജഗദീഷ് പറയുന്നു.
‘ഈയിടെ മോഹന്‍ലാല്‍ ഹിന്ദി സിനിമയ്ക്കായി മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന് . ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്.’- ജഗദീഷ് പറയുന്നു.