'കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട, അല്ലാതെ തന്നെ നിങ്ങൾ അവിടം മലിനമാക്കിയിരിക്കുന്നു'
'കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട, അല്ലാതെ തന്നെ നിങ്ങൾ അവിടം മലിനമാക്കിയിരിക്കുന്നു'
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും മറ്റ് എല്ലാ ജില്ലകളിലും വൻ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. എന്നാൽ വോട്ട് രാഷ്‌ട്രീയം കളിക്കുന്നതിനിടയിൽ പലരും മറന്നുപോയ, അല്ലെങ്കിൽ അറിയാത്തതായ ശബരിമലയുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരികയാണ് മലയരയ വിഭാഗത്തില്‍ ജനിച്ച് നാടകപ്രവര്‍ത്തകനായ മല്ലു പി ശേഖർ. കാരണവൻമാർ അയ്യപ്പന്റെ കഥ പറഞ്ഞു തന്ന കൂട്ടത്തിൽ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങൾ ഉണ്ട് അയ്യപ്പൻ നമ്മുടെ സ്വന്തമാണന്നും ശിവന്റെ തുട പിളർന്നല്ല ഉണ്ടായതെന്നും അത് അവർ ഉണ്ടാക്കിയ കഥയാണന്നും. ശബരിമലയിലെ പതിനെട്ടുപടികളിലൊന്നിൽ മലയരയൻമാരുടെ ക്ഷേത്രമെന്ന് കൊത്തി വച്ചിട്ടുണ്ടന്ന് ആദ്യം പറഞ്ഞ് തന്നത് അമ്മയുടെ അമ്മയാണ്' ഫേസ്‌ബുക്കിലൂടെ മല്ലു പി ശേഖർ പറയുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
അയ്യൻ അയ്യപ്പസാമിയേയ്......
ഞാൻ ജനിച്ചത് ആദിവാസി വിഭാഗമായ മലയരയ ഗോത്രത്തിലാണ് . എരുമേലിയിൽ നിന്നും ശബരിമലയിലേക്കുള്ള പുരാതനമായ കാനനപാതയിൽ അയ്യപ്പൻ തന്റെ ആയുധം നിലത്ത് ഊന്നിവിശ്രമിച്ച സ്ഥലമാണ് ഇരുമ്പൂ ന്നിക്കര എന്നാണ് വിശ്വാസം അവിടെയാണ് എന്റെ അമ്മ വീട്. കുട്ടിക്കാലത്ത് അമ്മ വീട്ടിൽ പോയി നിൽക്കുവാൻ വലിയ ഇഷ്ടമായിരുന്നു പ്രത്യേകിച്ചും നാൽപത്തി ഒന്ന് ദിവസത്തെനോമ്പ് നോക്കുന്ന മൺഡലകാലത്ത് .നിരവധി അയ്യപ്പഭക്തർ കറുപ്പുമുടുത്ത് ശരണം വിളിച്ച് അയ്യനെക്കാണാൻ പോകുന്നത് കണ്ട് നിൽക്കാൻ നല്ല രസമാണ് ,കൂട്ടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പല സംഘo കലാകാരൻമാർ നാദസ്വരം വായിച്ചും തകില് കൊട്ടിയും സന്നിധാനം വരെ നടക്കും ഇത്തരം ഭക്ത കലാകാരൻമാർ എല്ലാ ദിവസവും ഉണ്ടാകും ,അയ്യപ്പ വിശ്വാസികളായ എല്ലാവരും കറുപ്പു മുടുത്ത് താടിയും മുടിയും വളർത്തി മല ചവിട്ടും.
കാഴ്ചക്കാരയ കുട്ടികളോടൊപ്പം അവർ പാട്ടുകൾ പാടും , ശരണം വിളിച്ച് മല കയറും, ഇടക്ക് അമ്മാവന്റെ കൂടെ എരുമേലിയിൽ പോയി പേട്ടതുള്ളൽ കാണും. ഇതൊക്കെയാണ് കുട്ടിക്കാലത്ത് ഇരുമ്പൂന്നിക്കരയിൽ നിൽക്കാൻ ഇഷ്ടം തോന്നിയത്. കാരണവൻമാർ അയ്യപ്പന്റെ കഥ പറഞ്ഞു തന്ന കൂട്ടത്തിൽ പ്രത്യേകം എടുത്തു പറഞ്ഞ കാര്യങ്ങൾ ഉണ്ട് അയ്യപ്പൻ നമ്മുടെ സ്വന്തമാണന്നും ശിവന്റെ തുട പിളർന്നല്ല ഉണ്ടായതെന്നും അത് അവർ ഉണ്ടാക്കിയ കഥയാണന്നും .ശബരിമലയിലെ പതിനെട്ടുപടികളിലൊന്നിൽ മലയരയൻമാരുടെ ക്ഷേത്രമെന്ന് കൊത്തി വച്ചിട്ടുണ്ടന്ന് ആദ്യം പറഞ്ഞ് തന്നത് അമ്മയുടെ അമ്മയാണ് . കൂടാതെ ഒരോ വർഷവും ശബരിമല സീസണ് മുമ്പായി ഫോറസ്റ്റ് കാർ കാനനപാത വെട്ടിത്തെളിപ്പിച്ചിരുന്നത് അവിടുത്തെ ആദിവാസി വിഭാഗങ്ങളെക്കൊണ്ടായിരുന്നു.
