ഇത്തവണത്തെ തെരഞ്ഞെടുപ്പിനായി മലയാളികൾ കത്തിരിക്കുന്നു. കാരണം സൂപ്പർ താരങ്ങളുടെ എൻട്രി തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. സിപിഎമ്മിന് വേണ്ടി മമ്മൂട്ടിയും ബിജെപിക്ക് വേണ്ടി മോഹൻലാലും തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി കളത്തിലിറങ്ങും എന്നാണ് സൂചനകൾ.
അതേസമയം, സുരേഷ് ഗോപി, മഞ്ജു വാര്യർ, റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ളവരും വോട്ട് പിടിക്കാൻ സ്ഥാനാർത്ഥികളാകും എന്നും വാർത്തകളുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കുമെന്നു സുരേഷ് ഗോപി പ്രതികരിച്ചതോടെ ഒരു താരത്തിന്റെ എൻട്രി ഉറപ്പായി എന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ എറണാകുളത്തേക്ക് സിപിഎമ്മിൽ നിന്ന് മമ്മൂട്ടിയെ മത്സരിപ്പിക്കണം എന്ന ആവശ്യമാണ് പാർട്ടി പ്രവർത്തകർക്ക് ഉള്ളത്. അതേസമയം, മമ്മൂട്ടിയ്‌ക്ക് എതിർപ്പ് ഉണ്ടായാൽ റിമ കല്ലിങ്കലിലേക്കും പി രാജീവിലേക്കും പേരുകൾ പോകുമെന്നും സൂചനകൾ ഉണ്ട്.
തിരുവനന്തപുരത്ത് ബിജെപി നോട്ടമിട്ടിരിക്കുന്നത് മോഹൻലാലിനെയാണ്. താരം രാഷ്‌ട്രീയത്തിലേക്ക് ഇല്ല എന്ന് പറഞ്ഞിരുന്നെങ്കിലും മോദിയുടെ വരവോടെ മോഹൻലാലിന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് സിപിഎമ്മിൽ നിന്ന് മഞ്ജു വാര്യരുടെ പേരാണ് ഉയർന്നുവരുന്നത്. സാമൂഹിക സേവനത്തിൽ താരം സജീവമായതുകൊണ്ടുതന്നെ വോട്ട് പിടിക്കാൻ എളുപ്പത്തിൽ കഴിയും എന്ന് പാർട്ടി പ്രവർത്തകർ നിരീക്ഷിക്കുന്നു. എന്നാൽ താരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയാൻ ഇവരുടെ ആരാധകർ എത്രമാത്രം സംതൃപ്‌തരാണെന്ന് കണ്ടറിയേണ്ടിവരും.