Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തലയുടെ ഈ പ്രതിപക്ഷം എന്തൊരു പരാജയമാണ് !

ചെന്നിത്തലയുടെ ഈ പ്രതിപക്ഷം എന്തൊരു പരാജയമാണ് !

അപർണ ഷാ

, ബുധന്‍, 29 ഓഗസ്റ്റ് 2018 (15:47 IST)
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രളയമാണ് കേരളത്തിൽ കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്. സർക്കാരും സമൂഹവും ജനങ്ങളും ഒറ്റക്കെട്ടായി നിന്ന സമയം. ജാതി-മത ഭേദമന്യേ, കക്ഷി-രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ നിന്ന ഏതാനും ദിവസങ്ങൾ. അസാധാരണവും അപ്രതീക്ഷിതവുമായ വൻ‌ദുരന്തത്തിൽ ഏവരും കൈകോർത്തു പിടിച്ചു. ഈ പ്രളയത്തിൽ നിന്നും കരകയറാൻ. 
 
ഒടുവിൽ പ്രളയത്തിൽ നിന്നും കരകയറി. അതുവരെ ഉറങ്ങിക്കിടന്ന ചില ‘ഇഴജന്തുക്കൾ’ തലപൊക്കി തുടങ്ങി. കേരളത്തെ പ്രളയം മുക്കിയപ്പോൾ ആരും രാഷ്ട്രീയം പറഞ്ഞില്ല, ആരും മതത്തെ കൂട്ട് പിടിച്ചില്ല. പക്ഷേ, തലപൊങ്ങിത്തുടങ്ങിയതും ചില പാമ്പുകൾ വിഷം ചീറ്റി തുടങ്ങി.
 
webdunia
പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വേണ്ടത് അടിയന്തരാശ്വാസവും ദുരന്തനിവാരണ പ്രവർത്തനങ്ങളുമാണെന്ന തിരിച്ചറിവിലായിരുന്നു നാട്ടുകാരും ആർമിയും സർക്കാരും. ഇതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊണ്ടു. പ്രളയത്തിന്റെ വ്യാപ്തി നേരിട്ടറിയാൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. 
 
അപ്പോഴൊക്കെ കേരളം ആശ്വാസം കൊണ്ടു. ഒരു ദുരന്തമുണ്ടായാൽ രാഷ്ട്രീയമുതലെടുപ്പ് നടത്താതെ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കുന്ന സർക്കാരും പ്രതിപക്ഷവുമാണല്ലോ ഉള്ളതെന്ന് ഓർത്ത് അഭിമാനിച്ചു. എന്നാൽ, ഈ ചിന്തകളെയെല്ലാം കാറ്റിൽ പറത്തി വീണ്ടും മഴയെത്തി. ‘കലിതുള്ളിയ‘ മഴയിൽ സംഭവിച്ചത് വൻ ദുരന്തമായിരുന്നു. 
 
webdunia
എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത് നേരത്തേ നന്മയുടെ നിറകുടമായി നിന്ന പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു. ഒരിടത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ മറുവശത്ത് സർക്കാരിനെതിരെ ആരോപണവും കുറ്റങ്ങളും ചാർത്തി പ്രതിപക്ഷ നേതാവ് വാർത്തകളിൽ നിറഞ്ഞുനിന്നു. 
 
രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞു. വിളിച്ചാൽ മാത്രം പോരാ, രക്ഷാപ്രവർത്തനം മുഴുവൻ സൈന്യത്തെ ഏൽപ്പിക്കണമെന്ന് പറഞ്ഞു. ഇതിനായി ചെന്നിത്തല കൈകൂപ്പി അഭ്യർത്ഥിച്ചു മുഖ്യമന്ത്രിയോട്. ദുരഭിമാനം വെടിഞ്ഞ് കേരളത്തെ രക്ഷിക്കൂ എന്നായിരുന്നു ചെന്നിത്തലയുടെ അഭ്യർത്ഥന. 
 
webdunia
രക്ഷാപ്രവർത്തനം മുഴുവനായി സൈന്യത്തെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ദുരഭിമാനം സമ്മതിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ അവർ നടത്തിയ രക്ഷാപ്രവർത്തനം കണ്ടതാണെന്നും സൈന്യത്തിന് മാത്രമേ ജനങ്ങളെ രക്ഷിക്കാൻ കഴിയുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.
 
എന്നാൽ, പിന്നീട് കണ്ടതോ? ഓഗസ്ത് 19 വരെയുള്ള കണക്കുകളെടുത്ത് നോക്കിയാൽ സൈന്യം രക്ഷപെടുത്തിയത് 14000 ആളുകളെ. എന്നാൽ, കടലിന്റെ മക്കൾ രക്ഷപെടുത്തിയത് 65,000 ലധികം ആളുകളെ (ഓഗസ്ത് 20 വരെയുള്ള കണക്ക്). കേരള പൊലീസ് രക്ഷപെടുത്തിയത് 53,000 ആളുകളേയും. ഈ കണക്കുകളിൽ നിന്നു തന്നെ ലഭിക്കുന്നു കേരളത്തിലെ രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമായിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം.  
 
