മുംബൈ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോറിക്ഷയുമായി പാഞ്ഞെത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇദ്ദേഹം ചെയ്ത നല്ല പ്രവർത്തിയെ അനുമോദിക്കുകയാണ് ആളുകൾ. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിനായിരുന്നു ഓട്ടോ ഡ്രൈവറുടെ സാഹസം.
ഗർഭിണിയയ ഭാര്യയെയുംകൊണ്ട് ഭർത്താവ് ആശുപത്രിയിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ശക്തമായ മഴ കാരണം ട്രെയിൻ ഏറെ നേരം വിരാർ സ്റ്റേഷനിൽ പിടിച്ചിട്ടു. ഈ സമയത്ത് സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഭര്യയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിച്ചില്ല.
ഇതോടെ സ്റ്റേഷന് പുറത്ത് യാത്രക്കാരെ കാത്തിരുന്ന സാഗർ കമാൽക്കർ ഗവാദീനോട് ഭർത്താവ് സഹായം അഭ്യർത്തിക്കുകയയിരുന്നു. സാഗർ ഓട്ടോറിക്ഷയുമായി പ്ലാറ്റ്ഫോമിലൂടെ പാഞ്ഞെത്തി. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ വരുന്നത് കണ്ട് ആളുകൾ പരിഭ്രമിച്ചു പൊലീസും ഓടിയെത്തി എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ സാഗർ സ്ത്രീയെയും ഓട്ടോറിക്ഷയിൽ കയറ്റി നേരെ ആശുപത്രിയിലേക്ക് വീട്ടു
ആശുപത്രിയിലെത്തി അധികം വൈകാതെ തന്നെ സ്ത്രീ പെൺകുഞ്ഞിന് ജൻമം നൽകി. എന്നാൽ വൈകുന്നേരം ആയപ്പോൾ തന്നെ ആർപിഎഫ് സാഗറിനെ അറസ്റ്റ് ചെയ്തു. എന്നാൽ സ്റ്റേഷനിലെത്തിയ സഗറിനെ ആളുകൾ അനുമോദിക്കുകയാണ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സാഗറിനെ താക്കീത് ചെയ്ത ശേഷം ജാമ്യത്തിൽവിട്ടിരിക്കുകയാണ്. നിയമം ലംഘിച്ചതിനാൽ ഇയാൾക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.