ഇതിന് കൂലിയായിട്ട് നല്ലതല്ലും കിട്ടുമായിരുന്നെന്ന് അപ്പച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് കരിമലയിലും, പരിസരത്തുള്ള മലകളിലുമാണ് മലയരയൻമാർ പണ്ട് വസിച്ചിരുന്നത്. കൃഷിയും നായാട്ടുമായ് അവർ അവിടെ ജീവിച്ചു പോന്നു. പിൽക്കാലത്ത് അവിടെ നിന്നും ആട്ടിയോടിച്ചിട്ടുണ്ട്. ചെറുത്തു നിന്നിട്ടുണ്ട് ഇപ്പോഴും ജീവിക്കുന്നുണ്ട് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തേക്കിൻ തോട്ടം നട്ടുപിടിപ്പിക്കാൻ ഫോറസ്റ്റ് കാർ അടിമ പണി ചെയ്യിച്ചിട്ടുണ്ട്. പീഠന കഥകൾ വേറെയുമുണ്ട്. ശബരിമലയിലേക്കുള്ള .കാനനപാതയിലെ മിക്ക ഇടത്താവളങ്ങളും മലയരയരുടെ ആരാധനാലയങ്ങൾ ആണ് , കാള കെട്ടി, അഴുത ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, തുടങ്ങിയവ. കൂടാതെ കരിമലക്ഷേത്രവും ശബരിമലയും മലയരൻമാരുടേതായിരുന്നു . കാള കെട്ടിക്ക് മുമ്പ് വനത്തിൽ ഉള്ള അരിശുമുടി കോട്ട ആദിവാസി ഗോത്രമായ ഉള്ളാടൻമാർ ആരാധിച്ച് പോരുന്നു .മുതിർന്നപ്പോൾ ഞാനും പലതവണ ശബരിമലക്ക് പോയിട്ടുണ്ട്.
പമ്പയിൽ ഭക്തർ കുളിച്ച് ബലിയിടാറുണ്ട് അത് അവിടെ മുമ്പ് ഉണ്ടായ അധിനിവേശത്തിൽ ചെറുത്ത് നിന്ന് മരിച്ച് വീണ ആദിവാസികൾക്കുള്ളതാണന്ന് പഴയ കാലപെരിയസാമിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ശബരിമലക്ക് പോകുമ്പോൾ തൊണ്ണൂറുകളിൽ പമ്പയിൽ , STD ബൂത്തിന്റെ വലിപ്പത്തിൽ പന്തളം രാജകുടുബത്തിന് വേണ്ടി ഒരു പിരിവ് കേന്ദ്രം ഉണ്ടായിരുന്നു. ഇപ്പോൾ അത് വലിയ കോൺക്രീറ്റ് ബിൽഡിംഗാക്കിയിട്ടുണ്ട്.ശബരിമല സീസണിൽ രാജാവിന്റെ പ്രതിനിധി സീരിയൽ വേഷത്തിൽ അയ്യപ്പന്റെ അപ്പൻ ചമഞ്ഞ് ഭക്തരെ പിഴിഞ്ഞ് ആചാര പിരിവ് നടത്തുന്നു.
സന്നിധാനത്ത് തന്ത്രിമാരും പരികർമ്മികളും അയ്യപ്പന്റെ ഭക്തരായി വെള്ളമുണ്ടും ഉടുത്ത് ഷേ വൊക്കെ ചെയ്ത് ഇപ്പോൾ പൂജ ചെയ്യുന്നു. എല്ലാം അയ്യപ്പനി ലുള്ള വിശ്വാസമാണത്രേ. ആചാരം സംരക്ഷിക്കുമെത്രേ. ഒന്നു ചോദിക്കട്ടെ തന്ത്രി പുംഗവൻ മാരെ അയ്യപ്പന്റെ ഇഷ്ട വസ്ത്രമായ കറുപ്പ് നിങ്ങൾ അണിയാത്തതെന്തേ ?എത്ര കോടി രൂപയാണ് (കാണിക്കവഞ്ചിയിൽ വീഴുന്ന പണത്തിന് മാത്രമേ ശബരിമലയിൽ കണക്കുള്ളു ശ്രീകോവിലിൽ ഇടുന്ന പണം മേൽശാന്തിക്കും തന്ത്രിക്കുമാണ് ) സന്നിധാനത്ത് നിന്നും അയ്യപ്പഭക്തൻമാരോട് പ്രത്യേക പണപിരിവ് നടത്തി ചാക്കുകളിലാക്കി കഴുതപ്പുറത്ത് പമ്പയിൽ എത്തിച്ച് പോലീസ് അകമ്പടിയിൽ നിങ്ങളുടെ മഠങ്ങളിലേക്ക് കൊണ്ടു പോകുന്നത്? ഇതിന് നികുതിയുണ്ടോ? കണക്കുണ്ടോ ? നിങ്ങൾക്ക് എല്ലാ ആചാരവും ലംഘിക്കാം നിങ്ങളുടെ മാത്രം ആവശ്യത്തിന് .