പ്രളയം കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ക്യാമ്പുകളിലായി. അടുത്തത് അവർക്കുള്ള അവശ്യസാധനങ്ങൾക്കായുള്ള നെട്ടോട്ടമോടൽ. കൈ മെയ് മറന്ന് എല്ലാവരും ഇതിനായി പരിശ്രമിച്ചു. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വീണ്ടുമെത്തി. അത് സർക്കാരിനെതിരെ ആരോപണമുന്നയിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന്പറഞ്ഞാൽ അതിശയോക്തിയാകില്ല. ഇത്തവണ സൈന്യമായിരുന്നില്ല, ഡാമുകള്‍ ആയിരുന്നു ചെന്നിത്തലയുടെ ആയുധം. 
 
webdunia
മുന്നറിയിപ്പുകൾ ഇല്ലാതെ സംസ്ഥാനത്തെ ഡാമുകൾ എല്ലാം ഒരുമിച്ച് തുറന്നതാണ് പ്രളയകാരണമെന്ന് പറഞ്ഞു. മഴയുടെ ശക്തി കൂടുമെന്ന് മനസ്സിലായപ്പോൾ തന്നെ ഡാമുകൾ തുറന്ന് വിടണമായിരുന്നുവെന്നും ഒട്ടുമിക്ക ഡാമുകളും പാതിരാത്രിക്കാണ് തുറന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇതിനുള്ള മറുപടി നൽകി. എന്നാൽ, ഇതേ ആരോപണം ഉന്നയിച്ച് ചെന്നിത്തല വീണ്ടും പത്രസമ്മേളനം നടത്തി. 
 
എന്നാൽ, ചെന്നിത്തലയുടെ ആരോപണങ്ങൾക്കെല്ലാമുള്ള മറുപടി ഇന്നത്തെ കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്. പ്രളയത്തിന് കാരണം മഴ മാത്രമാണെന്നും എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നത് പ്രളയത്തിനു കാരണമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
webdunia
അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണ് ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി. ഇതോടെ ചെന്നിത്തലയുടെ ആ ആരോപണവും പൊളിഞ്ഞു. 
 
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം നിയന്ത്രണവിധേയമായി. പുതിയ കേരളം പടുത്തുയർത്തുന്നതിനായി മുഖ്യമന്ത്രി ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും അഭ്യർത്ഥിച്ചു. കടൽ കടന്നും കേരളത്തിനായി സഹായം എത്തി. പ്രതീക്ഷിച്ചതിലും അധികം ആളുകൾ കേരളത്തിനായി പണമയച്ചു. ഇതോടെ ചെന്നിത്തല വീണ്ടും പത്രസമ്മേളനം നടത്തി.
 
webdunia
ഓഖി ഫണ്ട് വിനിയോഗിച്ച കാര്യത്തില്‍ തെറ്റായ കണക്കുകള്‍ നിരത്തിയായിരുന്നു ഇത്തവണ ചെന്നിത്തലയുടെ ആക്രമണം. അതിനുള്ള മറുപടിയും മുഖ്യമന്ത്രി ഇന്നലെ തന്നെ നൽകി. കണക്കുകൾ നിരത്തി മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സിഎംഡിആര്‍എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു.
 
‘പ്രതിപക്ഷനേതാവ് നല്ല നിലപാടായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. വിമര്‍ശനം ഉണ്ടായില്ലെങ്കില്‍ പ്രതിപക്ഷമാകില്ല എന്ന് അദ്ദേഹത്തോട് ആരോ ഉപദേശിച്ചുകാണും. ആ തരത്തിലാണ് ഇപ്പോള്‍ വിമര്‍ശനത്തിനുവേണ്ടിയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷനേതാവ് നോക്കുന്നത്‘- ചെന്നിത്തലയ്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാക്കുകളാണിത്.  
 
webdunia
ഓഖി സമയത്ത് 104 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നിരുന്നുവെന്നും അതില്‍ 24 കോടിരൂപമാത്രമേ ചിലവഴിച്ചുള്ളൂ എന്നുമാണ് ചെന്നിത്തല വാദിച്ചിരുന്നത്. തീർത്തും തെറ്റായ കണക്കുകളാണെന്ന് കേൾക്കുന്നവർക്ക് വരെ ബോധ്യപ്പെടുന്ന ആരോപണമായിരുന്നു ഇത്. ഇങ്ങനെ തെറ്റായ കണക്കുകൾ നിരത്തി, ആരോപണങ്ങൾ ഉന്നയിച്ചത് കൊണ്ട് എന്തുനേട്ടമാണ് പ്രതിപക്ഷത്തിന് ലഭിക്കുന്നത്?  
 
കേന്ദ്രസർക്കാരിന്റെ പ്രതികാര മനോഭാവമോ, വിവേചന നടപടികളോ ഒന്നും പ്രതിപക്ഷത്തിന് വിമർശിക്കാനുള്ള കാരണമല്ല. എങ്ങനെ പ്രളയക്കെടുതികളിൽ നിന്നു കരകയറാമെന്നുള്ള ചർച്ചകളും ഇവരാരും നടത്തിയില്ല. ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഡാമുകൾ തുറന്നത്? ഇതിലും നേരത്തെ തുറന്നു കൂടായിരുന്നോ? എന്നെല്ലാമുള്ള കഴമ്പില്ലാത്ത ചോദ്യങ്ങളായിരുന്നു ഈ പ്രളയകാലത്ത് പ്രതിപക്ഷത്ത് നിന്നും ഉയർന്നു വന്നത്. യഥാര്‍ത്ഥത്തില്‍ ഈ പ്രതിപക്ഷവും പ്രതിപക്ഷനേതാവും ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാവുകയല്ലേ?   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റെ പുനരുദ്ധാരണത്തിന് സഹായം നല്‍കുമെന്ന് ലോകബാങ്കും എഡിബിയും