അയ്യപ്പന്റെ അവകാശം താഴമണ്ണു കാർ പിടിച്ചടക്കിയിട്ട് നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ കേരളത്തിലെ മൊത്തം തന്ത്രി മാരുടെ തന്ത്രി മഹാസമ്മേളനം വിളിച്ച് കൂട്ടി ശബരിമലയിൽ ഉണ്ടായ ദോഷത്തിന് പരിഹാര പൂജ നടത്തണ്ട .അവിടെ ഉണ്ടായ പ്രധാന ദോഷം നിങ്ങൾ അതിക്രമിച്ച് കടന്ന് ശബരിമല കൈക്കലാക്കി എന്നതാണ് .പരിഹാരം നിങ്ങൾ നടപൂട്ടി താക്കോൽ മലയരയർക്ക് നൽകി തെറ്റ് പറ്റിയെന്നു പറഞ്ഞിറങ്ങി പോകുക.
രാജഭരണം മാറി ജനാധിപത്യ ഭരണത്തിലും മലയരൻമാരെയോ, മറ്റ് ആദിവാസി വിഭാഗങ്ങളേയോ ഒരു ദേവസ്വം ബോർഡിലും ബോർഡ്അംഗം പോലുമാക്കിയിട്ടില്ല. ഒരു ദേവസ്വം ബോർഡ് അമ്പലത്തിലും ഒരു പ്യൂൺ പോസ്റ്റിലും നിയമിച്ചിട്ടില്ല എന്നത് ഇതൊക്കെനിയന്ത്രിക്കുന്ന സവർണ്ണ ഭക്തൻമാർക്ക് നന്നായി അറിയാം എങ്കിലും അവർ അടുപ്പിക്കില്ല.എന്തു കൊണ്ട് കറുപ്പ് ഉടുത്ത് വ്രതമെടുക്കേണ്ട സ്ഥലത്ത് കാവിയും തെറിപ്പാട്ടുമായി വരുന്നവരെ നിങ്ങൾ ഭക്തരായിസംരക്ഷിക്കുന്നു രാജതന്ത്രി കുടുംബക്കാരെ ഒന്ന് കരുതിക്കോളൂ ആദിവാസികൾ അയ്യപ്പനെ മാത്രമല്ല ഭരണഘടനയെയും വിശ്വസിക്കുന്നവരാണ് .നിങ്ങൾ മാറിതരേണ്ടി വരും മാറുമ്പോൾ സന്നിധാനത്ത് താന്ത്രിക ആചാരപ്രകാരം വിജയ് മല്യ പതിനെട്ടാം പടിയിലും അമ്പലത്തിലും പതിച്ചിട്ടുള്ള സ്വർണ്ണപ്പാളികളും കൂടി കൊണ്ടു പൊയ്ക്കൊള്ളണം .
ഞങ്ങടെ പൂജ വേറയാണ് . തേനഭിഷേകം ,ഉണക്കലരി. നാടൻ വാറ്റ് ചാരായം അങ്ങനെ നിങ്ങൾക്ക് ശീലമില്ലാത്ത പലതും ... നിങ്ങൾ അവിടുന്ന് ഇറങ്ങിയിട്ട് വേണം അയ്യനെ കാണാൻ കറുപ്പുടുത്ത് താടീം മുടിയും വളർത്തി എരുമേലി പേട്ടതുള്ളി ഇരുമ്പൂ ന്നിക്കര വഴി ഉടുമ്പാറ വില്ലനെ കണ്ട് കരിമലയിൽ പൂർവികരെ നമിച്ച് മലദൈവങ്ങളോട് ഉറക്കെ സംസാരിച്ച് പമ്പയിൽ ബലിയിട്ട് മല ചവിട്ടും ഭാര്യക്കും സഹോദരിമാർക്കും മല ചവിട്ടി വരാൻ ഇഷ്ടമുണ്ടങ്കിൽ അവരുമുണ്ടാകും . കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട.
അല്ലാതെ തന്നെ നിങ്ങൾ അവിടം മലിനമാക്കിയിരിക്കുന്നു .നിങ്ങളവിടെ. മലയരയർ മാത്രമല്ല മലമ്പണ്ടാരം, ഊരാളി, ഉള്ളാടർ തുടങ്ങിയ ആദിവാസി ഗോത്ര വിഭാഗങ്ങളും അയ്യപ്പനെ ആരാധിച്ചു പോരുന്നു. അയ്യപ്പൻ മാത്രമല്ല മലകളും ഞങ്ങളുടെ ദൈവമാണ് കാടും മലയും പുഴയും പുലിയുമെല്ലാം.' ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് .... ശരണമയ്യപ്പ .... ശരണമയ്യപ്പ ..... ശരണമയ്യപ്പ ......... മല്ലു പി ശേഖർ (മലയരയ ഗോത്രം)